- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചാടെടി പെണ്ണെ...എന്ന് ഒരിക്കൽ കൂടി പറഞ്ഞുതീർന്നില്ല.. അവൾ ചാടി'; മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് ചാടിയ ഗർഭിണി പൂച്ച സെയ്ഫ്; രക്ഷാദൗത്യ വീഡിയോ വെറൽ ആയതോടെ അഭിനന്ദനവും 50,000 ദിർഹം സമ്മാനവുമായി ദുബായ് ഭരണാധികാരി; മലയാളി നസീർ മുഹമ്മദ് മറുനാടനോട്
കോതമംഗലം: ദുബൈ് ഭരണാധികാരിയുടെ ദൂതൻ കരാമ ബസ് സ്റ്റേഷനിൽ കാത്തുനിന്ന് സമ്മാനം കൈമാറിയ നിമിഷം ഓർക്കുമ്പോൾ ഇപ്പോഴും ചങ്കിൽ പെടപെടപ്പാണ്. കേട്ടവരെല്ലാം നല്ല കാര്യമെന്ന് പറഞ്ഞ് അഭിനന്ദനം കൊണ്ടുമൂടി. നാട്ടിൽ വിവരമെത്തിയപ്പോൾ നിരവധി പേർ വീട്ടിലെത്തി ഭാര്യയെയും മക്കളെയും കണ്ട് അഭിനന്ദിക്കുകയും വിശേഷം തിരക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. ദൈവത്തിന്റെ കാരുണ്യം അല്ലാതെ ഇതിനെക്കുറിച്ച് മറ്റെന്തുപറയാൻ! കെട്ടിടത്തിന്റെ 3-ാം നിലയിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയുടെ താഴേയ്ക്കുള്ള ചാട്ടത്തിൽ പരിക്കേൽക്കാതെ രക്ഷപെടുത്തിയ നാൽവർ സംഘത്തിലെ മലയാളിയായ തലക്കോട് അറയ്ക്കൽ നസീർ മുഹമ്മദ് മറുനാടനോട് മനസു തുറന്നത് ഇങ്ങനെ.
ദൂബായിൽ സർക്കാരിന്റെ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റിയിലെ ഡ്രൈവറാണ് നസീർ മുഹമ്മദ്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8.30 തോടടുത്തായിരുന്നു രക്ഷാദൗത്യത്തിന്റെ തുടക്കം. ഇത് ഇത്തരത്തിൽ ലോകം മുഴുവൻ ചർച്ചചെയ്യപ്പെടുന്ന ഒരു സംഭവമായി മാറുമെന്ന് ഒരിക്കലും കരുതിയില്ലെന്നും നസീർ പറഞ്ഞു.
സർക്കാർ ബഹുമതിയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനാക്കിയ സംഭവം നസീറിന്റെ വാക്കുകളിൽ:
'രാവിലെ ഉറക്കമുണർന്ന് പുറത്തേക്കുനോക്കുമ്പോഴാണ് താമസ്ഥലത്തിന് നേരെ എതിർവശത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ഒരു പൂച്ച താഴേയ്ക്കു ചാടാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. സൂക്ഷിച്ച് നോക്കിയപ്പോൾ ഗർഭണിയാണെന്നും മനസ്സിലായി. പിന്നെ ഒട്ടും താമസിക്കാതെ താഴെയെത്തി. റോഡ് മുറിച്ചുകടന്ന് പൂച്ചയെ കണ്ട് കെട്ടിടത്തിന്റെ താഴെയെത്തി. ഈ സമയം കയ്യിലുണ്ടായിരുന്നത് ഒരു തോർത്തായിരുന്നു.
ഇത് തൊട്ടിൽ രൂപത്തിലാക്കി പിടിച്ചശേഷം മുകളിലേക്ക് നോക്കി. പൂച്ച ഇത് ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായപ്പോൾ ചാടെടി പെണ്ണെ...എന്നും പറഞ്ഞ് സ്നേഹത്തോടെ വിളിച്ചുനോക്കി.ഒന്നുരണ്ടുവട്ടം ചാടാനാഞ്ഞെങ്കിലും അവൾ ഭയപ്പെട്ട് പിന്നോട്ടുമാറി. രക്ഷപ്രവർത്തനം കണ്ട് ഇതിനിടയിൽ കെട്ടിടത്തിന് സമീപം ചെറിയ ആൾക്കൂട്ടവും രൂപപ്പെട്ടിരുന്നു.
ഇതിനിടയിൽ ആരോ ഒരുപുതപ്പ് കൊണ്ടുവന്നു. കൂടി നിന്നവർ നാലുമൂലയ്ക്കും പിടിച്ചതോടെ വീണ്ടും പൂച്ചയെ നോക്കി ചാടെടി പെണ്ണെ... എന്ന് ഒരിക്കൽ കൂടി പറഞ്ഞു. പറഞ്ഞുതീർന്നില്ല, അവൾ ചാടി. പുതപ്പിൽ നിന്നും എടുത്ത് താഴെ വിട്ടപ്പോൾ കാലിൽ ഉരുമ്മി സ്നേഹം പ്രകടിപ്പിച്ചു. പിന്നെ അൽപ്പം പാൽ നൽകി. ഇതോടെ എല്ലാവരും പിരിഞ്ഞു. പിന്നെ കുളിയൊക്കെ കഴിഞ്ഞ് ജോലിക്കുപോകാനുള്ള ഒരുക്കമായി.
ജോലികഴിഞ്ഞ് വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കോഴിക്കോട് വടകര സ്വദേശിയും അടുത്തുള്ള ഗ്രോസറി ഉടമയുമായ അബ്ദുൽ റാഷിദ് (റാഷിദ് ബിൻ മുഹമ്മദ്)പകർത്തി ട്വറ്ററിൽ പോസ്റ്റുചെയ്ത രക്ഷപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യം വൈറലായതായി അറിയുന്നത്.
രക്ഷാദൗത്യത്തെ അഭിനന്ദിച്ചുകൊണ്ട് ദുബായ് ഭരണാധികാരി ട്വിറ്ററിൽ പോസ്റ്റ് ഇട്ടതായും അറിഞ്ഞു. പിറ്റേന്ന് രക്ഷപ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പൊലീസിനെ ചുമതപ്പെടുത്തിയതായും വിവരം കിട്ടി. ിറ്റേന്ന് രാവിലെ രണ്ട് പൊലീസ് വാഹനങ്ങൾ താമസിക്കുന്ന കെട്ടിടത്തിന് താഴെ വന്നുനിന്നു. വരെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. പൂച്ചയെ അവർ ഏറ്റെടുത്തു. അങ്ങനെ അവൾ (പൂച്ച)സർക്കാർ അതിഥിയായി. ഉദ്യോഗസ്ഥർ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിച്ചു. അവൾക്ക് ഒരു കുഴപ്പവുമില്ലെന്ന് അറിഞ്ഞപ്പോൾ പടച്ചവന് ഒരു വട്ടം കൂടി സ്തുതി ചൊല്ലി.
Proud and happy to see such acts of kindness in our beautiful city.
- HH Sheikh Mohammed (@HHShkMohd) August 24, 2021
Whoever identifies these unsung heroes, please help us thank them. pic.twitter.com/SvSBmM7Oxe
ഇതിന് പിന്നാലെയാണ് അത്ഭുതപ്പെടുത്തി കൊണ്ട് വ്യാഴാഴ്ച ദുബായ് ഭരണാധികാരിയുടെ ഒഫീഷ്യലിന്റെ വിളി എത്തുന്നത്.ജോലിയിൽ ആണെന്ന് പറഞ്ഞപ്പോൾ എപ്പോൾ കാണാമെന്നായി ഒഫീഷ്യലിന്റെ അടുത്ത ചോദ്യം. കരാമ ബസ്റ്റേഷനിൽ 10 മിനിട്ട് സമയമുണ്ടെന്നും അവിടെ കാണാമെന്നും മറുപടി നൽകി. രാത്രി 7.30 തോടെ ബസ്സ് കരാമ സ്റ്റേഷനിലെത്തുമ്പോൾ ഭരണാധികാരിയുടെ പ്രതിനിധി അവിടെ കാത്തു നിൽക്കുകയായിരുന്നു.
ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങി, അടുത്തെത്തിയപ്പോൾ അദ്ദേഹം അഭിനന്ദിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സമ്മാനം എന്നും പറഞ്ഞ് ഒരു കവറും കൈമാറി. ആശംസകൾ കൈമാറി മിനിട്ടുകൾക്കുള്ളിൽ അദ്ദേഹം യാത്ര പറഞ്ഞ് പിരിഞ്ഞു.കുറച്ചുനേരത്തേക്ക് നടന്നതെല്ലാം സ്വപ്നമാണോ എന്നുപോലും തോന്നിപ്പോയി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെതായിരുന്നു സമ്മാനം. കവറിൽ 50000 ദിർഹം ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ അക്ഷരാർത്ഥത്തിൽ അമ്പരപ്പായി. പിന്നെ അഭിനന്ദനപ്രവാഹമായി. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ 4 പേരെക്കുറിച്ച് ദുബൈയിലെ മാധ്യമങ്ങളിൽ വാർത്തകൾ പ്രത്യക്ഷപ്പെട്ടതോടെ സംഭവം ലോകശ്രദ്ധിയിലേക്കും എത്തി.
ദൂബായ് ഭരണാധികാരി അഭിനന്ദിച്ചതും സമ്മാനം നൽകിയതും നാട്ടിലും അറിഞ്ഞിരുന്നു.സുഹൃത്തുക്കളിൽ ചിലർ നാട്ടിൽ നിന്നും വിളിച്ച് അഭിനന്ദനം അറിയിച്ചു. സംഭവമറിഞ്ഞ അയൽവാസികളും അടുപ്പക്കാരും വീട്ടിലെത്തി ഭാര്യയെയും മക്കളെയും മറ്റും കണ്ട് സന്തോഷം അറിയിക്കുന്നുണ്ട് .
എല്ലാം പടച്ചവന്റെ കൃപ.നസീർ വാക്കുകൾ ചുരുക്കി.നസീറിനൊപ്പം രക്ഷപ്രവർത്തനത്തിൽ പങ്കാളികളായ മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാൻ സ്വദേശി ആതിഫ് മഹമ്മൂദ്, കോഴിക്കോട് വടകര സ്വദേശി അബ്ദുൽ റാഷിദ് എന്നിവർക്കും 50000 ദിർഹം വീതം സമ്മാനം ലഭിച്ചിട്ടുണ്ട്.