- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ നിരയിൽ രാജ്യാന്തര മത്സരം കളിക്കാൻ പോന്ന 50-60 താരങ്ങളുണ്ട്; ഇന്ത്യയോട് കണക്കിന് കിട്ടുമ്പോൾ രണതുംഗ പാഠം പഠിക്കും; ലങ്കൻ ഇതിഹാസത്തിന് മറുപടിയുമായി മുൻ പാക് താരം

ഇസ്‌ലാമാബാദ്: ശ്രീലങ്കൻ പര്യടനത്തിനായി ഇന്ത്യ രണ്ടാം നിര ടീമിനെ അയച്ചുവെന്ന ശ്രീലങ്കൻ മുൻ നായകൻ അർജുന രണതുംഗയുടെ പരാമർശത്തെ വിമർശിച്ച് പാക്കിസ്ഥാന്റെ മുൻ താരം ഡാനിഷ് കനേരിയ. ഇപ്പോഴത്തെ ശ്രീലങ്കൻ ടീമിനെ തോൽപ്പിക്കാനുള്ള കരുത്ത് ശിഖർ ധവാന്റെ നേതൃത്വത്തിൽ അവിടെ പര്യടനം നടത്തുന്ന ടീമിനുണ്ടെന്ന് കനേരിയ ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കൻ ക്രിക്കറ്റിന് കൈത്താങ്ങാകുന്നതിനാണ് ബിസിസിഐ ഇന്ത്യൻ ടീമിനെ അവിടേക്ക് അയച്ചതെന്നും കനേരിയ അഭിപ്രായപ്പെട്ടു.
പ്രമുഖ താരങ്ങൾ ഉൾപ്പെടുന്ന പ്രധാന ടീമിനെ ഇംഗ്ലണ്ടിലേക്ക് അയച്ച ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്, രണ്ടാം നിര ടീമിനെയാണ് ശ്രീലങ്കയിലേക്ക് അയച്ചതെന്നായിരുന്നു രണതുംഗയുടെ വിമർശനം. ഇതുവഴി ഇന്ത്യ ശ്രീലങ്കൻ ക്രിക്കറ്റിനെ അപമാനിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെയാണ് രണതുംഗയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി തന്റെ യുട്യൂബ് ചാനലിലൂടെ ഡാനിഷ് കനേരിയ രംഗത്തെത്തിയത്.
'മുഖ്യധാരയിൽ സജീവമായി തുടരുന്നതിനാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരമൊരു ആരോപണം രണതുംഗ ഉന്നയിച്ചത്. മികവുറ്റ രണ്ടു ടീമുകളെ ഒരേ സമയം കളത്തിലിറക്കാൻ ശേഷിയുള്ള ഒരു ടീമുണ്ടെങ്കിൽ ഇന്ത്യയാണ്. അവർക്ക് രാജ്യാന്തര ക്രിക്കറ്റിൽ പരീക്ഷിക്കാവുന്ന മികച്ച 50 - 60 താരങ്ങളുടെ ഒരു സംഘമുണ്ട്. ശ്രീലങ്കയിലേക്ക് അയച്ചിരിക്കുന്ന ടീമിലെ തന്നെ ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചെഹൽ, ഹാർദിക് പാണ്ഡ്യ തുടങ്ങിയവർ സ്ഥിരമായി ഇന്ത്യൻ ജഴ്‌സി അണിയുന്നവരാണ്' കനേരിയ പറഞ്ഞു.
'അതുകൊണ്ടുതന്നെ രണതുംഗയിൽനിന്ന് ഇത്തരമൊരു പരാമർശം കേൾക്കേണ്ടി വന്നതിൽ അതിശയം തോന്നുന്നു. എന്നിട്ട് ശ്രീലങ്കൻ ബോർഡ് താങ്കൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകുന്നതും കണ്ടു' കനേരിയ പറഞ്ഞു. കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയിൽപ്പെട്ട് ഉഴറുന്ന ശ്രീലങ്കൻ ക്രിക്കറ്റിന് കൈത്താങ്ങാകാനുള്ള ബിസിസിഐയുടെ ശ്രമത്തെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും കനേരിയ ചൂണ്ടിക്കാട്ടി.
'ശ്രീലങ്കൻ ക്രിക്കറ്റ് ഇപ്പോൾ തകർച്ചയുടെ പാതയിലാണ്. എങ്ങനെയാണ് കളിക്കേണ്ടതെന്നു പോലും അറിയാത്ത അവസ്ഥയിലാണ് നിങ്ങൾ. സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ ഇന്ത്യ അവിടേക്ക് ടീമിനെ അയച്ചതിൽ നന്ദി പറയുകയാണ് വേണ്ടത്. ഇതുവഴി ബോർഡിന് സ്‌പോൺസർമാരെയും അവർ വഴി പണവും ലഭിക്കും. ഇതിൽ കൂടുതൽ എന്താണ് വേണ്ടത്?' കനേരിയ ചോദിച്ചു.

'ഈ സമയത്ത് ഇത്തരമൊരു പരാമർശം അനുചിതമായിരുന്നു എന്നു തന്നെയാണ് എന്റെ അഭിപ്രായം. രണ്ടു ടീമുകൾക്കിടയിൽ അനാവശ്യ വൈരം വളർത്താനേ ഇത് ഉപകരിക്കൂ. രണതുംഗ ഇപ്പോൾ ഒരു പാഠം പഠിച്ചിട്ടുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. അല്ലെങ്കിൽ ഇന്ത്യൻ ടീം ശ്രീലങ്കയെ തകർത്തുവിടുമ്പോൾ പഠിച്ചോളും' കനേരിയ പറഞ്ഞു.
മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കുക. ജൂലൈ 13നാണ് ആദ്യ ഏകദിനം. ടി20 മത്സരങ്ങൾ ജൂലൈ 21ന് ആരംഭിക്കും. ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. രാഹുൽ ദ്രാവിഡാണ് പരിശീലകൻ. മലയാളി താരം സഞ്ജു സാംസൺ ടീമിനൊപ്പമുണ്ട്.


