- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചിന്തൻ ശിബിരത്തിനിടെയിലും കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്; പാർട്ടി വിട്ട് പഞ്ചാബ് മുൻ അധ്യക്ഷൻ സുനിൽ ഝാക്കർ; നീക്കം, അച്ചടക്ക നടപടി തുടരുന്നതിനിടെ; വേർപിരിയൽ സമ്മാനമെന്ന് പ്രതികരണം
ന്യൂഡൽഹി: പാർട്ടിയെ ശക്തിപ്പെടുത്താൻ ഉദയ്പൂരിൽ ചിന്തൻ ശിബിർ സംഘടിപ്പിക്കുന്നതിനിടെ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്. പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ സുനിൽ ഝാക്കർ പാർട്ടി വിട്ടു. രണ്ട് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തതിനു പിന്നാലെയാണ് പാർട്ടി വിട്ടത്. ഫേസ്‌ബുക് ലൈവിലാണ് പാർട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്.
പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിനാണ് മുൻ പിസിസി പ്രസിഡന്റായ ഝാക്കറിനെ കോൺഗ്രസ് രണ്ട് വർഷത്തേക്കു സസ്‌പെൻഡ് ചെയ്തത്.
ശനിയാഴ്ച പ്രഖ്യാപനം നടത്തുമെന്ന് അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഉത്തർപ്രദേശിൽ ദയനീയമായി പരാജയപ്പെട്ടതിന്റെ കാരണം അറിയാൻ കമ്മിറ്റിയെ നിയോഗിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ സുനിൽ ഝാക്കറിനെ കഴിഞ്ഞ മാസം പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കിയിരുന്നു. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് കോൺഗ്രസ് വിടാനുള്ള തീരുമാനം അദ്ദേഹം അറിയിച്ചത്. ഗുഡ്ബൈ,ഗുഡ് ലക്ക് കോൺഗ്രസ്, ഇത് പാർട്ടിക്കുള്ള എന്റെ വേർപിരിയൽ സമ്മാനമാണ്. കോൺഗ്രസിന് വിജയാശംസകൾ നേരുന്നു-അദ്ദേഹം പറഞ്ഞു.
പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ഏപ്രിൽ 11ന് സുനിൽ ഝാക്കറിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ അച്ചടക്ക സമിതിക്ക് മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. പഞ്ചാബിൽ കോൺഗ്രസ് പാർട്ടിയുടെ കനത്ത തോൽവിക്ക് പിന്നാലെ മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിക്കെതിരെ സുനിൽ രംഗത്തെത്തി.
ചന്നി പാർട്ടിക്ക് ഒരു ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പരാമർശം വിവാദമായതോടെ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതാണെന്നും ആരോപിച്ചു.തന്റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
42 എംഎൽഎമാർ താൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നെന്നും രണ്ട് പേർ മാത്രമാണ് ചന്നിയെ പിന്തുണച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ വർഷം അമരീന്ദർ സിങ് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് മുഖ്യമന്ത്രി സ്ഥാനക്ക് പരിഗണിക്കപ്പെട്ട മുൻനിരക്കാരിൽ ഒരാളായിരുന്നു ഝാക്കർ. എന്നാൽ സിഖുകാരനല്ലെന്ന കാരണത്താൽ അവസരം നഷ്ടമായി.




