ബെംഗളൂരു: പ്രായാധിക്യം മൂലം പാർട്ടി തഴയുന്നുവെന്ന പരിഭവവുമായി കോൺഗ്രസ് വിട്ട എസ്.എം.കൃഷ്ണ ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. ബിജെപി കർണാടക അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇക്കാര്യത്തിൽ അദ്ദേഹം തീരുമാനം എടുത്തതായി യെദിയൂരപ്പ വാർത്താ ഏജൻസിയോടു പറഞ്ഞു.

കോൺഗ്രസിലെ തലമുതിർന്ന നേതാവായ കൃഷ്ണ കഴിഞ്ഞയാഴ്ചയാണ് പാർട്ടി വിട്ടത്. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചുകൊടുക്കുകയായിരുന്നു. പ്രായാധിക്യം മൂലം കർണാടക കോൺഗ്രസ് നേതൃത്വം തന്നെ തഴയുന്നുവെന്നതടക്കമുള്ള പരാതികളാണ് 85 വയസുള്ള കൃഷ്ണ രാജിക്കായി നിരത്തിയത്.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഏകാധിപത്യ നിലപാടുകളിലും കൃഷ്ണ കടുത്ത അതൃപ്തി അറിയിച്ചു. ഇക്കാര്യത്തിൽ പിന്നീട് പലതവണ കോൺഗ്രസ് ഹൈക്കമാൻഡ് കൃഷ്ണയുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. കൃഷ്ണയെ പരമാവധി അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങാൻ കൂട്ടാക്കിയില്ല.

ഇതിനു പിന്നാലെയാണ് കൃഷ്ണ പാർട്ടിയിൽ ചേരുന്നതായ വെളിപ്പെടുത്തൽ യെദിയൂരപ്പ നടത്തിയിരിക്കുന്നത്. നീതിമാനായ പ്രവർത്തകനായിരുന്നു എസ്എം കൃഷ്ണ. അദ്ദേഹത്തെ പോലൊരു നേതാവിനെ കോൺഗ്രസ് വല്ലാതെ പാർശ്വവത്കരിച്ചു. പ്രായമായതു കൊണ്ട് നേതാവിനെ പാർശ്വവത്കരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. പാർട്ടിക്കു നഷ്ടമായിക്കൊണ്ടിരുന്ന പ്രതിച്ഛായ വീണ്ടെടുക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നു അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടിക്കു നേതാക്കളെയല്ല ഏറെക്കാലം നിൽക്കുന്ന മാനേജർമാരെ മാത്രമാണ് ആവശ്യമെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു.

എസ്.എം. കൃഷ്ണ രണ്ടാം യുപിഎ സർക്കാരിൽ കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്നു. 2004 മുതൽ 2008 വരെ മഹാരാഷ്ട്ര ഗവർണറായിരുന്നു. കർണാടക മുൻ മുഖ്യമന്ത്രി കൂടിയാണ് മുതിർന്ന നേതാവ് കൂടിയായ കൃഷ്ണ.