കൊച്ചി : അൽഫോൻസ് കണ്ണന്താനത്തിന്റെ നിയമനം വിവാദത്തെത്തുടർന്നു മരവിപ്പിച്ചതിനു പിന്നാലെ ലക്ഷദ്വീപ് ഭരിക്കാൻ പാർട്ടിയുടെ വിശ്വസ്തനായ നേതാവിനെ നിയമിച്ചു ബിജെപി പുലിവാലു പിടിക്കുന്നു. അഞ്ചു ഗ്രാമീണരെ ജീവനോടെ ചുട്ടുകൊന്ന പാത്രിബാൽ വ്യാജ ഏറ്റുമുട്ടൽ കേസിൽ ആരോപണവിധേയനായ ഫാറൂഖ് ഖാനെയാണ് ബിജെപി ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററായി നിയമനം നൽകിയത്. ജമ്മു കാശ്മീരിലെ ഷെരെ കാശ്മീർ പൊലീസ് അക്കാദമിയിൽ ചുമതലക്കാരനായ ഫാറൂഖ് നിരവധി വ്യാജ ഏറ്റുമുട്ടലുകൾ സൃഷ്ടിച്ച് ബിജെപി നേതാക്കളുടെ പ്രീതീ സമ്പാദിച്ചിട്ടുള്ള ആളാണ്. ഇതാദ്യമായാണ് ഒരു പൊലീസ് ഓഫീസറെ അഡ്‌മിനിസ്ട്രേറ്ററായി നിയമിക്കുന്നത്.

മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ബിജെപി ഫാറൂഖ് ഖാനും നിയമനം നൽകിയിട്ടുള്ളത്. സാധാരണയായി ഐ എ എസ് പദവിയുള്ളവരെയാണ് അഡ്‌മിനിസ്ട്രേറ്റർ പദവിയിൽ നിയമിക്കുന്നത്.എന്നാൽ സർവീസിൽനിന്നും വിരമിച്ച പൊലീസ് ഓഫീസറാണ് ഫാറൂഖ് ഖാൻ. പാർട്ടിയുടെ മുൻ ജമ്മുകാശ്മീർ വക്താവുകൂടിയായ ഫാറൂഖിന് നിയമം കാറ്റിൽപറത്തിയാണ് ബിജെപി അധികാരം കൊടുത്തത്. നിലവിൽ നാഗാലാന്റ് അടക്കമുള്ള വടക്കുകിഴക്കൻ മേഖലയിലെ സെക്രട്ടറി, ന്യൂനപക്ഷ മോർച്ച എന്നിവയുടെ ചുമതലയും ഉണ്ട്. 2013 മാർച്ചിലാണ് ഫാറൂഖ് ഖാൻ സർവീസിൽനിന്നും വിരമിച്ചത്.

ഡൽഹിയിലെ പുലിയായി സ്വയം പ്രഖ്യാപിച്ച അൽഫോൻസ് കണ്ണന്താനം ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായെത്തിയതും അധികാരം ലക്ഷ്യമിട്ടായിരുന്നു. നിയമനം വൈകിയപ്പോൾ പരസ്യമായി ബിജെപി നേതൃത്വത്തിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. എന്നാൽ നിയമന ഉത്തരവ് പ്രഖ്യാപിച്ച് അടുത്ത നിമിഷം വിവാദത്തെത്തുടർന്നു പദവി തിരിച്ചെടുക്കുകയും ചെയ്തത് കണ്ണന്താനത്തെ സംബന്ധിച്ച് വൻതിരിച്ചടിയായിരുന്നു. ഒപ്പം ബിജെപി നേതൃത്വത്തിനും.

എന്നാൽ കണ്ണന്താനത്തെയും മറികടന്നാണ് ഇപ്പോൾ ബിജെപി ഫാറൂഖിനെ നിയമിച്ചിട്ടുള്ളത്. ഇത്തരത്തിൽ നിയമനം നടത്താൻ തങ്ങൾക്ക് അധികാരമുണ്ടെന്നാണ് ബിജെപി പറയുന്നത്. എന്നാൽ ഈ നിലപാട് കണ്ണന്താനത്തിന്റെ കാര്യത്തിൽ എടുക്കാതിരുന്നതും വിവാദത്തിലേക്ക് നീങ്ങുകയാണ്. ദ്വീപിൽ ബിജെപിയുടെ വേരുറപ്പിക്കാൻ നേതൃത്വം നടത്തുന്ന തന്ത്രങ്ങളുടെ ഭാഗമാണ് ഫാറൂഖിന്റെ അനധികൃത നിയമനമെന്ന് കോൺഗ്രസും ജനതാദളും ആരോപിക്കുന്നു. ഉദ്യോഗസ്ഥരെ ഭരണതലത്തിൽനിന്നും ഒഴിവാക്കി രാഷ്ട്രീയക്കാരെ നിയമിക്കുന്നത് ദ്വീപിന്റെ നിലവിലുള്ള സമാധാനാന്തരീക്ഷം തകർക്കുമെന്നും ദ്വീപുകാർ പറയുന്നു.

ദ്വീപിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്ന നിഷ്പക്ഷമതിയായ ഉദ്യോഗസ്ഥൻ വിജയകുമാറിനെ അടിയന്തരമായി ഡൽഹിയിൽ നിയമിച്ചാണ് ഫാറൂഖിന് ലക്ഷദ്വീപിന്റെ ഭരണം നടത്താൻ അനുമതി നൽകിയത്. കേരളത്തിൽ അക്കൗണ്ട് തുറക്കുകയെന്ന ബിജെപി ദൗത്യം വിജയം കണ്ടശേഷം ലക്ഷദ്വീപിലും പാർട്ടിയെ വളർത്താനുള്ള നേതൃത്വത്തിന്റെ ദൗത്യം ഏറ്റെടുത്താണ് ഫാറൂഖ് ദ്വീപിലെത്തുന്നത്.