മനാമ: ബഹ്റൈനിൽ ഫോർമുല വൺ ഗ്രാന്റ്പ്രീ ഏപ്രിൽ ആറ്,ഏഴ്,എട്ട് തീയതികളിൽ അരങ്ങേറും. ആകെയുള്ള 21 റെയ്സുകളിൽ എട്ടാമത്തേതാണ് ബഹ്റൈനിൽ അരങ്ങേറുക.ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന കാറോട്ട മത്‌സരം കാണാൻ സ്വദേശത്തെയും വിദേശത്തെയും ആയിരങ്ങളാണ് കാത്തിരിക്കുന്നത്. പാതകൾക്ക് സമീപമുള്ള ഗാലറികൾക്കൊപ്പം, ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിലെ അനുവദിച്ച മേഖലകളിൽ നിന്ന് ലൈവ് ശബ്ദ, ദൃശ്യ തത്‌സമയ ;റിപ്പോർട്ടുകൾ സംപ്രേഷണം ചെയ്യുന്നുമുണ്ട്.

115 രാജ്യങ്ങളിൽ നിന്നുള്ള ആരാധകന്മാർ മത്‌സരം കാണുന്നതിന് എത്തിയിട്ടുണ്ട്. 67 രാഷ്ട്രങ്ങളിൽ നിന്നുള്ള പൗരന്മാർക്കും ജി.സി.സി രാഷ്‌രടങ്ങളിൽ നിന്നുള്ള പൗരന്മാർക്കും ഓൺ അറൈവൽ വിസാ സംവിധാനം ഏർപ്പെടുത്തിയിരുന്നു.മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ സന്ദർശകർ ഇപ്രാവശ്യമുണ്ടാകുമെന്നാണ് അധികൃതർ കണക്ക് കൂട്ടുന്നത്. അന്തർദേശീയ താരങ്ങളെ രാജ്യത്തേക്ക് ആകർഷിക്കുകയും പ്രാദേശിക സമ്പത്‌വ്യവസ്ഥയിലേക്ക് ദശലക്ഷക്കണക്കിന് ദിനാറിന്റെ ഒഴുക്ക് പ്രതീക്ഷിക്കുകയും ആഗോള തലത്തിൽ രാജ്യം ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്യുന്ന നാളുകളാണ് 'ഫോർമുല വണ്ണി'ലൂടെ പ്രതീക്ഷിക്കുന്നത്. വിപുലമായ സന്ദർശകരും വർധിച്ച യാത്ര ഷെഡ്യൂളുകളും ചാർട്ടേഡ് വിമാനങ്ങളിലായുള്ള ചരക്കുകളും ഈ വർഷം ഫോർമുല വണ്ണിനെ ഏറെ പ്രത്യേകതകളുള്ളതാക്കി തീർത്തിട്ടുണ്ട്