കോൺഗ്രസിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയാണെന്ന വിമർശനവുമായി നെഹ്രു കുടുംബത്തിന്റെ വിശ്വസ്തനും മുൻ കേന്ദ്ര മന്ത്രിയുമായ ഹൻസ്‌രാജ് ഭരദ്വാജ് രംഗത്തെത്തി. ഭരദ്വാജിന്റെ വെളിപ്പെടുത്തലുകൾ കോൺഗ്രസ് വൃത്തങ്ങളെയാകെ ഞെട്ടിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയുടെ നേതൃപാടവമില്ലായ്മയും മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ ധാർഷ്ട്യവുമാണ് പാർട്ടിയെ ഈ നിലയിലെത്തിച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു.

കൽക്കരി കുംഭകോണ കേസിൽ മന്മോഹൻ സിങ്ങിന് സമൻസ് ലഭിച്ചത് പാർട്ടിയുടെ വലിയ ദുരന്തങ്ങളിലൊന്നാണെന്ന് ഭരദ്വാജ് പറയുന്നു. പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഇങ്ങനെ കേസുകളിൽ കുടുങ്ങുന്നത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടിക്ക് എന്താണ് സംഭവിച്ചെതെന്ന കാര്യം സോണിയ ഗാന്ധിക്ക് മനസ്സിലായിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും മനസ്സിലായിട്ടുണ്ടാവില്ല. പാർട്ടിയുടെ എല്ലാ ചുമതലകളും വഹിക്കുമ്പോഴും, ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല. ചില അഴിമതിക്കാരുടെയും മനോരോഗികളുടെയും പിടിയിലാണ് സോണിയെന്നും അദ്ദേഹം ആരോപിച്ചു.

ഇപ്പോഴത്തെ തകർച്ചയിൽനിന്ന് കോൺഗ്രസ് കരകയറില്ലെന്ന് ഭരദ്വാജ് പറഞ്ഞു. ജനങ്ങൾ കോൺഗ്രസ്സിനെ പിന്തുടരാൻ തയ്യാറാവില്ല. ഈ അവസ്ഥയ്ക്ക് കാരണം കോൺഗ്രസ് തന്നെയാണ്. എന്നാൽ, അതിനുത്തരവാദി സോണിയ ഗാന്ധിയാണെന്ന് താൻ പറയില്ലെന്നും അവർ നിസ്സഹായയായ സ്ത്രീയാണെന്നും മന്മോഹൻ സിങ് സർക്കാരിൽ നിയമവകുപ്പ് കൈകാര്യം ചെയ്തിരുന്ന ഭരദ്വാജ് അഭിപ്രായപ്പെട്ടു. 

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ ഭരദ്വാജ് തള്ളിപ്പറയുന്നില്ലെങ്കിലും, പ്രിയങ്ക ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പുതിയൊരു നേതൃത്വത്തിനുകീഴിൽ മാത്രമേ പാർട്ടിക്ക് ഉയർന്നുവരാനാകൂ എന്നും അദ്ദേഹം പറഞ്ഞു.