ഇസ്ലാമാബാദ്: അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് തടവു ശിക്ഷ. അൽ അസീസിയ സ്റ്റീൽ മിൽസ് അഴിമതിക്കേസിലാണ് ഇസ്ലാമബാദിലെ അഴിമതി വിരുദ്ധ കോടതി ഷെരീഫിനെ ഏഴു വർഷത്തെ തടവിന് വിധിച്ചത്. കോടതി വിധി കേൾക്കാൻ ഷെരീഫും എത്തിയിരുന്നു. അതേസമയം പനാമ പേപ്പേഴ്സുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസിൽ ഷരീഫിനെ വെറുതെവിട്ടു.

പനാമ രേഖകളുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതി നവാസ് ഷെരീഫിനെ അയോഗ്യനാക്കിയിരുന്നു. ഇതേ തുടർന്ന് 2017 ജൂലൈയിൽ അദ്ദേഹം പ്രധനമന്ത്രി പദം രാജിവച്ചു. പനാമ പേപ്പേഴ്സ് കേസിലായിരുന്നു ഇത്. 2017 സെപ്റ്റംബർ എട്ടിന് ഷെരീഫിനും മക്കൾക്കും മരുമകനുമെതിരെ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു.

2018 ജൂലായിൽ അവാൻഫീൽഡ് ഹൗസ് കേസിൽ ഷെരീഫിനെ 11 വർഷത്തെ തടവ് പാക് അഴിമതി വിരുദ്ധ കോടതി വിധിച്ചു. ലണ്ടനിലെ സമ്പന്നമേഖലയിൽ നാലു ഫ്‌ളാറ്റുകൾ സ്വന്തമാക്കിയെന്നാണു കേസ്. കൂട്ടുപ്രതികളായ മകൾ മറിയത്തിന് ഏഴു വർഷവും മരുമകൻ ക്യാപ്റ്റൻ മുഹമ്മദ് സഫ്ദറിന് ഒരു വർഷവും തടവു വിധിച്ചു. അൽ അസീസിയ സ്റ്റീൽ മിൽസ് കേസിലാണ് ഇപ്പോഴത്തെ ശിക്ഷ. ഇനി ബാക്കിയുള്ളത് ഫ്‌ളാഗ്ഷിപ് ഇൻവെസ്റ്റ്‌മെന്റ് കേസാണ്.തിരഞ്ഞെടുപ്പിന് മുമ്പായി പാക്കിസ്ഥാനിലെത്തിയ നവാസ് ഷരീഫും മകളും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെട്ടു. എന്നാൽ സെപ്റ്റംബറിൽ ഇസ്ലാമബാദ് മൂന്ന് പേർക്കും ജാമ്യം നൽകിയിരുന്നു.