അലാസ്‌ക: വിശാഖപട്ടണത്തിൽനിന്നും രണ്ടുതവണ (199196) (19992004) ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തെലുങ്കുദേശം പാർട്ടി മുതിർന്ന നേതാവു മൂർത്തി (76) അലാസ്‌ക്കയിൽ ഉണ്ടായ കാറപകടത്തിൽ മരിച്ചതായി ഒക്ടോബർ മുന്നിന് പാർട്ടി പുറത്തിറക്കിയ പത്രകുറിപ്പിൽ അറിയിച്ചു.

എംപിയെ കൂടാതെ മറ്റുമൂന്നുപേർകൂടി അപകടത്തിൽ കൊല്ലപ്പെട്ടു.ഒക്ടോബർ 6ന് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ് അലുംനി മീറ്റിൽ പങ്കെടുക്കാനെത്തിയതായിരുന്നു. ഇപ്പോൾ ആന്ധ്രപ്രദേശ് ലജിസ്ലേറ്റീവ് കൗൺസിൽ അംഗമാണ് മൂർത്തി. വിശാഖപട്ടണം ഗീതം യൂണിവേഴ്സിറ്റി സ്ഥാപകൻ കൂടിയാണ് ഇദ്ദേഹം.ഒക്ടോബർ 1ന് വൈൽഡ് ലൈഫ് സാങ്ങ്ച്വറി സന്ദർശിക്കുന്നതിന് മറ്റുനാലു ഇന്ത്യക്കാരോടൊപ്പം യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന ഡോഡ്ജ് വാൻ ഫോർഡ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അലാസ്‌ക സ്റ്റേറ്റ് ട്രൂപ്പർ പറഞ്ഞു. വാനിന്റെ ഡ്രൈവർ ശിവ, പട്ടാബിരാമയ്യ, ബാസവ, എം വി എസ് മൂർത്തി എന്നിവരാണ് മരിച്ചവർ. വാനിലുണ്ടായിരുന്ന വെങ്കട്ട പരിക്കുകളോടെ രക്ഷപ്പെട്ടു.ട്രക്കിൽ സഞ്ചരിച്ചിരുന്ന ഒരു കുട്ടിയെ (2) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാതാപിതാക്കളായ കോളിൻ (23, ഡ്രൈവർ), ഭാര്യ ഫെലിഷ്യ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.1991ൽ ആദ്യമായി ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂർത്തിക്ക് ആന്ധ്രയൂണിവേഴ്സിറ്റിയൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.

ടി.ഡി.പി. പാർട്ടി സ്ഥാപകൻ എൻ.ടി.രാമറാവുമൊത്ത് 1983 മുതൽ പ്രവർത്തിച്ചിരുന്ന മുതിർന്ന നേതാവാണ് മൂർത്തി. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.