ഡബ്ലിൻ: കോളേജിൽ നിന്നു മടങ്ങുകയായിരുന്ന യുവതികൾ സഞ്ചരിച്ചു കാർ മറ്റൊരു വാനുമായി കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. കാറിലുണ്ടായിരുന്ന നാലു യുവതികളാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. നാലു പേർക്കും ഇരുപതിനു മേലാണ് പ്രായം എന്ന് ഗാർഡ വെളിപ്പെടുത്തുന്നു. ഇന്നലെ രാത്രി പത്തിന് മുമ്പ് കോ കിൽഡെയർ ബേർഡ്‌സ്ടൗണിലാണ് അപകടം നടക്കുന്നത്. എം 9നു മൂന്നു മൈൽ ദൂരെ  എയ്ത്തി എൻ 78ലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

കാറിൽ അഞ്ചു യുവതികളാണുണ്ടായിരുന്നതെന്ന് പറയപ്പെടുന്നു. അപകടത്തിൽ വാനിൽ സഞ്ചരിച്ചിരുന്ന രണ്ടു പുരുഷന്മാർക്കും കാറിലുണ്ടായിരുന്ന ഒരു യുവതിക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മൂന്നു പേരേയും നാസ് ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിഡബ്ല്യൂ ട്രാൻസ്‌പോർട്ടർ വാൻ യുവതികൾ സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ നാസ് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. അപകടത്തിന് ആരെങ്കിലും ദൃക്‌സാക്ഷികളായിട്ടുണ്ടെങ്കിൽ ഗാർഡയെ 059 8634210, 1800 666 111 എന്നീ  നമ്പരുകളിലോ നേരിട്ട് ഏതെങ്കിലും ഗാർഡ സ്‌റ്റേഷനിലോ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.

അപകടത്തിൽ മരിച്ച യുവതികളുടെ പേരുവിവരമൊന്നും ഗാർഡ പുറത്തുവിട്ടിട്ടില്ല.  അതേസമയം അപകടത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണ്ടി വരുമെന്ന് ഗാർഡ അറിയിച്ചു. അപകടം നടന്ന ഭാഗത്ത് റോഡിന് നല്ല വീതിയുണ്ടായിരുന്നെന്നും വാഹനങ്ങൾ കൂട്ടിമുട്ടാനുള്ള സാഹചര്യം തീരെ കുറവാണെന്നുമാണ് ഗാർഡ ചൂണ്ടിക്കാട്ടുന്നത്. അപകടത്തെത്തുടർന്ന് ഒരു ദിവസത്തേക്ക് ഈ റോഡ് അടച്ചിട്ടിരിക്കുകയാണ്. അപകടത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ റോഡ് തുറക്കുകയുള്ളൂവെന്നും ഗാർഡ അറിയിച്ചിട്ടുണ്ട്. 

രാജ്യത്ത് അടിക്കടി റോഡ് അപകടങ്ങൾ വർധിച്ചുവരുന്നതിൽ പരക്കെ ആശങ്ക വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം 196 പേരാണ് റോഡ് അപകടത്തിൽ മരിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുൻ വർഷത്തെക്കാൾ ആറു മരണം കൂടുതലാണ് 2014-ൽ നടന്നിരിക്കുന്നത്.