- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതുവർഷ ദിനത്തിൽ വീണ്ടും ദുരന്തവാർത്ത; തമിഴ്നാട്ടിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; നാലുപേർ മരിച്ചു; ദുരന്തത്തിൽ പെട്ടത് പുതുവർഷ പൂജ നടത്താനായി എത്തിയ ജോലിക്കാർ
ചെന്നൈ: പുതുവർഷ ദിനത്തെ കണ്ണീരണിയിച്ച് മറ്റൊരു ദുരന്ത വാർത്ത കൂടി.തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർ മരിച്ചു.എട്ടുവയസുള്ള ഒരു കുട്ടി അടക്കം എട്ടുപേർക്ക് പരിക്കേറ്റു.മൂന്ന് പേർ സംഭവ സ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്.പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.
ശ്രീവല്ലിപുത്തുരിലെ ആർ.കെ.വി എം. പടക്കനിർമ്മാണ ശാലയിൽ ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്.എസ്. കുമാർ (38), പി. പെരിയസ്വാമി (40), എസ്. വീരകുമാർ (40), പി. മുരുഗേശൻ (38) എന്നിവരാണ് മരിച്ചത്. കുമാർ, പെരിയസ്വാമി, വീരകുമാർ എന്നിവർ സംഭവ സ്ഥലത്തുവെച്ചും മുരുഗേശൻ ശിവകാശി ജില്ലാ ആശുപത്രിയിൽവെച്ചുമാണ് മരണപ്പെട്ടത്. പരിക്കേറ്റവർ ശിവകാശി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
പുതുവർഷത്തെ വരവേൽക്കാൻ പൂജ നടത്താനായാണ് ജോലിക്കാർ പടക്ക നിർമ്മാണ യൂണിറ്റിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.അപകടത്തിൽ പരിക്കേറ്റ തൊഴിലാളികളിലൊരാളായ ഗോപാലകൃഷ്ണൻ പൂജക്കായി മകനേയും ഒപ്പം കൂട്ടിയിരുന്നു. ഫയർഫോഴ്സും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാൽ അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ