- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം നടിച്ചും തട്ടിക്കൊണ്ടു പോയും പീഡനം; ഹൈദരാബാദിലെ വിവിധ സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത് നാല് വ്യത്യസ്ത കേസുകൾ; ഇരയായതിൽ അനാഥാലയത്തിലെ അന്തേവാസിയും; കൂട്ടബലാത്സംഗത്തിന്റെ അന്വേഷണത്തിനിടെ സമാനമായ സംഭവങ്ങൾ
ഹൈദരാബാദ്: പതിനേഴുവയസ്സുകാരിയെ കാറിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പേ ഹൈദരാബാദ് നഗര പരിധിയിലെ വിവിധ സ്‌റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തത് നാല് വ്യത്യസ്ത കേസുകൾ. നഗരപരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ നാല് വ്യത്യസ്ത കേസുകൾ റിപ്പോർട്ട് ചെയ്തത്. 17-കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് തൊട്ടടുത്ത ദിവസങ്ങളിലായി പുതിയ പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സുൽത്താൻഷാഹിയിൽ മുത്തശ്ശിയുടെ വീട്ടിലേക്ക് പോയ 12 വയസ്സുകാരിയെയാണ് ടാക്സി ഡ്രൈവറും മറ്റൊരാളും ചേർന്ന് പീഡിപ്പിച്ചത്. മെയ് 31-ാം തീയതി വീട്ടിൽനിന്നിറങ്ങിയ പെൺകുട്ടിയെ പിന്നീട് കാണാതായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പിറ്റേദിവസം സുൽത്താൻഷാഹിയിൽനിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയിൽനിന്ന് മൊഴിയെടുത്തതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ഇതോടെ പൊലീസ് കേസെടുക്കുകയും ടാക്സി ഡ്രൈവറായ ഷെയ്ഖ് കലീം അലി, മുഹമ്മദ് ലുഖ്മാൻ അഹമ്മദ് യസ്ദാനി എന്നിവരെ പിടികൂടുകയും ചെയ്തു.
പെൺകുട്ടിയെ കാറിൽ കയറ്റിയ ടാക്സി ഡ്രൈവർ പിന്നീട് സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഇവിടെവെച്ച് രണ്ടുപ്രതികളും കുട്ടിയെ പീഡിപ്പിച്ചെന്നുമാണ് പൊലീസ് പറയുന്നത്. തുടർന്ന് പിറ്റേദിവസം രാവിലെ സുൽത്താൻഷാഹിയിലെ റോഡരികിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സിനിമ തീയേറ്ററിൽവെച്ച് പീഡിപ്പിച്ചതിന് രാജേന്ദ്രനഗർ സർക്കിൾ പൊലീസ് സ്റ്റേഷനിലാണ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിലെ പ്രതിയും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണ്. ഒരുമാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. നേരത്തെ പരിചയമുള്ള ആൺകുട്ടിക്കൊപ്പം സിനിമയ്ക്ക് പോയപ്പോൾ തീയേറ്ററിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി.
കാലാപഥാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മറ്റൊരു പീഡനക്കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടയിൽ ജോലിചെയ്തിരുന്ന പെൺകുട്ടിയെ 21-കാരൻ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഈ കേസിൽ പ്രതിയായ മുഹമ്മദ് സൂഫിയാനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ഏപ്രിൽ 22-ന് രാംഗോപാൽപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ലൈംഗികപീഡനത്തിലും കഴിഞ്ഞദിവസമാണ് കേസെടുത്തത്. അനാഥാലയത്തിലെ അന്തേവാസിയായ 16-കാരിയെ പീഡിപ്പിച്ചെന്ന കേസിൽ ഫോട്ടോസ്റ്റാറ്റ് കടയിലെ ജീവനക്കാരനായ സുരേഷിനെ(23) പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 22-ാം തീയതിയാണ് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
പെൺകുട്ടിയുമായി നേരത്തെ അടുപ്പം സ്ഥാപിച്ചിരുന്ന പ്രതി, ജന്മദിനം ആഘോഷിക്കാമെന്ന് പറഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും കാറിൽവെച്ച് ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. ഇയാൾ പെൺകുട്ടിക്ക് നൽകിയ മൊബൈൽ ഫോൺ കഴിഞ്ഞദിവസമാണ് അനാഥാലയ നടത്തിപ്പുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കാര്യങ്ങൾ ചോദിച്ചതോടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.
17-കാരിയെ കാറിൽ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഇതുവരെ നാല് പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത മൂന്ന് പേരടക്കം അഞ്ചുപേരാണ് കേസിലെ പ്രതികൾ. മെയ് 28-ാം തീയതിയാണ് പബ്ബിൽനിന്ന് പാർട്ടി കഴിഞ്ഞ് മടങ്ങിയ 17-കാരിയെ പ്രതികൾ കാറിലിട്ട് കൂട്ടബലാത്സംഗം ചെയ്തത്.
പബ്ബിൽനിന്ന് പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിൽ വിടാമെന്ന് പറഞ്ഞ് ആഡംബര കാറിൽ കയറ്റിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. യാത്രയ്ക്കിടെ പെൺകുട്ടിയെ ആഡംബര കാറിൽനിന്ന് മറ്റൊരു കാറിലേക്ക് മാറ്റി. തുടർന്ന് ബഞ്ചറഹിൽസിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് രാത്രി 7.30-ഓടെയാണ് ഇവർ പെൺകുട്ടിയെ തിരികെ പബ്ബിൽ എത്തിച്ചത്.
ന്യൂസ് ഡെസ്ക്