ഇടുക്കി: ലോ അക്കാദമി വിഷയത്തിലും യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര പൊലീസിങ് വിഷയത്തിലും നിരന്തരമായി സർക്കാറും പാർട്ടിയും പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തിൽ ഡിവൈഎഫ്ഐ. മുൻ സംസ്ഥാന സെക്രട്ടറി ശശിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ ലോ അക്കാഡമിയുൾപ്പടെയുള്ള വിഷയങ്ങളിൽ സിപിഐ(എം). നിലപാടുകൾക്കെതിരേ പ്രതിഷേധം അലയടിക്കുന്നതിനു പിന്നാലെയാണ് അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്. സിപിഐ(എം). സംസ്ഥാന കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ശശിധരനെ 2007-ലാണ് പാർട്ടിയിൽ നിന്നു തരംതാഴ്‌ത്തിയത്. വിഭാഗീയതയുടെ പേരിലായിരുന്നു തരംതാഴ്‌ത്തൽ. നിലവിൽ പാർട്ടി മാള ഏരിയാകമ്മറിയംഗമാണ്.

പ്രാസംഗികനായ ശശിധരൻ ഡിവൈഎഫ്ഐയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ചിരുന്നു. എന്നാൽ തന്റെ പ്രസംഗങ്ങൾക്ക് പോലും വിലക്കുവരുന്നു എന്ന സൂചനയും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ നൽകുന്നുണ്ട്. പാർട്ടി തെറ്റു തിരുത്തലിനു തയാറാകണമെന്ന് അഭിപ്രായപ്പെടുന്ന പോസ്റ്ററുകളും സജീവമാണ്.

സിപിഎമ്മിനെതിരേയുള്ള ശശിധരന്റെ പോസ്റ്റ് വലിയ തോതിലാണ് ഷെയർ ചെയ്യപ്പെടുന്നത്. ശശിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

'വർത്തമാനകാല സാമൂഹിക രാഷ്ട്രീയ സാഹചര്യം വലിയ വാചാലതയേക്കാൾ ചെറിയ മൗനമാണു നല്ലെതന്ന് എന്റെ മനസ് പറയാൻ തുടങ്ങിയിരിക്കുന്നു. 12-ാമത്തെ വയസിൽ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായി ആരംഭിച്ച് നാലു പതിറ്റാണ്ടുകൾക്കു ശേഷം തിരിഞ്ഞ് നോക്കുമ്പോൾ വിപ്ലവ രാഷ്ട്രീയം ഏറ്റവും ശരിയാണെന്ന് ഊന്നി പറയാൻ എനിക്ക് മടിയില്ല. മാർക്സിസ്റ്റ് ദാർശനികത ചൂഷണമുള്ള കാലത്തോളം നവോഢയായി തുടരുക തന്നെ ചെയ്യും. എന്നാൽ വ്യക്തിപരമായി ഞാൻ ഇത്രയും വലിയ മഹാപ്രസ്ഥാനത്തിനു പറ്റിയാൾ തന്നെയാണോ എന്ന് എനിക്ക് തന്നെ സംശയം തോന്നി തുടങ്ങിയിരിക്കുന്നു. കോളജ് രാഷ്ട്രീയ കാലം മുതൽ പ്രസംഗം ആരംഭിച്ചതാണ്. ആയിരക്കണക്കിന് ചെറുതും, വലുതുമായ പൊതുയോഗങ്ങളിൽ പ്രസംഗിക്കാൻ എന്റെ പ്രസ്ഥാനം എന്നെ അനുവദിക്കുകയും ചെയ്തു.
അവിടെയും, ഇവിടെയുമായി വിലക്ക്, തടസം, പ്രതിരോധം എന്നിവ ഉണ്ടായിരുന്നെങ്കിലും ഇപ്പോളും പ്രഭാഷണങ്ങൾ തുടർന്നു കൊണ്ടേരിക്കുന്നു. പക്ഷേ താൽകാലികമായിട്ട് എങ്കിലും വർത്തമാനകാല രാഷ്ട്രീയ പ്രസംഗത്തിൽനിന്നു പിന്മാറേണ്ടത് അത്യാവശ്യമാെണന്ന് എനിക്ക് തോന്നി തുടങ്ങിയിരിക്കുന്നു...'.

അതേസമയം ശശിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് അന്വേഷണങ്ങളുമായി നിരവധി കമന്റുകളും വന്നിട്ടുണ്ട്. 'കുറച്ചുകാലമായി പ്രസ്ഥാനത്തിന് സംഭവിക്കുന്നതെല്ലാം വളരെവേദനയോടെ നോക്കിക്കാണുന്ന ഞങ്ങൾക്ക് എരിയുന്ന തീപോലെ പ്രത്യാശയുടെ കനലാണെ സഖാവേ നിങ്ങൾ. പോരാട്ടം തുടരുക. വിപ്ലവാഭിവാദ്യങ്ങൾ.' എന്നാണ് കമന്റുകളിലൊന്ന്.

സിപിഎമ്മിന്റെ നിലപാടുകൾക്കു നേരെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രതിഷേധങ്ങൾ അലയടിക്കുന്നതിനിടെയാണ് പ്രമുഖർ തന്നെ അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ലോ അക്കാഡമി വിഷയത്തിൽ സിപിഎമ്മിനെതിരേ ട്രോളുകൾ പെരുകുകയാണ്. മുൻപ് ഇത്തരം ആരോപണം ഉണ്ടായപ്പോൾ ഇതിനെ ചെറുക്കാൻ സിപിഐ(എം). നവമാദ്ധ്യമ കൂട്ടായ്മ ഉണ്ടാക്കിയിരുന്നു.