ന്യൂഡൽഹി: ജമ്മു കശ്മീരിൽ ശക്തമായി തിരിച്ചടിച്ച് സൈന്യം. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 24 മണിക്കൂറിനിടെ നാല് ഭീകരരെ വധിച്ചു. ഇവരിൽ മൂന്ന് പേർ പാക്കിസ്ഥാൻ സ്വദേശികളാണ്. ആയുധങ്ങൾ, ഗ്രനൈഡുകൾ,വലിയ അളവിൽ വെടിക്കൊപ്പുകൾ എന്നിവ പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഷോപിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഹിസ്ബുൾ മുജാഹിദീൻ പ്രവർത്തകനും കുൽഗാം സ്വദേശിയുമായ നദീം അഹമ്മദ് റാതറിനെയാണ് സൈന്യം വധിച്ചത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. സോപോരിൽ നടന്ന ഏറ്റുമുട്ടലിൽ പാക്കിസ്ഥാനിയായ ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ ഹൻസല്ലയെയാണ് വധിച്ചത്. കുപ്വാരയിൽ നടന്ന ഏറ്റുമുട്ടലിൽ പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറിയ തുഫൈലിനെയും മറ്റൊരാളെയുമാണ് വധിച്ചത്.

ജമ്മു കാശ്മീരിൽ ടിഫിൻബോക്‌സിലാക്കിയ സ്‌ഫോടകവസ്തുക്കൾ ഡ്രോൺ ഉപയോഗിച്ച് അതിർത്തി കടത്താനുള്ള ശ്രമവും ബിഎസ്എഫ് തകർത്തു. കുട്ടികളുടെ മൂന്ന് ടിഫിൻ ബോക്‌സിലാക്കി ടൈംബോംബുകളാണ് കടത്താൻ ശ്രമിച്ചത്. ഇന്നലെ രാത്രി ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖയ്ക്കടുത്തെ കനാചക് മേഖലയിലാണ് രണ്ടു തവണയായി ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്.

ദായരൻ മേഖലയിൽ ഡ്രോണിൽ ഘടിപ്പിച്ച സ്‌ഫോടകവസ്തുക്കൾ ബിഎസ്എഫ് വെടിവെച്ചിട്ടു. പക്ഷേ ഡ്രോൺ തകർക്കാനായില്ല. പരിശോധനയിൽ ടിഫിൻ ബോക്‌സുകളിലാക്കിയ സ്‌ഫോടകവസ്തുക്കളിൽ വിവിധ സമയങ്ങളിലായി സ്‌ഫോടനം നടത്താനുള്ള ടൈമറുകളും ഘടിപ്പിച്ചിരുന്നു. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഇവയെല്ലാം നശിപ്പിച്ചെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.