ഷാർജ: ഷാർജയിൽ നിർത്തിയിട്ട ട്രക്കിന് പിന്നിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് മലയാളിയുൾപ്പെടെ നാല് പേർ മരിച്ചു. മലയാളിയായ പ്രവീൺ കുമാർ, സ്വദേശികളായ വൈ.ഐ. ഖാലിദ്, യൂസഫ് എം. ഇബ്രാഹിം, ബംഗ്ലാദേശ്സ്വദേശി റഹ്മത്ത് അലി ഷംസ് എന്നിവരാണ് മരിച്ചത്.

വിമാനത്താവളം റോഡിൽ മൂന്ന്, നാല് ഇന്റർചേഞ്ചുകൾക്കിടയിൽ ഇന്ന് പുലർച്ചെ രണ്ടിനായിരുന്നു അപകടം. അമിത വേഗം മൂലം നിയന്ത്രണംവിട്ട ഫോർ വീൽ ഡ്രൈവ്‌ പാതയോരത്ത് നിർത്തിയിട്ട ട്രക്കിന് പിറകിൽ ഇടിക്കുകയായിരുന്നു.മറ്റൊരു വാഹനത്തെ മറികടക്കാനായി വലതുവശം ചേർന്ന് ഓടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ട്രക്കിനടിയിലേയ്ക്ക് തള്ളിക്കയറി വാഹനത്തിലെ നാലു പേരും തൽക്ഷണം മരിച്ചു. മുന്നറിയിപ്പ് സിഗ്‌നലില്ലാതെയായിരുന്നു ട്രക്ക് നിർത്തിയിട്ടിരുന്നത്. അടിയന്തര ഘട്ടങ്ങളിലല്ലാതെ പാതയരികിൽ, പ്രത്യേകിച്ച് വലതുഭാഗത്ത്

വാഹനം നിർത്തിടരുതെന്ന് ഗതാഗത വിഭാഗം ഡയറക്ടർ കേണൽ ഷവാഫ് അബ്ദുൽ റഹ്മാൻ പറഞ്ഞു.അപകടത്തിൽപ്പെട്ട ചിലരുടെ മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണെന്നാണ് സൂചന.മൃതദേഹങ്ങൾ അൽ ഖാസിമി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ച പ്രവീൺ കുമാറിനെ കുറിച്ചുള്ള വിശദാംശങ്ങൾ അറിവായിട്ടില്ല.