കംപാല: കൃഷിയും സൗന്ദര്യവും തമ്മിൽ ഒരു കാറ്റ് വാക്കിന്റെയത്രയും അകലമേയുള്ളൂവെന്ന് തെളിയിച്ചിരിക്കുകയാണ് ലീയാ കലാങ്കുക. മിക്ക രാജ്യങ്ങളും ശരീരത്തിന്റെ അഴകളവുകൾ സൗന്ദര്യമത്സരത്തിന് അടിസ്ഥാനമായി സ്വീകരിക്കുമ്പോൾ ഇവിടെ ഉഗാണ്ടയിൽ കൃഷിയിലെ പ്രാഗത്ഭ്യമാണ് സംഘാടകർ സൗന്ദര്യത്തിന്റെ അളവുകോലായി സ്വീകരിച്ചിരിക്കുന്നത്.

കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൗന്ദര്യമത്സരത്തിൽ ഇത്തവണ കിരീടം ചൂടിയത് മുൻ കർഷകയും പൗൾട്രി ഫാം ഉടമയുമായ ലിയാ കലാങ്കുകയാണ്. മത്സരത്തിൽ കൃഷി സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടതിനു പുറമേ, പശുവിനെ കറക്കുക, ആടുകൾ, ചെമ്മരിയാട് എന്നിവയെ മെയ്‌ക്കുകയും ചെയ്യേണ്ട ടാസ്‌കുകൾ മത്സരാർഥികൾ നേരിടണം.

പരമ്പരാഗതമായ സൗന്ദര്യമത്സരത്തിന് മാറ്റം വേണമെന്ന സംഘാടകർ ചിന്തിച്ചതോടെയാണ് വ്യത്യസ്തമായ രീതിയിലുള്ള സൗന്ദര്യമത്സരം പിറവി കൊണ്ടത്. കൃഷിക്ക് പ്രാധാന്യം നൽകിക്കൊണ്ട് സൗന്ദര്യമത്സരം നടത്താൻ ഉഗാണ്ടൻ ആർമിയുടെ സഹായമാണ് സംഘടകർക്ക് ലഭിച്ചത്. നിലവിൽ പ്രായമുള്ള സ്ത്രീകൾ മാത്രമാണ് കൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്നത്. എന്നാൽ യുവത്വം ഇനി കൃഷിയെ സ്‌നേഹിക്കാൻ തുടങ്ങും. ഇത് സൗന്ദര്യവുമായി ഏറെ ബന്ധപ്പെട്ടിട്ടുള്ളതാണെന്നും ഇരുപത്തിമൂന്നുകാരിയായ കലാങ്കുക വ്യക്തമാക്കി. തന്റെ രാജ്യത്തിന്റെ നട്ടെല്ലു തന്നെ കൃഷിയാണെന്നും അതിന് പ്രോത്സാഹനം നൽകാൻ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ഈ കർഷക സുന്ദരി വ്യക്തമാക്കുന്നു.