സിഡ്നി: അടിയന്തര ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന ന്യൂസിലൻഡ് മുൻ ക്രിക്കറ്റ് താരം ക്രിസ് കെയ്ൻസ് സുഖം പ്രാപിക്കുന്നു. ആറാഴ്ചത്തെ തീവ്രപരിചരണത്തിലൂടെയാണ് കെയ്ൻസിന്റെ ആരോഗ്യനില മെച്ചപ്പെട്ടത്.

ഗുരുതരാവസ്ഥയിൽ നിന്ന് തന്നെ രക്ഷിച്ച ഡോക്ടർമാരോടും ആശംസകൾ അറിയിച്ച ആരാധകരോടും ക്രിസ് കെയ്ൻസ് നന്ദിയറിച്ചു. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം സംഭവിച്ചതോടെയാണ് കെയ്ൻസ് ഗുരുതരാവസ്ഥയിലായത്. ഇതോടൊപ്പം കാലുകൾ തളർന്നുപോവുകയും ചെയ്തിരുന്നു.

ഹൃദയധമനികൾ പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഒന്നിലേറെ ശസ്ത്രക്രിയക്ക് വിധേയനായ താരം സിഡ്നിയിലെ ആശുപത്രിയിൽ നേരത്തെ വെന്റിലേറ്ററിലായിരുന്നു. ശസ്ത്രക്രിയക്കിടെ നട്ടെല്ലിലുണ്ടായ സ്ട്രോക്ക് ആരോഗ്യസ്ഥിതി കൂടുതൽ മോശമാക്കി. എന്നാൽ ആരാധകർക്ക് വലിയ ആശ്വാസം നൽകി ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ് മുൻ ഓൾറൗണ്ടർ.

 

ന്യൂസിലൻഡിനായി 62 ടെസ്റ്റുകളിലും 215 ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള 51കാരനായ കെയ്ൻസ് 2006ലാണ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ടെസ്റ്റിൽ 33 റൺസ് ശരാശരിയിൽ 3320 റൺസും 218 വിക്കറ്റും സ്വന്തമാക്കി.

ഏകദിനത്തിൽ 4950 റൺസും 201 വിക്കറ്റും കെയ്ൻസിന്റെ പേരിലുണ്ട്. ന്യൂസിലൻഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടറായി കണക്കാക്കപ്പെടുന്ന കെയ്ൻസ് ഇന്ത്യക്കെതിരെ എല്ലായ്‌പ്പോഴും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. 2000ൽ കെയ്ൻസിനെ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ് ഇയറായി തെരഞ്ഞെടുത്തിരുന്നു.