- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇസ്ലാമിൽ ഹിജാബ് ഒരു ചോയിസല്ല; ബാധ്യതയാണ്; ഹിജാബ് ധരിക്കുന്ന സ്ത്രീ ദൈവം കൽപിച്ച കടമ നിറവേറ്റുന്നു'; നിരോധനത്തെ എതിർത്ത് നടി സൈറ വസീം
ന്യൂഡൽഹി: ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി ദംഗൽ താരം സൈറ വസീം . ട്വിറ്ററിൽ കുറിച്ച നീണ്ട പോസ്റ്റിലാണ് സൈറ തന്റെ നിലപാട് വ്യക്തമാക്കിയത്. ഹിജാബ് ഒരു തിരഞ്ഞെടുപ്പാണെന്ന പാരമ്പര്യ സങ്കൽപ്പം തെറ്റായ വിവരമാണെന്ന് നടി കുറിപ്പിൽ വ്യക്തമാക്കി.
ഇസ്ലാമിൽ ഹിജാബ് ഒരു ചോയിസല്ല. ബാധ്യതയാണ്. ഹിജാബ് ഒരു ചോയ്സാണെന്ന വാദം സൗകര്യത്തിന്റെയോ അറിവില്ലായ്മയുടെയോ ഫലമാണ്. ഇസ്ലാമിൽ ഹിജാബ് ഒരു തെരഞ്ഞെടുപ്പല്ല, മറിച്ച് ഒരു കടമയാണ്. ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീ, താൻ സ്നേഹിക്കുകയും ആരാധിക്കുകയും സ്വയം സമർപ്പിക്കുകയും ചെയ്ത ദൈവം തന്നോട് കൽപിച്ച ഒരു കടമ നിറവേറ്റുന്നുവെന്നും സൈറ വസീം വ്യക്തമാക്കി.
നന്ദിയോടെയും വിനയത്തോടും കൂടി ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീയെന്ന നിലയിൽ, മതപരമായ പ്രതിബദ്ധത നിറവേറ്റുന്നതിൽ നിന്ന് സ്ത്രീകളെ തടയുകയും ഉപദ്രവിക്കുകയും ചെയ്യുന്ന വ്യവസ്ഥിതിയെ എതിർക്കുന്നതായും അവർ ട്വീറ്റിൽ വ്യക്തമാക്കി. മുസ്ലിം സ്ത്രീകൾക്കെതിരായ ഈ അനീതി ശരിയല്ല. മുസ്ലിം സ്ത്രീകൾക്ക് വിദ്യാഭ്യാസം വേണോ ഹിജാബ് വേണോ എന്നത് ഭരണകൂടം തീരുമാനിക്കുന്ന അവസ്ഥ അനീതിയാണെന്നും സൈറ പറഞ്ഞു.
മുസ്ലിം സ്ത്രീകൾക്കെതിരായ ഈ പക്ഷപാതം തികഞ്ഞ അനീതിയാണ്. വിദ്യാഭ്യാസവും ഹിജാബും തമ്മിലൊന്ന് തെരഞ്ഞെടുക്കണമെന്ന തരത്തിൽ വ്യവസ്ഥ ചിട്ടപ്പെടുത്തുന്നത് ശരിയല്ല. നിങ്ങളുടെ അജണ്ടയെ പോഷിപ്പിക്കുന്ന ഒരു തീരുമാനമെടുക്കാൻ നിങ്ങൾ അവരെ നിർബന്ധിക്കാൻ ശ്രമിക്കുകയാണ്. അങ്ങനെ നിങ്ങൾ നിർമ്മിച്ച ഒന്നിൽ അവർ തടവിലായിക്കഴിയുമ്പോൾ അവരെ വിമർശിക്കുകയും ചെയ്യുന്നു.
വേറിട്ട പാത തെരഞ്ഞെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കാൻ മറ്റൊരു മാർഗ്ഗവുമില്ല. ഇതിനെ അനുകൂലിക്കുന്ന ആളുകളോടുള്ള പക്ഷപാതമല്ലാതെ എന്താണ് ഇത് ഇതിനെല്ലാം ഉപരിയായി ശാക്തീകരണത്തിന്റെ പേരിലാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ഒരു മുഖംമൂടി കെട്ടിപ്പടുക്കുന്നത്,അതിലും മോശമാണ്. ദുഃഖം', സൈറ കുറിച്ചു.
കർണാടകയിലെ ഹിജാബ് വിവാദത്തിൽ ബോളിവുഡിൽ നിന്ന് നേരത്തെയും അഭിപ്രായമുയർന്നിരുന്നു. ഗാനരചയിതാവ് ജാവേദ് അക്തർ, നടി സോനം കപൂർ എന്നിവർ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ഹിജാബ് വിവാദത്തിൽ കഴിഞ്ഞ ദിവസമാണ് കർണാടക സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
ഹിജാബ് മുസ്ലിം വിശ്വാസത്തിന്റെ അനിവാര്യമായ മതപരമായ ആചാരമല്ലെന്നും അത് തടയുന്നത് മതസ്വാതന്ത്ര്യത്തിൽ ഭരണഘടനാ ഉറപ്പ് ലംഘിക്കുന്നില്ലെന്നുമാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള വിവിധ ഹർജികളിൽ ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജെ എം ഖാസി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്.