മാഡ്രിഡ്: ലോക ഫുട്‌ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ മുൻ കാമുകി ഇറീന ഷായേക് രംഗത്ത്. ക്രിസ്റ്റ്യാനോ വൃത്തികെട്ടവനും വിശ്വസിക്കാൻ കൊള്ളാത്തവനുമാണെന്നാണ് സൂപ്പർ മോഡൽ കൂടിയായ ഇറീന ഷായേക് പറയുന്നത്.

ഒരു തെറ്റായ മനുഷ്യനൊപ്പമുള്ള ജീവിതം ഒന്നിനും കൊള്ളാത്തതും സുരക്ഷിതത്വമില്ലാത്തതും ആയിരിക്കുമെന്നാണ് ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഈ റഷ്യൻ സുന്ദരി വ്യക്തമാക്കിയത്. ഈ വർഷം ആദ്യമാണ് ഇരുവരും വേർപിരിഞ്ഞത്.

താരത്തിന്റെ വഴിവിട്ട ബന്ധങ്ങൾ ആണ് ഇരുവരും തമ്മിൽ പിരിയാനുള്ള കാരണമെന്ന വാർത്തകൾ ഉണ്ടായിരുന്നു.
സ്പാനിഷ് സൊസൈറ്റി മാഗസിനായ ഹോളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇറീന ക്രിസ്റ്റ്യാനോയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

സത്യസന്ധനും വിശ്വസ്തനുമായ പുരുഷന് എങ്ങിനെ സ്ത്രീകളെ കൈകാര്യം ചെയ്യണമെന്ന് അറിയാൻ കഴിയുമെന്നായിരുന്നു താരത്തിന്റെ തുറന്നടിക്കൽ. പങ്കാളികളെ അസന്തുഷ്ടിയിലേക്ക് തള്ളിയിടുന്നവർ പുരുഷനല്ല അവർ പക്വതയെത്താത്ത കുട്ടികൾ മാത്രമാണ്. ഒപ്പം നിൽക്കാൻ നമ്മൾ കണ്ടുപിടിക്കുന്നയാൾ ഉത്തമ പുരുഷനല്ലെന്ന് കണ്ടെത്തിയതോടെയാണ് പിന്തിരിഞ്ഞത്. തനിക്ക് കിട്ടിയയാൾ ശരിയല്ലെന്ന് തോന്നിയാൽ വൃത്തികെട്ടവൻ എന്നതായിരിക്കും സ്ത്രീയുടെ ചിന്തകൾ. തനിക്കും ഈ തോന്നൽ ഉണ്ടായെന്നും ഇറീന പറഞ്ഞു. ഒരു ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നത് ഏറ്റവും കഠിനമായ കാര്യങ്ങളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ പുരുഷൻ എങ്ങിനെയുള്ള ആളാണെന്നും അവൻ പുലർത്തുന്ന മൂല്യം എന്താണെന്നും സ്ത്രീ അറിഞ്ഞിരിക്കണം.

സ്ത്രീകളുടെ കാര്യത്തിൽ സത്യസന്ധത പുലർത്തുന്ന പുരുഷനെയാണ് തനിക്ക് വേണ്ടതെന്ന് ക്രിസ്റ്റ്യാനോയുമായി പിണങ്ങിയതിന് തൊട്ടുപിന്നാലെ അഭിമുഖത്തിൽ ഇറീന പറഞ്ഞിരുന്നു. നേരത്തേ ഇറീനയ്ക്ക് വേണ്ടി ക്രിസ്റ്റ്യാനോ തന്നെ ചതിച്ചെന്നായിരുന്നു അഞ്ചു വർഷം നീണ്ട പ്രണയത്തിന് ശേഷം പിരിഞ്ഞപ്പോൾ ബ്രസീലിയൻ മോഡൽ ആന്ദ്രേസാ ഉറാക്ക് പറഞ്ഞത്. ഉറാക്കിന്റേത് കെട്ടിച്ചമച്ച കഥയാണെന്ന അവകാശവാദമാണ് 2013ൽ ക്രിസ്റ്റ്യാനോ ഉയർത്തിയത്. ഒടുവിൽ ഇറീനയെയും ഒഴിവാക്കിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ.