തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിയും പാക് വനിതാ സുഹൃത്തുമായി ദുബായിൽ ഒരു രാത്രി ചെലവഴിച്ച സംഭവത്തിൽ ദുരൂഹതകളൊന്നുമില്ലെന്ന് സൂചന. ഇക്കാര്യത്തിൽ അന്വേഷണം കേന്ദ്ര സംസ്ഥാന ഇന്റലിജന്റ്‌സ് ബ്യൂറോകൾ അവസാനിപ്പിച്ചു. അതിനിടെ യുഡിഎഫ് മുന്നണിയിലെ ഒരു പാർട്ടിയുടെ നേതാവാണ് വിവാദത്തിൽ കുടുങ്ങിയതെന്ന് മറുനാടൻ മലയാളിയുടെ അന്വേഷണത്തിൽ വ്യക്തമായി. വ്യക്തിപരമായ താൽപ്പര്യത്തിനപ്പുറം ഒരു ദുരൂഹതയും ഈ വിഷയത്തിൽ ഇല്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകുന്ന സൂചന.

കേരളത്തിന് അകത്തും പുറത്തും ബിസിനസ്സുകളുള്ള വ്യക്തിക്കെതിരെയാണ് ചില കോണുകളിൽ നിന്ന് സംശയങ്ങളുയർന്നത്. ഇതു സംബന്ധിച്ച വാർത്ത മംഗളമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. യുഡിഎഫ് മന്ത്രിസഭയിലെ യുവ മന്ത്രിയെന്നായിരുന്നു ആരോപണത്തിൽ കുടുങ്ങിയ ആളെ കുറിച്ചുള്ള പരമാർശം. ഇതോടെ സംശയ നിഴൽ മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികളിലെ നേതാക്കളിലേക്ക് നീങ്ങി. എന്നാൽ ലീഗ് എംഎൽഎമാരോ നേതാക്കളോ അല്ല ആരോപണത്തിൽ കുടുങ്ങിയതെന്ന് മറുനാടന്റെ അന്വേഷണം വ്യക്തമാക്കുന്നത്. വാർത്ത വന്നതോടെ ലീഗ് നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

എന്നാൽ ആരോപണം ഉയർന്നത് നിലവിൽ എംഎൽഎ അല്ലാത്ത നേതാവിനെതിരെയാണ്. അതിനാൽ രഹസ്യാന്വേഷണ തലത്തിൽ അന്വേഷണം നടത്തേണ്ട പ്രാധാന്യമില്ലെന്നാണ് ഈ വിഷയത്തിനില്ലെന്നാണ് പൊലീസിന്റെ നിഗമനം. അതുകൊണ്ട് തന്നെ ഫയൽ ക്ലോസ് ചെയ്തു. ഇത്തരമൊരു ആരോപണം ഉയർന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നും സംശയിക്കുന്നുണ്ട്. അടുത്തിടെ ചില ഇടതു നേതാക്കളുമായി ഉയർന്ന ആരോപണത്തിൽ മുഖംപോയ നേതാവാണ് ഇദ്ദേഹത്തിനെതിരെ പാക് വനിത ആരോപണം അടക്കം കെട്ടിച്ചമച്ചതെന്നാണ് പുറത്തുവരുന്ന സൂചന.

ദുബായ് യാത്രയ്ക്ക് പുറമേ അടിക്കടി ഇദ്ദേഹം നടത്തിയ മറ്റ് വിദേശയാത്രകളെല്ലാം അന്വേഷണ പരിധിയിലുണ്ടെന്നായിരുന്നു വാർത്ത. മന്ത്രിയായിരുന്നപ്പോഴും അതിനുമുമ്പും ശേഷവും സ്ഥിരമായി ഇദ്ദേഹം നടത്തിയ യാത്രകൾ പരിശോധിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളെത്തി. എന്നാൽ അത്തരത്തിൽ ഒന്നും അന്വേഷിക്കുന്നില്ലെന്നാണ് പൊലീസിലെ ഉന്നതർ മറുനാടനോട് വിശദീകരിച്ചത്. ഏതായാലും യുവതിയുടെ മറ്റ് ബന്ധങ്ങളെക്കുറിച്ച് ഇന്റർപോളിന്റെ സഹായത്തോടെ കേന്ദ്രം അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്. ഈ യുവതി മന്ത്രിയെ ചതിച്ചു വീഴ്‌ത്തിയതാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.

ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്ന ഒരു നേതാവ് ഗൾഫ് യാത്രയ്ക്കിടെ ഒരു രാത്രി, യുവതിയുമായി ചെലവഴിച്ചിരുന്നു. ഈ സന്ദർശനത്തിൽ ദുരൂഹത ആരോപിച്ച് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് സംഗതി വിവാദമായി മാറിയത്. വിദേശ സുഹൃത്തുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങൾ ഇന്റലിജൻസ് ബ്യൂറോ ഇദ്ദേഹത്തോട് ആരായുകയും ചെയ്തിരുന്നു. കൃത്യമായ വിവരങ്ങൾ നേതാവ് കൈമാറുകയും ചെയ്തു. ഇതോടെയാണ് ദുരൂഹതകൾ മാറിയത്. ഈ സാഹചര്യത്തിൽ അന്വേഷണം ക്ലോസ് ചെയ്യുകയും ചെയ്തു.

യു.ഡി.എഫ്. മന്ത്രിസഭയിൽ ഒരു ഘടകകക്ഷിയുടെ പ്രതിനിധിയായിരുന്ന നേതാവിന്റേയും സുഹൃത്തിന്റെയും നീക്കങ്ങൾ കർശനനിരീക്ഷണത്തിലാണ്. നേരത്തെയുള്ള ധാരണ പ്രകാരമാണോ കൂടിക്കാഴ്ച നടന്നത്, ഇവർക്കിടയിൽ സൗഹൃദം മാത്രമേയുള്ളോ, ഇടനിലക്കാരായി ഏതെങ്കിലും ദല്ലാൾ പ്രവർത്തിച്ചിട്ടുണ്ടോ, സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥരെന്നായിരുന്നു വാർത്തകൾ. എന്നാൽ തീർത്തും സ്വകാര്യമായ കാര്യങ്ങളിലേക്ക് അന്വേഷണം നീണ്ടേണ്ട കാര്യമില്ലെന്നാണ് ഇന്റലിജൻസ് ഏജൻസികളുടെ നിലപാട്.

രാജ്യതാൽപ്പര്യം ഹനിക്കുന്ന ഒന്നും ദുബായിൽ നടന്നിട്ടില്ല. ചില കേന്ദ്രങ്ങൾ സംശയം ഉയർത്തിയതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുക മാത്രമാണുണ്ടായതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.