തിരുവനന്തപുരം: തൃശൂരിൽ ടി.കെ.ചാത്തുണ്ണിയുടെ നേതൃത്വത്തിൽ ത്രിദിന ഫുട്ബോൾ ക്യാമ്പ് നടക്കുന്ന സമയം. നാളെയുടെ പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ക്യാമ്പിൽ ഏവരെയും വിസ്മയിപ്പിച്ച് ഒരു പന്ത്രണ്ടു വയസ്സുകാരൻ അസാമാന്യ പന്തടക്കത്തോടെയും അറ്റാക്കിങ്ങ് രീതിയോടെയും ചാത്തുണ്ണി മാസ്റ്ററെയും മറ്റു ക്യാമ്പംഗങ്ങളെയും തന്റെ കാലിലെടുക്കുന്നു. പിന്നീട് കേരളം കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കറുടെ ഉദയമായിരുന്നു അത്...സി.എ. ലിസ്റ്റൺ.

കേരള പൊലീസ് ഫുട്ബോൾ ടീമിന്റെ സുവർണകാലത്തെ പ്രധാന താരങ്ങളിൽ ഒരാളെയാണ് ലിസ്റ്റന്റെ അകാലവിയോഗത്തിലുടെ കേരളകായിക ലോകത്തിന് നഷ്ടമാകുന്നത്.54 ാം വയസ്സിലാണ് ജീവിത്തിന്റെ മൈതാനത്ത് നിന്നും ലിസ്റ്റൺ ബൂട്ടഴിക്കുന്നത്.തൃശൂർ അളഗപ്പ നഗർ സ്വദേശിയായ ലിസ്റ്റൻ കേരള പൊലീസിൽ അസിസ്റ്റന്റ് കമാൻഡന്റായിരുന്നു.
തൃശൂരിലായിരുന്നു അന്ത്യം.ലിസ്റ്റന്റെ ഗോളിലാണ് കേരള പൊലീസ് കണ്ണൂർ ഫെഡറേഷൻ കപ്പിൽ ജേതാക്കളായത്. ജൂനിയർ ഇന്ത്യൻ ടീമിനുവേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.

ഫുട്ബോൾ താരമായിരുന്ന അച്ഛൻ സി.ഡി. ആന്റണിയുടെ ചുവടുപിടിച്ചാണ് ലിസ്റ്റനും ഫുട്ബോൾ കളിച്ചു തുടങ്ങിയത്. കളിയുടെ ആദ്യപാഠങ്ങൾ പഠിപ്പിച്ചുതും അച്ഛനിൽ നിന്നു തന്നെ. എന്നാൽ, ലിസ്റ്റനിലെ യഥാർഥ പ്രതിഭ പുറത്തുവരുന്നത്. പന്ത്രണ്ടാം വയസ്സിൽ തൃശൂരിൽ ടി.കെ.ചാത്തുണ്ണിയുടെ നേതൃത്വത്തിൽ ക്യാമ്പോടുകൂടിയാണ്.ഇ ക്യാമ്പിലാണ് ഐ.എം. വിജയനും ശ്രദ്ധേയനാകുന്നത്.

ഈ ക്യാമ്പിന്റെ മികവിലാണ് ലിസ്റ്റൻ തൃശൂർ ജില്ലാ ജൂനിയർ ടീമിൽ ഇടം നേടുന്നത്. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ തൃശൂരിനുവേണ്ടി ബൂട്ടണിയുകയും ചെയ്തു. പിന്നീട് കേരള വർമ ടീമിൽ ചേർന്നു. ഇവിടുത്തെ കളി മികവിന്റെ ബലത്തിലാണ് 1985ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിൽ അംഗമാകുന്നത്. പിന്നീട് മൂന്ന് വർഷം അശുതോഷ് മുഖർജി ട്രോഫി കൈയടക്കിയ കാലിക്കറ്റ് ടീമിന്റെ മുൻനിര സ്ട്രൈക്കറായിരുന്നു ലിസ്റ്റൻ. അങ്ങനെ ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിലും ഇടം നേടി.

1988ലാണ് ആദ്യമായി കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിൽ അംഗമാകുന്നത്. ലിസ്റ്റന്റെ കൂടി സ്‌ട്രൈക്കിങ് മികവിലാണ് അന്ന് കേരള ഫൈനലിൽ പ്രവേശിച്ചത്. അക്കൊല്ലം കലാശപ്പോരിൽ കരുത്തരായ ബംഗാളിനോടാണ് കേരളം തോറ്റത്. പിന്നീട് ഗോവ സന്തോഷ് ട്രോഫി ടീമിലും ലിസ്റ്റൻ കേരളത്തിനുവേണ്ടി കളിച്ചു. അക്കാലത്ത് ഇന്ത്യൻ അണ്ടർ 22 ടീമിൽ ഇടം നേടിയ ലിസ്റ്റൻ മാലദ്വീപിൽ ഇന്ത്യൻ കുപ്പായണിഞ്ഞ് കളിച്ചു. കോഴിക്കോട് നാഗ്ജി ട്രോഫിയിൽ കളിച്ച ജൂനിയർ ഇന്ത്യൻ ടീമിലും ലിസ്റ്റൻ ബൂട്ടണിഞ്ഞു. അന്ന് ലിസ്റ്റന്റെ ഗോളിലാണ് ഇന്ത്യൻ യുവനിര കരുത്തരായ മോഹൻബഗാനെ കോഴിക്കോട്ട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ മുട്ടുകുത്തിച്ചത്.

1988ൽ കളിക്കൂട്ടകാരൻ ഐ.എം. വിജയന് പിറകെ ലിസ്റ്റനും കേരള പൊലീസിലെത്തി. സത്യനും ഷറഫലിയും കെ.ടി.ചാക്കോയും തോബിയാസുമെല്ലാമടങ്ങിയ പൊലീസിന്റെ സുവർണകാലമായിരുന്നു അത്. വിജയൻ-പാപ്പച്ചൻ-ലിസ്റ്റൻ മുന്നേറ്റ ത്രയമായിരുന്നു അക്കാലത്ത് പൊലീസിന്റെ തുറുപ്പുചീട്ട്. കണ്ണൂർ ഫെഡറേഷൻ കപ്പിൽ മുംബൈ മഹീന്ദ്ര ആൻഡ് മഹീന്ദ്രയെ മുട്ടുകുത്തിച്ച് പൊലീസ് കിരീടമണിഞ്ഞത് കലാശപ്പോരിൽ ലിസ്റ്റൻ നേടിയ ഗോളിന്റ മികവിലായിരുന്നു. 1998 വരെ പൊലീസ് ടീമിന്റെ പ്രധാന സ്ട്രൈക്കർമാരിൽ ഒരാളായിരുന്നു.

സുഹൃത്തിനപ്പുറം ജേഷ്ഠതുല്യനായിരുന്നു ലിസ്റ്റൺ എന്ന് ഐഎം വിജയൻ അനുസ്മരിച്ചു.1988-ൽ ലിസ്റ്റൻ പൊലീസ് ടീമിലെത്തിയപ്പോഴും ആ ബന്ധം മികച്ചതായിരുന്നു. പിന്നീട് 1989-90 കാലത്ത് മാലിദ്വീപിൽ കളിക്കാൻ പോയ ഇന്ത്യൻ ടീമിലും ഒപ്പം കളിക്കാനായി. പവർഫുൾ പ്ലെയറായിരുന്നു. ലെഫ്റ്റ് ഔട്ട് എന്നാണ് ഞങ്ങൾ പറയുക. ആ പൊസിഷനിൽ കളിച്ചിരുന്ന ഏറ്റവും മികച്ച താരമായിരുന്നു ലിസ്റ്റൻ. സത്യേട്ടനും ഷറഫലിയും കെ.ടി.ചാക്കോയും തോബിയാസുമെല്ലാമടങ്ങിയ പൊലീസിന്റെ സുവർണകാലത്ത് ലിസ്റ്റനും കളിക്കാനായി. ഞാനും ലിസ്റ്റനും പാപ്പച്ചനും അടങ്ങുന്നതായിരുന്നു അക്കാലത്തെ പൊലീസിന്റെ മുന്നേറ്റ നിര. ഫെഡറേഷൻ കപ്പിൽ മുംബൈ മഹീന്ദ്ര ആൻഡ് മഹീന്ദ്രയെ തോൽപ്പിച്ച് കിരീടം നേടിയ ടീമിനായി ഗോളടിച്ചതും ലിസ്റ്റനായിരുന്നുവെന്നും ഐഎം വിജയൻ ഓർത്തെടുത്തു.