ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രക്ഷോഭത്തെ അടിച്ചമർത്താൻ സായുധപൊലീസ് സേനയെ ഉപയോഗിക്കുന്ന കേന്ദ്ര ബിജെപി സർക്കാർ മാപ്പർഹിക്കുന്നില്ലെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം. കർഷകരുടെ പ്രക്ഷോഭങ്ങളെ സായുധ സേനയുടെ ശക്തി ഉപയോഗിച്ച് അടിച്ചമർത്താൻ കഴിയില്ലെന്ന് സർക്കാർ മനസ്സിലാക്കണം. കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഡൽഹിയിലേക്ക് എത്തുന്ന കർഷകരെ പൊലീസ് നിഷ്‌കരുണം ആക്രമിക്കുകയാണ്. ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം ഹരിയാനയും ഡെൽഹി പൊലീസും വന്യമൃഗങ്ങളെപ്പോലെയാണ് പെരുമാറുന്നത്.

വിവേചനത്തിനും അനീതിക്കും എതിരായ പോരാട്ടത്തിൽ കർഷകരുടെ പ്രതിബദ്ധതയെയും സമർപ്പണത്തെയും ഇന്ത്യൻ സോഷ്യൽ ഫോറം അഭിനന്ദിക്കുകയാണ്. മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്‌പി) ഉറപ്പുനൽകുന്നതിനുള്ള നിയമം വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നതിനെതിരെ കാർഷിക മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ ധാർഷ്ട്യവും കൃത്യതയില്ലാത്തതുമായ വാദം അപലപനീയമാണ്. കേന്ദ്ര ബിജെപി സർക്കാർ വിഡ്ഢിത്തം കളിക്കുകയും കർഷകരുമായുള്ള ചർച്ച ഒഴിവാക്കുകയുമാണ്.

കൃഷിക്കാരുടെയും തൊഴിലാളികളുടെയും ക്ഷേമത്തിന് വിരുദ്ധമായ നിയമങ്ങളിലൂടെ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്കും മുതലാളിമാർക്കും അടിയറവെക്കാൻ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഒരുങ്ങുകയാണ്. കർഷകരുടെ പോരാട്ടത്തെ ആത്മാർത്ഥമായി പിന്തുണയ്ക്കുന്നതായും ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് അലി അക്‌ബർ ഉം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉം വക്തമാക്കി