ന്യൂഡൽഹി: ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വിലയിടാൻ അത്ര എളുപ്പം സാധിക്കില്ലെന്നാണ് കാൺപൂർ ഐഐടിയിലെ നാല് വിദ്യാർത്ഥികൾ തങ്ങളുടെ നിലപാടുകളിലൂടെ തെളിയിച്ചിരിക്കുന്നത്. വർഷത്തിൽ ഒരു കോടി രൂപ ശമ്പളം വാഗ്ദാനം ചെയ്തിട്ടും ഇവരടെ മനസ്സിളകിയില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിൽ രണ്ടുപേർ തൊഴിൽപരമായ സഫലീകരണത്തിന് പ്രാധാന്യം നൽകിയപ്പോൾ മറ്റ് രണ്ടുപേർ ഉന്നതപഠനത്തിന് മുൻതൂക്കം നൽകിയാണ് ഉയർന്ന ശമ്പളവും ജോലിയും വേണ്ടെന്ന് വച്ചിരിക്കുന്നത്. കാൺപൂരിലെ പ്രീമിയർ ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ട് വിദ്യാർത്ഥികളും രണ്ട് വിദ്യാർത്ഥിനികളുമാണീ തീരുമാനമെടുത്തിരിക്കുന്നത്.

ഇതിൽ രണ്ട് ആൺകുട്ടികളും ഉന്നതപഠനത്തിന് പ്രാധാന്യം നൽകി മാറി നിൽക്കുകയായിരുന്നുവെന്നാണ് ഐഐടി കാൺപൂർ പ്ലേസ്‌മെന്റ് സെല്ലിന്റെ ചെയർമാനായ പ്രഫ. ദീപു ഫിലിപ്പ് പറയുന്നത്. ബുധനാഴ്ച ക്യാമ്പസിൽ നടന്ന പ്ലേസ്‌മെന്റ് ഇന്റർവ്യൂവിനിടെയാണ് മൾട്ടിനാഷണൽ കമ്പനികൾ ഈ അത്ഭുത ഓഫർ ഈ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചത്. എന്നാൽ ഈ വിദ്യാർത്ഥികളുടെ പേര് വെളിപ്പെടുത്താൻ ദീപു ഫിലിപ്പ് തയ്യാറാകുന്നില്ല. വർഷം തോറും 150,000 യുഎസ് ഡോളർ അഥവാ 93 ലക്ഷത്തിനടുത്ത രൂപയാണ് ഇവർക്ക് ശമ്പളമായി വാഗ്ദാനം ചെയ്യപ്പെട്ടത്. ഇതിന് പുറമെ മറ്റ് ഇൻസെന്റീവ്‌സുകളും ലഭ്യമാകും. മൊത്തത്തിൽ ഈ പാക്കേജ് ഒരു കോടിയിലധികം വരുമായിരുന്നുവെന്നാണ് ദീപു പറയുന്നത്.

തങ്ങളുടെ സ്വഭാവസവിശേഷതയക്ക് ഈ ജോലി യോജിക്കില്ലെന്നാണ് ഇതിലൊരു പെൺകുട്ടിയും ഒരു ആൺകുട്ടിയും വ്യക്തമാക്കിയത്. പ്രഫണൽ ഫുൾഫിൽമെന്റിനാണ് തങ്ങൾ പ്രാധാന്യം കൊടുക്കുന്നതെന്നും അവർ വ്യക്തമാക്കിയത്. പിന്നീട് അവരിരുവരും വർഷത്തിൽ 50 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ഒരു ചെറിയ കമ്പനിയിലെ ജോലി സ്വീകരിക്കുകയും ചെയ്തു. മറ്റ് രണ്ടു പേർ ഉന്നതപഠനത്തിന് പ്രാധാന്യം നൽകി ഒരു കോടി ഓഫർ വേണ്ടെന്ന് വയ്ക്കുകയുമായിരുന്നു. ഖരഗ്പൂർ ഐഐടിയിലെ ഒരു വിദ്യാർത്ഥിക്ക് കുറച്ച് ദിവസം മുമ്പ് നടന്ന ക്യാമ്പസ് പ്ലേസ്‌മെന്റ്‌സിൽ വച്ച് ഒന്നരക്കോടി രൂപ വാർഷികശമ്പളം വാഗ്ദാനം ചെയ്തിരുന്നു. ഇതൊരു റെക്കോർഡാണ്.

എന്നാൽ ഈ വിദ്യാർത്ഥിയെയും കമ്പനിയെയും കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഐഐടി അധികൃതർ തയ്യാറായില്ല. ഇതിലൂടെ ഈ വിദ്യാർത്ഥിക്ക് അനാവശ്യം ശ്രദ്ധ കിട്ടുമെന്നാണ് അധികൃതർ പറയുന്നത്. ഡിസംബർ ഒന്നിനാണ് കാൺപൂർ ഐഐടിയിൽ പ്ലേസ്‌മെന്റ് ഡ്രൈവ് ആരംഭിച്ചത്. 1290 വിദ്യാർത്ഥികൾ ഇതിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്ലേസ്‌മെന്റ് ഡ്രൈവ് ഈ മാസം 24 വരെ നീണ്ടുനിൽക്കും.