റിയാദ്: സരിതയുടെ നഗ്ന വീഡിയോ പ്രചരിപ്പിച്ചവർക്കെതിരായ പരാതി തമാശയായി കരുതിയ പ്രവാസികൾ കരുതലോടെയിരിക്കുക. നിങ്ങൾ ഷെയർ ചെയ്ത വീഡിയോ തെളിവായി ആരെങ്കിലും നിങ്ങളുടെ രാജ്യത്തു പരാതിപ്പെട്ടാൽ പണികിട്ടും. സുഹൃത്തായ ഒരു ബംഗ്ലാദേശി പൗരനു കൈമാറിയ വീഡിയോ അയാൾ അറബിക്ക് അയച്ചതോടെ കേസും പുലിവാലുമായി പിടിയിലായതു നാലു മലയാളികളാണ്. അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നത് ഗുരുതര കുറ്റമായ സൗദിയിൽ അറസ്റ്റിലായ നാലു മലയാളികളും ഇപ്പോൾ നേരിടുന്നത് കടുത്ത നടപടികളാണ്.

സോളാർ കേസിലൂടെ വിവാദനായികയായ സരിത എസ് നായരുടെ അശ്ലീല വീഡിയോ വാട്‌സാപ്പിൽ പ്രചരിച്ചത് വീണ്ടും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതു പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കുമെന്ന് സരിത മാദ്ധ്യമങ്ങളോടു പറയുകയും ചെയ്തിരുന്നു. നിരവധിപേർക്ക് വാട്‌സാപ്പിലൂടെ വീഡിയോദൃശ്യങ്ങൾ നൽകിയവർക്ക് വക്കീൽ നോട്ടീസ് ലഭിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് നാലുമലയാളികൾ സൗദിയിൽ അറസ്റ്റിലാകുന്നത്. സൗദി പൗരന്റെ പരാതിയെത്തുടർന്നാണ് സൗദി പൊലീസ് ഇവരെ അറസ്റ്റുചെയ്തത്.

ബംഗ്ലാദേശ് പൗരനിൽ നിന്നാണ് സൗദി പൗരന് സരിതയുടെ അശ്ലീല ദൃശ്യങ്ങൾ ലഭിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇതേത്തുടർന്ന് സൗദി പൊലീസ് ഉറവിടം തേടിയപ്പോഴാണ് മലയാളികൾ പിടിയിലായത്.

അശ്ലീല ചിത്രങ്ങൾ കൈവശം വയ്ക്കുന്നതും പ്രചരിപ്പിക്കുന്നതും സൗദി അറേബ്യയിൽ ഗുരുതരമായ കുറ്റകൃത്യമാണ്. അശ്ലീല വിഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും ചാട്ടയടിയും വരെ ലഭിക്കാം. വാട്‌സ് ആപ് ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സൗദി പൊലീസും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ, കോൺഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കെതിരായ കേസ് പിൻവലിച്ചിട്ടില്ലെന്നു സരിത എസ് നായർ പറഞ്ഞു. ഇക്കാര്യത്തിൽ നിയമനടപടികൾ തുടരുകയാണെന്നും സരിത കോഴിക്കോട്ട് മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.