മുംബൈ: നിരോധിത ലഹരിമരുന്ന് കൈവശം സൂക്ഷിച്ചതിന് മുൻ ബിഗ്‌ബോസ് മത്സരാർത്ഥിയും ബോളിവുഡ് നടനുമായ അജാല് ഖാൻ അറസ്റ്റിലായി. നവി മുംബൈ പൊലീസിന്റെ ലഹരിവിരുദ്ധ വിഭാഗമാണ് അജാസിനെ തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.

ബേലാപൂരിലെ ഹോട്ടൽ മുറിയിൽനിന്ന് അറസ്റ്റിലാകുമ്പോൾ ഇയാളുടെ കൈവശം എട്ട് എക്സ്റ്റാസി ടാബ്ലറ്റുകൾ ഉണ്ടായിരുന്നെന്നു പൊലീസ് അറിയിച്ചു. പാർട്ടി ഡ്രഗായി ഉപയോഗിക്കുന്ന നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് എക്സ്റ്റാസി.

ഇത് ആദ്യമായല്ല മുൻ ബിഗ് ബോസ് മത്സരാർഥി കൂടിയായ അജാസ് പൊലീസിന്റെ പിടിയിലാകുന്നത്. രണ്ടു വർഷം മുമ്പ് സ്ത്രീക്ക് നഗ്‌ന ചിത്രങ്ങൾ അയച്ച കേസിലും ഇയാൾ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യം നേടി രക്ഷപ്പെടുകയായിരുന്നു. ഇന്ന് ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസുകാർ അറിയിച്ചു.