കൊച്ചി: സോളാർ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ് നായരെ കാണാൻ അട്ടക്കുളങ്ങര ജയിലിൽ തോക്കടക്കമുള്ള ആയുധങ്ങളുമായി ഒരു സംഘം എത്തിയിരുന്നുവെന്ന് മുൻ ജയിൽ ഡിജിപി അലക്‌സാണ്ടർ ജേക്കബ്. സരിതയെ കാണണം എന്നാവശ്യപ്പെട്ട ആ സംഘം പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞിട്ടാണ് വന്നതെന്നും അറിയിച്ചതായി ഡിജിപി സോളാർ കമ്മീഷന് മൊഴി നൽകി. തോക്ക് കണ്ടതിനെ തുടർന്ന് കൺട്രോൾ റൂമിൽ അറിയിച്ചെങ്കിലും ഈ സംഘം രക്ഷപ്പെട്ടതായും 2013 ജൂലൈ 2013 നാണ് സംഭവമെന്നും മുൻ ഡിജിപി മൊഴി നൽകി.

തന്റെ പ്രത്യേക നിർദ്ദേശം ഉണ്ടായിട്ടും ജയിൽ ചട്ടം അട്ടിമറിച്ച് ഒരാൾ സരിതയെ കണ്ടുവെന്ന നിർണ്ണായക മൊഴിയും മുൻ ഡിജിപി നൽകി. ഇത് വലിയ സുരക്ഷാ വീഴ്ചയാണ്. ആരാണ് വന്നതെന്ന് കണ്ടെത്താനയതുമില്ല. സർക്കാർ സർവ്വീസിൽ പ്രവർത്തിക്കുമ്പോൾ പൂർണ്ണമായും നിഷ്പക്ഷനായി പ്രവർത്തിക്കാൻ ഒട്ടേറെ പരിമിതികളുണ്ട്. ഇതിനെ അതിജീവിക്കാൻ ഒരു ജേക്കബ് തോമസിന് കഴിഞ്ഞേക്കാം. എന്നാൽ എല്ലാവർക്കും അതിന് കഴിയില്ലെന്നും അലക്‌സാണ്ടർ ജേക്കബ് സോളാർ കമ്മീഷനിൽ വ്യക്തമാക്കി. സോളാർ കേസിലെ ചട്ടലംഘനം എന്തുകൊണ്ടുണ്ടായെന്ന സൂചനയുമായാണ് മുൻ ജയിൽ ഡിജിപി ഈ സൂചന നൽകിയത്.

സരിതയെ അട്ടക്കുളങ്ങര ജയിലിൽ എത്തിച്ച ദിവസം കാണുന്നതിനായി രാഷ്ട്രീയക്കാരടക്കം 150 പേരുടെ അപേക്ഷയാണ് ലഭിച്ചതെന്നും സോളാർ കമ്മീഷന് മുന്നിൽ സാക്ഷിവിസ്താരത്തിനിടെ അലക്‌സാണ്ടർ ജേക്കബ് പറഞ്ഞു. ജയിലിലെത്തിച്ചപ്പോൾ ലണ്ടനിൽ നിന്നടക്കം ജയിലിലേക്ക് ഫോൺ കോളുകൾ വന്നു. പത്തനംതിട്ട ജയിലിൽ വച്ച് ചില രേഖകൾ പിടിച്ചെടുത്തതാണ് സരിത എസ് നായരുടെ ജയിൽ മാറ്റത്തിന് കാരണമായത്. അന്നത്തെ എഡിജിപി, ടി പി സെൻകുമാറിന്റെ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സരിതയെ പത്തനംതിട്ട ജയിലിൽ നിന്നും അട്ടക്കുളങ്ങരയിലേക്ക് മാറ്റിയത് എന്ന് ജേക്കബ് മൊഴി നൽകി.

സരിതയുടെ കൈയിൽ നിന്നും പിടിച്ചെടുത്തത് 42 പുറങ്ങളിൽ ആയി എഴുതിയ കത്തായിരുന്നു. ആത്മകഥയാണെന്നാണ് സരിത ഇതിനെ കുറിച്ച് പറഞ്ഞത്. ഫെനി ബാലകൃഷ്ണൻ ജയിലിൽ വച്ച് സരിതയുടെ കുറിപ്പുകൾ കൈപ്പറ്റിയിരുന്നു. ഫെനി ബാലകൃഷ്ണൻ ഈ കത്ത് കോടതിയിൽ ഹാജരാക്കാത്തത് അത്ഭുതപ്പെടുത്തി എന്നും മൊഴിയിൽ പറയുന്നു. പത്തനംതിട്ട ജയിലിൽ അവർ സുരക്ഷിതയല്ലെന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു. ജയിലിലെ നിയമങ്ങൾ അവർ ലംഘിച്ചു. കോടതിയിൽ ഹാജരാക്കിയശേഷം ജയിലിൽ തിരിച്ചെത്തിച്ചപ്പോൾ അവരുടെ കൈവശം നിരവധി പേജുകളുള്ള കത്ത് ഉണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ

ഇരുപുറവും എഴുതിയ നിലയിലായിരുന്നു ഫെനി ബാലകൃഷ്ണന് സരിത എഴുതിയ കത്ത്. തടവുകാരി അഭിഭാഷകനെഴുതിയ കുറിപ്പെന്ന നിലയിലാണ് ജയിൽ ചട്ടപ്രകാരം കത്ത് കൈമാറിയതെന്നും സോളാർ കമ്മീഷനിൽ അലക്‌സാണ്ടർ ജേക്കബ്ബ് മൊഴി നൽകി. കർശനമായ സുരക്ഷ നിയമങ്ങൾ പാലിച്ചാണ് അട്ടക്കുളങ്ങര ജയലിലിൽ സരിതയെ പാർപ്പിച്ചിരുന്നത്. അമ്മയെയും അഭിഭാഷകനെയും മാത്രമാണ് കാണാൻ അനുവദിച്ചിരുന്നത്. ഇത് ലംഘിച്ച് ഒരാൾ സരിത കത്തെഴുതിയതിന്റെ തലേന്ന് ജയിൽ എത്തി സന്ദർശിച്ചിരുന്നുവെന്ന് സൂപ്രണ്ട് പറഞ്ഞിരുന്നുവെന്നും മുൻ ജയിൽ ഡി.ജി.പി മൊഴിയിൽ പറയുന്നു.

അതേസമയം സരിതയുടെ കത്തിൽ 13 വിഐപികളുടെയും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും പേരുണ്ടായിരുന്നുവെന്നും അലക്‌സാണ്ടർ ജേക്കബ് പിന്നീട് പറഞ്ഞു. പേരുകൾ വെളിപ്പെടുത്താനാകില്ലെന്നും എന്നാൽ മുഖ്യമന്ത്രിയുടെ പേര് ഇല്ലെന്നും കമ്മിഷനിൽ കക്ഷിയായ ഇന്ത്യൻ ലോയേഴ്‌സ് യൂണിയൻ അഭിഭാഷകന്റെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

ആരുടെയും പേര് പറയില്ലെന്നു പറഞ്ഞയാൾ മുഖ്യമന്ത്രിയുടെ പേര് ഇല്ലെന്നു മാത്രം പറഞ്ഞതു സംശയകരമാണെന്നു ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ ചൂണ്ടിക്കാട്ടി. ഈ വിഷയത്തെച്ചൊല്ലി സർക്കാർ അഭിഭാഷകൻ റോഷൻ ഡി. അലക്‌സാണ്ടർ ഒരു ഭാഗത്തും കമ്മിഷനും ഇന്ത്യൻ ലോയേഴ്‌സ് യൂണിയൻ അഭിഭാഷകനും മറുഭാഗത്തും നിന്ന് ഏറെ നേരം വാക്കു തർക്കമുണ്ടായി.

കത്തിലെ ഉള്ളടക്കം തന്നോടു പറഞ്ഞ ജയിൽ ഉദ്യോഗസ്ഥൻ ഇക്കാര്യം സാക്ഷ്യപ്പെടുത്താൻ തയാറല്ലാത്തതിനാലാണു പേരുകൾ പറയാത്തതെന്നു ഡോ. അലക്‌സാണ്ടർ ജേക്കബ് വിശദീകരിച്ചു. താൻ കത്ത് നേരിട്ടു വായിച്ചിട്ടില്ലാത്തതിനാൽ ഇതിൽ കൂടുതൽ വെളിപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.