- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് വിട നൽകി രാജ്യം; ഡൽഹിയിലെ ലോധി റോഡ് ശ്മശാനത്തിൽ സംസ്ക്കാരച്ചടങ്ങുകൾ നടന്നത് പൂർണ്ണദേശീയ ബഹുമതികളോടെ; രാഷ്ട്രപതിയും പ്രധാനമന്ത്രിയടക്കമുള്ളവരും അന്തിമോപചാരം അർപ്പിച്ചത് രാജാജി മാർഗിലെ വസതിയിലെത്തി
ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് രാജ്യം വിട നൽകി. പൂർണ്ണദേശീയ ബഹുമതികളോടെ സംസ്ക്കാരച്ചടങ്ങുകൾ ഡൽഹിയിലെ ലോധി റോഡ് ശ്മശാനത്തിൽ നടന്നു. വിലാപയാത്ര ഒഴിവാക്കി കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രത്യേക വാഹനത്തിലാണ് മൃതദേഹം ലോധി റോഡ് ശ്മശാനത്തിലേക്കെത്തിച്ചത്. പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ഒരാഴ്ച രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
രാജാജി മാർഗിലെ വസതിയിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയടക്കമുള്ളവരും പ്രണബ് മുഖർജിക്ക് അന്തിമോപചാരം അർപ്പിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു,സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, രാഹുൽഗാന്ധി തുടങ്ങിയവർ പ്രണബ് മുഖർജിക്ക് അന്തിമോപചാരം അർപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പൊതുദർശനം മുതൽ സംസ്കാരം വരെയുള്ള ചടങ്ങുകൾ നടന്നത്.
ആർമി റിസർച്ച് ആൻറ് റഫറൽ ആശുപത്രിയിൽ നിന്ന് രാവിലെ ഒൻപതരയോടെ പ്രണബ് മുഖർജിയുടെ മൃതദേഹം രാജാജി റോഡിലെ പത്താം നമ്പർ വസതിയിലെത്തിച്ചു. കോവിഡ് ബാധിതനായിരുന്നതിനാൽ പ്രത്യേക പേടകത്തിൽ അടക്കം ചെയ്താണ് പ്രണബ് മുഖർജിയുടെ മൃതദേഹം വിട്ടുനൽകിയത്. പ്രണബ് മുഖർജിയുടെ ഛായാ ചിത്രത്തിന് മുൻപിലാണ് അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് അന്ത്യം. രാജ്യം ഭാരതരത്ന നൽകി ആദരിച്ച പ്രണബ് ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയായിരുന്നു. തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
മറുനാടന് ഡെസ്ക്