തിരുവനന്തപുരം: ലോകമെങ്ങും ക്രിസ്തുമസ് ആഘോഷത്തിന്റെ തിരക്കിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ രക്ഷകനായി യേശു ക്രിസ്തു പിറന്നതിന്റെ ഓർമ്മപുതുക്കി പുൽക്കൂട് ഒരുക്കിയു നക്ഷത്രങ്ങൾ തെളിയിച്ചുമാണ് ലോകം ആഘോഷത്തിലേക്ക് കടന്നത്. ലോകമെമ്പാടുമുള്ള പള്ളികളിൽ രാത്രികുർബാനകളോട് ആഘോഷങ്ങൾക്ക് തുടക്കമായി. കേരളവും പതിവുപോലെ ക്രിസ്തുമസ് ആഘോഷത്തിലേക്ക് കടന്നു കഴിഞ്ഞു. എന്നാൽ, കടലിന്റെ മക്കൾക്ക് ഇത് കണ്ണീരിന്റെ ക്രിസ്തുമസാണ്.

ജീവിതമാർഗ്ഗം തേടി കടയിൽ പോയ ഉറ്റവരെ കാത്തിരിക്കുന്ന കുടുംബങ്ങളാണ് തിരുവനന്തപുരത്തും കൊല്ലത്തുമായുള്ളത്. ഇവർക്ക് സന്തോഷമല്ല, മറിച്ച് ആധികളുടെ ക്രിസ്തുമസാണ് ഇത്തവണത്തേത്. അതുകൊണ്ട് തന്നെ ആഘോഷങ്ങൾ ലളിതമായി മതിയെന്നാണ് ലത്തീൻ സഭ നിർദ്ദേശിച്ചിരിക്കുന്നത്. അശരണരായവരെ സഹായിക്കാൻ വേണ്ടിയാകണം ഈ ക്രിസ്തുമസ് എന്ന് ആഹ്വാനം ചെയ്ത് ആദ്യം രംഗത്തെത്തിയ ഒരു വൈദികനുണ്ട്. നന്മ നിറഞ്ഞ പ്രവൃത്തികൾ കൊണ്ട് ശ്രദ്ധേയനായ ഫാ. ഡേവിസ് ചിറമേൽ എന്ന മനുഷ്യ സ്‌നേഹി. മറുനാടൻ വായനക്കാർക്ക് വേണ്ടി ക്രിസ്തുമസ് ആശംസകൾ നേർന്നു കൊണ്ട് ഫാദർ മനസുതുറന്നു.

വലിയവനാണെന്ന ചിന്ത ഇറക്കി വെച്ച് പാവങ്ങൾക്കൊപ്പം ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷിക്കാനാണ് ഫാദർ ചിറമേൽ വ്യക്തമാക്കിയത്. വലിയ നക്ഷത്രങ്ങൾ ഇല്ലാതെ വലിയ കേക്ക് മുറിക്കാതെ വലിയ പുൽകൂടില്ലാതെ, ചെറിയ പുൽക്കൂട്ടിൽ ചെറിയ ഉണ്ണിയേശുവിന്റെ വലിയ മഹത്വം കാണിക്കാൻ നമുക്കും ചെറുതാകാമെന്നും അദ്ദേഹം പറയുന്നു. ഫാ. ഡേവിസ് ചിറമേലിന്റെ ക്രിസ്തുമസ് ആശംസ ഇങ്ങനെ:

മനുഷ്യരുടെ ഇടയിലേക്ക് ദൈവം മനുഷ്യനായി ഇറങ്ങി വരുന്നതാണ് ക്രിസ്തുമസ്. ലോകത്തുള്ള എല്ലാ ജനങ്ങളും ജാതി മത ഭേദമില്ലാതെ എല്ലാ മനുഷ്യർക്കും സന്തോഷം ,സമാധാനവും നൽകുക. അങ്ങനെയൊരു ക്രിസ്തുമസ് ആണ് നമുക്ക് വേണ്ടത് . യേശു പുൽക്കൂട്ടിൽ പിറന്നു ലോക മനുഷ്യർക്ക് തന്നെ വ്യത്യസ്തനായി കാണിച്ചു കൊടുക്കുകയാണുണ്ടായത്. യേശു ഈ ലോകത്ത് ജനിച്ചിട്ട് എല്ലാ പ്രതാപങ്ങളും ഉപേക്ഷിച്ച് ചെറിയ പുൽക്കൂട്ടിൽജനിച്ചു, മരിച്ചപ്പോഴും ഭൂമിയിലോ ആകാശത്തോ ഒരിഞ്ചു സ്ഥലമോ എടുത്തിട്ടില്ല. അതുകൊണ്ട് തന്നെ ദൈവീക സ്നേഹത്തിന്റെ ദൈവീക ത്യാഗത്തിന്റെ മനോഹരമായ സന്ദേശമാണ് ക്രിസ്തുമസ്.

ഞാൻ വലിയവനെണെന്നതോന്നൽ ഉള്ളവർ അതിൽ നിന്ന് വിട്ട് ഇറങ്ങി വരിക ചെറിയവരുടെ പാവപ്പെട്ടവന്റെ കൂടെ ഈ ക്രിസ്തുമസ് ആഘോഷിക്കുക. സുവിശേത്തിലും പറയുന്നു ചെറിയ അജഗണമേ നിങ്ങൾ ഭയപ്പെടേണ്ട നിങ്ങൾക്ക് രാജ്യം നൽകുവാൻ സ്വർഗ്ഗസ്ഥനായ പിതാവ് പ്രസാദിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ പാവപെട്ടവന്റെകൂടെയും ചെറിയവരുടെ കൂടെയും ക്രിസ്തുമസ് ആഘോഷിക്കുക ഞങ്ങൾചെറിയവരാണെന്നു തിരുത്താനുള്ള അവസരമാണീ ക്രിസ്തുമസ്. സാധാരണക്കാരിൽ സാധാരണകാരായി ജനിച്ച് നസ്രത്തിൽ വളർന്നു സാധാരണ മനുഷ്യനായി ചുമലിൽ കുരിശുമേന്തി കാൽവരിയിലേക്ക് നടന്നകന്നവനാണ് യേശു ആ യേശുവിന്റെ ജനനമാണ് ക്രിസ്തുമസ്.

ആ പുൽകൂട് കാണുമ്പോൾ നമുക്കു വേണ്ടി ഇത്രയും ത്യാഗം സഹിച്ചതിനു ഇത്രയും ചെറുതായതിനു നമുക്കും ചെറുതാകുകണം അപ്പോൾ നമ്മൾ വലുതാകും. അതിലേക്കെത്തിക്കും ദൈവം. വലിയ നക്ഷത്രങ്ങൾ ഇല്ലാതെ വലിയ കേക്ക് മുറിക്കാതെ വലിയ പുൽകൂടില്ലാതെ, ചെറിയ പുൽക്കൂട്ടിൽ ചെറിയ ഉണ്ണിയേശുവിന്റെ വലിയ മഹത്വം കാണിക്കാൻ നമുക്കും ചെറുതാകാം, യേശു പറയുന്നു,നിങ്ങളോടൊപ്പം ഞാനുണ്ട് .നിങ്ങൾ മറ്റുള്ളവരെയുംനോക്കി പറയുക നിങ്ങളോടൊപ്പം ഞാനുണ്ട്....

  • (പ്രിയ വായനക്കാർക്ക് മറുനാടൻ മലയാളിയുടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ)