- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ട് ഫയലുകൾക്ക് അനുമതി നൽകാൻ വാഗ്ദാനം 300 കോടി; കരാറുകൾ റദ്ദാക്കി; പ്രധാനമന്ത്രി പിന്തുണച്ചു; അഴിമതിയോടു വിട്ടുവീഴ്ച വേണ്ടെന്നായിരുന്നു മോദിയുടെ മറുപടി; ജമ്മു കശ്മീരിലെ അനുഭവം വിവരിച്ച് മുൻ ഗവർണർ സത്യപാൽ മാലിക്
ന്യൂഡൽഹി: അംബാനിയുമായും ആർഎസ്എസ് ബന്ധമുള്ള ഒരു വ്യക്തിയുമായും ബന്ധപ്പെട്ട രണ്ട് ഫയലുകളിൽ അനുകൂല തീരുമാനമെടുക്കുന്നതിന് മുന്നൂറ് കോടി രൂപ വാഗ്ദാനം ചെയ്യപ്പെട്ടതായി മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ.
എന്നാൽ താൻ കരാറുകൾ റദ്ദാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയോടു യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും നിലവിൽ മേഘാലയ ഗവർണറായ സത്യപാൽ മാലിക് പറഞ്ഞു. രാജസ്ഥാനിലെ ജൂൻജുനുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മാലിക് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.
'കശ്മീരിൽ എത്തിയ ശേഷം രണ്ട് ഫയലുകൾ അനുമതിക്കായി മുന്നിൽ വന്നിരുന്നു. ഒന്ന് അംബാനിയുമായും മറ്റൊന്ന് ആർഎസ്എസ് ബന്ധമുള്ള വ്യക്തിയുടെയും ആയിരുന്നു. മെഹബൂബ മുഫ്തി സർക്കാരിൽ മന്ത്രിയായിരുന്ന ഇദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ അടുപ്പമുണ്ടെന്നാണു പറഞ്ഞിരുന്നത്. ഈ രണ്ടു കരാറുകളുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നിലനിൽക്കുന്നുണ്ടെന്ന് അതത് സെക്രട്ടേറിയറ്റുകളിൽനിന്ന് അറിയിപ്പ് ലഭിച്ചു. ഫയലുകൾക്ക് അനുമതി നൽകിയാൽ 150 കോടി രൂപ വച്ച് പ്രതിഫലം ലഭിക്കുമെന്നും സെക്രട്ടറിമാർ അറിയിച്ചു.
എന്നാൽ വെറും അഞ്ച് കുർത്തയും പൈജാമയുമാണ് താൻ കശ്മീരിലേക്കു വന്നതെന്നും പോകുമ്പോഴും അതു മാത്രമേ കൈയിൽ കാണുകയുള്ളുവെന്നും അവരോടു പറഞ്ഞു.'- രാജസ്ഥാനിലെ ഒരു പരിപാടിയിൽ പങ്കെടുക്കവേ സത്യപാൽ മാലിക് പറഞ്ഞു. പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
ഈ അഴിമതി നീക്കങ്ങൾ സംബന്ധിച്ച് താൻ പ്രധാനമന്ത്രി മോദിയെ കണ്ട് വിശദീകരിച്ചതായും മാലിക് പറഞ്ഞു. അഴിമതിക്കായി പ്രധാനമന്ത്രിയുടെ പേര് ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഗവർണർ സ്ഥാനം രാജിവെക്കാൻ താൻ തയ്യാറാണെന്നും സ്ഥാനത്ത് തുടരുകയാണെങ്കിൽ ഈ ഫയലുകൾക്ക് അനുമതി നൽകില്ലെന്നും പ്രധാനമന്ത്രിയോട് തുറന്ന് പറഞ്ഞു. തന്റെ നിലപാടിനെ മോദി പ്രകീർത്തിക്കുകയും അഴിമതിയോട് ഒരുവിധത്തിലുള്ള വിട്ടുവീഴ്ചയും നടത്തേണ്ടതില്ലെന്ന് നിർദേശിക്കുകയും ചെയ്തെന്നും മാലിക് വ്യക്തമാക്കി.
കശ്മീരാണു രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സ്ഥലമെന്നും മുൻഗവർണർ പറഞ്ഞു. മറ്റിടങ്ങളിൽ 4-5 ശതമാനം കമ്മിഷനാണ് ആവശ്യപ്പെടുന്നത്. കശ്മീരിൽ 15 ശതമാനമാണ് കമ്മിഷൻ. തന്റെ ഭരണകാലത്ത് ഇത് അനുവദിച്ചിരുന്നില്ലെന്നും സത്യപാൽ മാലിക് വ്യക്തമാക്കി.
അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പിന്റെ സർക്കാർ ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട ഫയലാണ് മാലിക് പരാമർശിച്ചത്. സർക്കാരുമായി ചേർന്നുള്ള ഈ പദ്ധതിയിൽ ചില അഴിമതികൾ ഉണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ഈ പദ്ധതി റദ്ദാക്കിയിരുന്നു. തുടർന്ന് ഈ കരാർ സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരേ നടക്കുന്ന കർഷക പ്രക്ഷോഭത്തെ താൻ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. കർഷക സമരം തുടരുകയാണെങ്കിൽ ഗവർണർ സ്ഥാനം രാജിവെക്കാനും കർഷകർക്കൊപ്പം നിലകൊള്ളാനും താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ മേഘാലയയിലെ ഗവർണറാണ് സത്യപാൽ മാലിക്.