ന്യൂഡൽഹി: മുൻ ആം ആദ്മി നേതാവ് ഷാസിയ ഇൽമി ബിജെപിയിൽ അംഗത്വമെടുത്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് ഉപാധ്യായയുടെ സാന്നിദ്ധ്യത്തിൽ വെള്ളിയാഴ്ചയാണ് ഇൽമി ബിജെപിയിൽ ചേർന്നത്. ബിജെപി പ്രസിഡന്റ് അമിത് ഷായുടെ വസതിയിലെത്തി പാർട്ടിയിൽ ചേരാൻ പോകുന്ന കാര്യം ഇൽമി അറിയിച്ചിരുന്നു. മുൻ ഐ.പി.എസ് ഓഫീസറായിരുന്ന കിരൺ ബേദി ബിജെപിയിൽ ചേർന്ന് ഒരു ദിവസത്തിന് ശേഷമാണ് ഇൽമിയും പാർട്ടിയിൽ ചേർന്നത്.

ബിജെപി കുടുംബത്തിൽ ചേരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇന്ത്യയിൽ മാറ്റങ്ങൾ കൊണ്ടുവരാനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഡൽഹി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് അവർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനരീതിയിൽ താൻ വളരെ ആകൃഷ്ടയാണെന്ന് പറഞ്ഞ ഇൽമി പ്രതികൂല രാഷ്ട്രീയത്തിൽ നിന്നും മാറേണ്ടത് ആവശ്യമാണെന്ന് വ്യക്തമാക്കി.