താണ്ട് രണ്ട് ലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ആദ്യത്തോ ഹോമോസാപ്പിയൻസ് ഭൂമിയിൽ ജീവിച്ചിരുന്നതെന്നായിരുന്നു നാളിതുവരെയുള്ള ശാസ്ത്രം കണ്ടെത്തിയിരുന്നത്. എന്നാൽ അതല്ല മനുഷ്യൻ അതിനും ഒരു ലക്ഷം വർഷങ്ങൾക്ക് മുമ്പ് തന്നെ അതായത് മൂന്ന് ലക്ഷം വർഷങ്ങൾക്ക് തന്നെ ഹോമോസാപ്പിയൻസ് ഭൂമിയിൽ പിറവിയെടുത്തിരുന്നുവെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. ഇതോടെ മൊറോക്കോയിൽ കണ്ടെത്തിയിരിക്കുന്ന ഈ മനുഷ്യഫോസിൽ ചരിത്രത്തെ ഒരു ലക്ഷം വർഷം പുറകിലേക്കാണ് നയിച്ചിരിക്കുന്നത്. മൊറോക്കോയിലെ ജെബെൽ ഇർഹൗഡിൽ നിന്നാണ് മൂന്ന് ലക്ഷം വർഷം മുമ്പ് ജീവിച്ചിരുന്ന അഞ്ച് ഹോമോസാപ്പിയൻസ് മനുഷ്യരുടെ അവശിഷ്ടങ്ങൾ ആർക്കിയോളജിസ്റ്റുകൾ ഈയിടെ കണ്ടെത്തിയിരിക്കുന്നത്.

ഇതിന് മുമ്പ് കണ്ടെത്തിയ ഏറ്റവും പഴയ അവശിഷ്ടങ്ങൾക്ക് 195,000 വർഷമായിരുന്നു പ്രായം കണക്കാക്കിയിരുന്നത്. മൊറോക്കോയിൽ നിന്നും കണ്ടെത്തിയിരിക്കുന്ന പുതിയ അവശിഷ്ടങ്ങളിലെ എല്ലുകളുടെ ഘടന ആധുനിക മനുഷ്യന്റെതിന് തുല്യമാണെന്നും വ്യക്തമായിരിക്കുന്നു. ഇവിടെ നിന്നും കണ്ടെത്തിയിരിക്കുന്ന ശിലായുധങ്ങൾ ഹോമോസാപ്പിയൻസിന്റെ ആവിർഭാവവുമായി ബന്ധപ്പെട്ടവയാണെന്നും ഗവേഷകർ അനുമാനിക്കുന്നു. ജർമനിയിലെ ലെയ്പ്‌സിഗിലുള്ള മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷണറി ആൻന്ത്രോപ്പോളജിയിലെയും മൊറോക്കോയിലെ റാബാട്ടിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആർക്കിയോളജി ആൻഡ് ഹെറിറ്റേജിലെയും ഗവേഷകരടങ്ങുന്ന സംഘമാണീ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

ഇവിടെ നിന്നും കണ്ടെത്തിയ ഹോമോസാപ്പിയൻസ് അവശിഷ്ടങ്ങൾക്കൊപ്പം മൃഗങ്ങളുടെ എല്ലുകളും കണ്ടെത്തിയിട്ടുണ്ട്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് മനുഷ്യൻ ആദ്യമായി ആവിർഭവിച്ചതെന്ന വാദത്തിന് ഒന്ന് കൂടി അടിവരയിടുന്നതാണ് പുതിയ കണ്ടുപിടിത്തം. ഇതിന് മുമ്പ് ഏറ്റവും പഴയ ഹോമോസാപ്പിയൻസ് ഫോസിലുകൾ കണ്ടെത്തിയിരുന്നത് എത്യോപ്യയിലെ ത ഓമോകിബിഷിൽ നിന്നായിരുന്നു. ഇതിന്റെ പ്രായമാണ് 195,000 വർഷമായി കണക്കാക്കിയിരിക്കുന്നത്.ഇപ്പോൾ നിലവിലുള്ള മനുഷ്യരെല്ലാം അക്കാലത്ത് ഈസ്റ്റ് ആഫ്രിക്കയിൽ ജീവിച്ചിരുന്നവരിൽ നിന്നും ഉരുത്തിരിഞ്ഞ് വന്നവരാണെന്നായിരുന്നു നാളിതുവരെ മിക്ക ഗവേഷകരും വിശ്വസിച്ചിരുന്നത്.

 

എന്നാൽ ആഫ്രിക്കയിലുടനീളം ഹോമോസാപ്പിയൻസ് മൂന്ന് ലക്ഷം വർഷങ്ങൾക്ക് മുമ്പ് തന്നെ വ്യാപിച്ചിരുന്നുവെന്നാണ് തങ്ങളുടെ പുതിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നതെന്നാണ് പുതിയ പഠനത്തിന് നേതൃത്വം നൽകിയിരിക്കുന്ന പ്രഫ. ജീൻ ജാക്യൂസ് ഹബ്ലിൻ പറയുന്നത്. പുതിയതായി കണ്ടെത്തിയ ഫോസിലുകളിലെ തലയോടും പല്ലുകളും ആധുനിക മനുഷ്യന്റേതിന് തുല്യമാണെന്നും ഗവേഷകർ വെളിപ്പെടുത്തുന്നു.