- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശ്ശേരിയിലെ മതവിദ്വേഷ പ്രകടനം; നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ
തലശ്ശേരി: മതവിദ്വേഷ മുദ്രാവാക്യം വിളിച്ച് തലശ്ശേരിയിൽ പ്രകടനം നടത്തിയ സംഭവത്തിൽ നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. ധർമടം പഞ്ചായത്തിലെ പാലയാട് വാഴയിൽ ഹൗസിൽ ഷിജിൽ(30), കണ്ണവം കൊട്ടന്നേൽ ഹൗസിൽ ആർ. രഗിത്ത്(26), കണ്ണവം കരിച്ചാൽ ഹൗസിൽ വി.വി. ശരത്(25), മാലൂർ ശിവപുരം ശ്രീജാലയത്തിൽ ശ്രീരാഗ്(26) എന്നിവരെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. നാല് പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.
ഡിസംബർ ഒന്നിനാണ് തലശ്ശേരിയിൽ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിക്കിടെ ബിജെപി പ്രവർത്തകർ വിദ്വേഷ മുദ്രവാക്യങ്ങളുയർത്തിയത്. യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റിയായിരുന്നു റാലി സംഘടിപ്പിച്ചത്. ''അഞ്ച് നേരം നിസ്‌കരിക്കാൻ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല'' എന്നായിരുന്നു വിവാദമായ മതവിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യം.
ആർ.എസ്.എസ് പ്രവർത്തകരുടെ പ്രകടനത്തിന് പിന്നാലെ ഡിവൈഎഫ്ഐ, യൂത്ത് ലീഗ്, എസ്.ഡി.പി.ഐ സംഘടനകൾ തലശ്ശേരി ടൗണിൽ മുദ്രാവാക്യം വിളിയുമായി പ്രകടനം നടത്തി. എസ്.ഡി.പി.ഐ പ്രകടനത്തിനിടെ വർഗീയ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച്, ബിജെപി പ്രവർത്തകർ വീണ്ടും പ്രകടനം നടത്തും എന്ന് പ്രഖ്യാപിച്ചു. ഇതോടെ തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ണൂർ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.
എന്നാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ബിജെപി പ്രവർത്തകർ തമ്പടിച്ച് നിന്നത് ആശങ്ക വർദ്ധിപ്പിച്ചു. ബിജെപി പ്രവർത്തകർ നഗരം വിടാതിരുന്നത് കലാപത്തിനോ സംഘർഷത്തിനോ ഉള്ള സാധ്യത നിലനിർത്തി. ഇതേ തുടർന്ന് പ്രവർത്തകർ പിരിഞ്ഞ് പോയില്ലെങ്കിൽ എല്ലാവരേയും അറസ്റ്റ് ചെയ്തു നീക്കുമെന്ന് പൊലീസ് ബിജെപി നേതാക്കളെ അറിയിച്ചു. തുടർന്ന് പ്രദേശത്ത് കൂടുതൽ പൊലീസ് സന്നാഹത്തെ എത്തിച്ച് സുരക്ഷ ശക്തമാക്കിയതിനെ തുടർന്നാണ് പ്രകടനക്കാർ പിരിഞ്ഞ് പോയത്.
നിരോധനാജ്ഞ ലംഘിച്ച് വെള്ളിയാഴ്ച തലശ്ശേരിയിൽ പ്രകടനം നടത്തിയ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 25 ബിജെപി പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ