- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വസ്ത്രം വലിച്ചുകീറാൻ ശ്രമം, കൈപിടിച്ചു തിരിച്ചു'; ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം; ഡോക്ടർമാർ പ്രതിഷേധിച്ചതോടെ ഉടനടി നടപടിയുമായി പൊലീസ്; രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ മർദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വള്ളക്കടവ് സ്വദേശി റഫീക്കും റഷീദുമാണ് പിടിയിലായത്. ഡോക്ടർ മാലു മുരളി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമിച്ചത് സ്ഥിരം പ്രശ്നക്കാരെന്ന് ഡോ. മാലു മുരളി മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടർമാർ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് പൊലീസ് ഉടനടി നടപടി സ്വീകരിച്ചത്.
ഇന്നലെ രാത്രി 12.30നായിരുന്നു ആക്രമണം. ചികിത്സയ്ക്കെത്തിയ അക്രമികൾ വരി നിൽക്കാതെ തർക്കം ഉണ്ടാക്കുകയായിരുന്നു. ആക്രമണ വിവരം അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താൻ വൈകിയെന്ന് ആശുപത്രി അധികൃതർ ആരോപിക്കുന്നു. ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർകഥയാകുന്ന പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം ശക്തമാകുകയാണ്. ഫോർട്ട് താലൂക്ക് ആശുപത്രി സന്ദർശിച്ച മന്ത്രി വി ശിവൻകുട്ടി ഡോക്ടർക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണങ്ങൾ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ഇന്നലെ സംഭവസമയത്ത് ആശുപത്രിയിൽ ഡോക്ടറും സുരക്ഷാ ജീവനക്കാരനും മാത്രമാണ് ഉണ്ടായിരുന്നത്. കാഷ്യാലിറ്റിയിൽ ഉണ്ടായിരുന്ന ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയുമാണ് ആക്രമിച്ചത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ഇവരുടെ ആക്രമണമെന്ന് ഡോക്ടർമാർ പറയുന്നു. സുരക്ഷാ ജീവനക്കാരനെ കിടക്കയിൽ തള്ളിയിട്ടാണ് മർദ്ദിച്ചത്. ആക്രമിച്ചത് സ്ഥിരം പ്രശ്നക്കാരെന്ന് ഡോ മാലു മുരളി പറഞ്ഞു. അക്രമികൾ കൈപിടിച്ചു തിരിക്കുകയും മുടിയിൽ പിടിച്ചുവലിക്കുകയും വസ്ത്രം വലിച്ചുകീറാൻ ശ്രമിച്ചതായും മാലു മുരളി ആരോപിച്ചു. ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡോക്ടർക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചു. പ്രതികളെ പിടികൂടുകയും സുരക്ഷാ ഉറപ്പാക്കാമെന്ന് സർക്കാർ വാഗ്ദാനം ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിൽ ഒപി ബഹിഷ്കരണം പിൻവലിച്ചതായി ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.
മറുനാടന് ഡെസ്ക്