ഇൻഡോർ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധിച്ച് മധ്യപേദേശിലെ മുതിർന്ന നേതാക്കൾ ബിജെപി വിട്ടു. യോഗി നിരന്തരം ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ചാണ് ഇങ്ങിനെ ഒരു നടപടി. ബിജെപിയുടെ റാവു നഗർ വൈസ് പ്രസിഡന്റ് സോനു അൻസാരി, മഹാറാണ പ്രതാപ് മണ്ഡൽ വൈസ് പ്രസിഡന്റ് ഡാനിഷ് അൻസാരി, മണ്ഡൽ വൈസ് പ്രസിഡന്റ് അമൻ മേമൻ, ഇൻഡോറിലെ മൈനോറിറ്റി സെൽ അംഗങ്ങളായ അനിസ് ഖാൻ, റിയാസ് അൻസാരി തുടങ്ങിയവരാണ് പാർട്ടിയിൽ നിന്ന് പുറത്തുപോയത്.

മധ്യപ്രദേശിലെ റൗവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് യോഗി വിവാദ പ്രസ്താവന നടത്തിയത്. യോഗിയുടെ 'അലി-ബജ്‌റംഗ്ബലി' പരാമർശമാണ് നേതാക്കളെ ചൊടിപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിന് മറുപടി നൽകുന്നതിനിടെയായിരുന്നു യോഗിയുടെ വിവാദ പരാമർശം. 'കോൺഗ്രസ് അലിയെ മുറുകെ പിടിക്കട്ടെ, നമുക്ക് ബജ്റംഗ്ബലിയെ ഒപ്പം നിർത്താം '- എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് നേതാക്കളുടെ ഇടയിൽ ഉണ്ടായിരുന്നത്.

മുസ്ലിം വിഭാഗത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് യോഗി ആദിത്യനാഥ് സംസാരിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു. രാജിക്കത്ത് ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് നൽകിയതായും അവർ അറിയിച്ചു. തിരഞ്ഞെടുപ്പിലെ വിജയം മാത്രം മുൻനിർത്തി മതവിഭാഗങ്ങളെ വേർതിരിച്ചുകൊണ്ട് യോഗി ആദിത്യനാഥ് നടത്തുന്ന പ്രസ്താനവയിൽ മനംമടുത്താണ് പാർട്ടി വിടുന്നതെന്ന് ഇവർ വ്യക്തമാക്കി.നാലു വർഷമായി മുസ്ലിം വിഭാഗത്തെ അധിക്ഷേപിക്കുന്നത് കണ്ട് നിൽക്കുകയാണ്. ഇത്തരം പ്രസ്താവനകൾ സമൂഹത്തിൽ നിന്ന് നമ്മെ അകറ്റുന്നു. യോഗി ആദിത്യനാഥിനെപ്പോലുള്ള മുതിർന്ന നേതാക്കൾ അത്തരം പ്രസ്താവനകൾ ഉന്നയിക്കുമ്പോൾ നമ്മുടെ സമുദായത്തോട് നമുക്ക് വോട്ട് ചോദിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഇനി ഞങ്ങൾ ബിജെപിക്കൊപ്പം നിൽക്കാൻ സാധിക്കില്ലെന്ന് പാർട്ടി അംഗത്വം രാജിവെച്ച അമൻ മേമൻ പറഞ്ഞു.

ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കും സംസ്ഥാന അധ്യക്ഷൻ രാകേഷ് സിങിനും കത്തയ്ക്കുമെന്ന് ബിജെപി മൈനോറിറ്റി സെൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് നസീർ ഷാ പറഞ്ഞു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹഹറിൽ ഈയിടെ ഉണ്ടായ ഗോവധ കലാപത്തിലും യോഗിയുടെ പ്രതികരണം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഒരു പൊലീസ് ഓഫീസർ വെടിയേറ്റ് മരിച്ചതിനെ കുറിച്ച് ഒരക്ഷരംപോലും പറയാതെ പശുവിനെ അറുത്തവരെ ഉടൻ അറസ്റ്റു ചെയ്യണമെന്നായിരുന്നു യോഗിയുടെ നിർദ്ദേശം. അനധികൃത അറവുശാലകൾക്കെതിരെ ശക്തമായ നടപടി വേണമെന്നും യോഗി നിർദേശിച്ചു. ഇതും വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.