കട്ടപ്പന: ഉപ്പുതറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 4 യുവാക്കൾ പിടിയിൽ. ലോൺട്രി കടുവിനാൽ അഖിൽ രാധാകൃഷ്ണൻ(23), പൊരികണ്ണി വൃന്ദാ ഭവൻ അനന്തു രാജൻ(20), കാഞ്ചിയാർ കക്കാട്ടുകട ചീങ്കല്ലേൽ വിഷ്ണു ബിജു(21), കരിന്തരുവി കാപ്പിക്കാട് ലയത്തിൽ കിരൺ വനരാജൻ(27) എന്നിവരെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്.

2021 ഒക്ടോബർ മുതൽ ഏപ്രിൽ 22 വരെ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചാണ് യുവാക്കൾ പീഡിപ്പിച്ചത്. ഫോൺ വഴി ബന്ധം സ്ഥാപിച്ചായിരുന്നു പീഡനം. പെൺകുട്ടിയെ പ്രലോഭനത്തിൽ പെടുത്തി വിവിധ സ്ഥലങ്ങളിലെത്തിക്കുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പെൺകുട്ടി ഗർഭിണിയായ വിവരം യുവാക്കളെ അറിയിച്ചുവെങ്കിലും കയ്യൊഴിഞ്ഞു.

നാല് പേർക്കും പരസ്പരം പരിചയമില്ലെന്നും 17കാരിയായ പെൺകുട്ടി ഏഴ് മാസം ഗർഭിണിയാണെന്നും പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഉപ്പുതറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എസ്എച്ഒ ബാബു ഇ, ഉദ്യോഗസ്ഥരായ ജോജി ജോസഫ്, രാജേഷ് വി.ആർ. എന്നിരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. മറ്റാരെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോ എന്നതറിയാൻ കൗൺസലിങ് നൽകാനൊരുങ്ങുകയാണ് പൊലീസ്. സംഭവത്തിൽ ഡിഎൻഎ പരിശോധനയും നടത്തും. പൂപ്പാറയിൽ അടുത്തിടെ ബംഗാളി സ്വദേശിനിയെ ആറ് പേർ ചേർന്ന് കൂട്ടമാനംഭംഗത്തിനിരയാക്കിയിരുന്നു. കട്ടപ്പനയിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും നാല് യുവാക്കൾ പിടിയിലായിരുന്നു.