ന്യൂഡൽഹി: രണ്ട് ദിവസം മുമ്പാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ പഞ്ചാബ് പൊലീസ് വഴി കേരളാ പൊലീസ് നോട്ടീസ് അയച്ചത്. 19ന് ചോദ്യം ചെയ്യാൻ ഹാജരാകാനായിരുന്നു നിർദ്ദേശം, കേരളത്തിൽ ബിഷപ്പ് എത്തുമെന്ന സൂചന ജലന്ധർ രൂപതയും ഇന്നലെ നൽകി. എന്നാൽ ഹൈക്കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ എതിർ പരമാർശങ്ങൾ ഉണ്ടായില്ലെന്ന് വന്നതോടെ അവർ നിലപാട് മാറ്റും. ചോദ്യം ചെയ്യുന്നതിനു ഹാജരാകാൻ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടിസ് കിട്ടിയിട്ടില്ലെന്നു അഭിഭാഷകൻ ഇപ്പോൾ പറയുന്നു. കേസിൽ ആവശ്യമെങ്കിൽ മുൻകൂർ ജാമ്യം തേടും. ചോദ്യം ചെയ്യാൻ മാത്രമാണെങ്കിൽ നോട്ടിസ് ലഭിച്ചാൽ ഹാജരാകും. അല്ലെങ്കിൽ എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും ബിഷപ്പിന്റെ അഭിഭാഷകനായ മന്ദീപ് സിങ് പറഞ്ഞു.

അന്വേഷണവുമായി സഹകരിക്കുമെന്ന മുൻ പ്രസ്താവനയാണ് അഭിഭാഷകൻ തിരുത്തിയത്. ഇതിൽ ചോദ്യം ചെയ്യാൻ മാത്രമാണ് നോട്ടീസെങ്കിൽ ഹാജരാകുമെന്ന വാദമുണ്ടായിരുന്നു. അതായത് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലേക്ക് പൊലീസ് പോകില്ലെന്ന് ഉറപ്പു കൊടുത്താൽ മാത്രം കേരളത്തിലെത്തുമെന്ന സൂചനയായിരുന്നു ഇത്. ഇതോടെ കേരളാ പൊലീസും ബിഷപ്പും തമ്മിലെ ഒളിച്ചു കളിയാണ് ചോദ്യം ചെയ്യൽ നാടകമെന്നും വ്യക്തമായി. അറസ്റ്റ് ചെയ്യില്ലെന്ന വ്യക്തമായ സൂചന പൊലീസ് ബിഷപ്പിന് നൽകിയിട്ടുണ്ടെന്നതും വ്യക്തമായി. ഇതോടെ വീണ്ടും ജലന്ധർ രൂപത മലക്കം മറിഞ്ഞു. അഭിഭാഷകന്റെ വാദം തള്ളി ജലന്ധർ രൂപത പിന്നീടു രംഗത്തെത്തി. നിലപാടു പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജലന്ധർ രൂപത വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കുമെന്നും രൂപത അറിയിച്ചു.

ഇമെയിൽ വഴിയും ജലന്ധർ പൊലീസ് മുഖേനയുമാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനുള്ള നോട്ടിസ് കേരള പൊലീസ് അയച്ചത്. സിആർപിസി 41 എ വകുപ്പു പ്രകാരമാണ് ബിഷപ്പിന് നോട്ടിസ് അയച്ചത്. ചോദ്യം ചെയ്യുന്നതിനു ബിഷപ് ഹാജരായാൽ വൈക്കം ഡിവൈഎസ്‌പി ആയിരിക്കും നേതൃത്വം നൽകുക. ബിഷപ്പിന്റെയും കന്യാസ്ത്രീകളുടെയും സാക്ഷികളുടെയും മൊഴികളിൽ വൈരുദ്ധ്യങ്ങളുള്ളതായാണ് പൊലീസിന്റെ വിലയിരുത്തൽ. അടുത്ത ബുധനാഴ്ചയ്ക്കു മുമ്പായി ബിഷപ് കേരളത്തിലെത്തുമെന്നും രൂപതാധികൃതർ വ്യക്തമാക്കി. തുടർനടപടികൾ നിയമവിദഗ്ധരുമായി ആലോചിച്ചു നടത്തും. അന്വേഷണത്തോടു പൂർണമായും സഹകരിക്കുമെന്നു ബിഷപ് നേരത്തേതന്നെ വ്യക്തമാക്കിയതാണെന്നും രൂപത അറിയിച്ചു. ഇതിനിടെ രഹസ്യകേന്ദരത്തിലായിരിക്കും ചോദ്യം ചെയ്യലെന്ന സൂചന മറുനാടൻ മലയാളിക്ക് കിട്ടി. ഡിവൈഎസ് പി സുഭാഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുമെന്നത് തെറ്റിധാരണ പരത്താനാണെന്നാണ് ലഭിക്കുന്ന വിവരം.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ അന്വേഷണം പ്രഥമദൃഷ്ട്യാ തൃപ്തികരമാണെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. ഈ ഘട്ടത്തിൽ കോടതി ഇടപെടുന്നത് ഉചിതമാവില്ല, അല്പംകൂടി കാക്കാമെന്ന് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരുമുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ചോദ്യംചെയ്യാൻ സെപ്റ്റംബർ 19-ന് ഹാജരാകാൻ ബിഷപ്പ് ഫ്രാങ്കോയ്ക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനകം ലഭിച്ച തെളിവിലെ വൈരുധ്യംകൂടി വിലയിരുത്തിയാകും അറസ്റ്റിന്റെ കാര്യത്തിൽ അന്വേഷണോദ്യോഗസ്ഥൻ തീരുമാനമെടുക്കുകയെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയിൽ അറിയിക്കുകയും ചെയ്തു. കുറ്റാരോപിതന്റെ അറസ്റ്റിനാണോ കുറ്റം കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനാണോ പ്രാധാന്യമെന്ന് ഹർജിക്കാർ ആലോചിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജിക്കാർ അല്പം ക്ഷമ കാട്ടേണ്ടതാണ്. എല്ലാ പീഡനക്കേസുകളും സിബിഐ. അന്വേഷിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതോടെയാണ് ചോദ്യം ചെയ്യലിനെത്താൻ പുതിയ ഉപാധികൾ പൊലീസിന് മുമ്പിൽ ബിഷപ്പിന്റെ അഭിഭാഷകൻ പറഞ്ഞത്. ഇത് രഹസ്യ ഡീലാക്കണമെന്നും പരസ്യമാക്കരുതെന്നും പൊലീസിലെ ഉന്നതർ തന്നെ നിർദ്ദേശിച്ചു. ഇതോടെയാണ് രൂപത നിലപാട് വിശദീകരണവുമായെത്തി. ഏതായാലും കേരളത്തിലെത്തുന്ന ബിഷപ്പ് ചോദ്യം ചെയ്യലിന് ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മടങ്ങുമെന്നാണ് ലഭിക്കുന്ന സൂചന.

അതീവ രഹസ്യമായി കേരളത്തിലെത്തുന്ന ബിഷപ്പിനെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യും. ചോദ്യാവലി തയ്യാറാക്കി നൽകി ഉത്തരങ്ങൾ എഴുതി വാങ്ങുകയാകും ചെയ്യുക. ബിഷപ്പിനെ ചോദ്യം ചെയ്യാൻ പൊലീസ് ജലന്ധറിൽ എത്തിയപ്പോഴും ചോദ്യാവലി നൽകി ഉത്തരങ്ങൾ വാങ്ങുകയായിരുന്നു. അതു തന്നെയാകും കേരളത്തിലും തുടരുക. ഏതെങ്കിലും സുരക്ഷിതമായ ഗസ്റ്റ ഹൗസിലാകും ചോദ്യം ചെയ്യൽ. ദേശീയ മാധ്യമങ്ങളും വിലയ പ്രാധാന്യത്തോടെ തയ്യാറെടുക്കുന്നതിനാൽ ബിഷപ്പ് എത്തുന്ന ദൃശ്യങ്ങൾ പുറത്തു പോകാതിരിക്കാനാണ് കരുതൽ. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വീണ്ടും തയ്യാറെടുപ്പു തുടങ്ങി.

പീഡിപ്പിച്ചിട്ടില്ല എന്നു ബിഷപ് നൽകിയ മൊഴി കേന്ദ്രീകരിച്ചായിരിക്കും ഇനിയുള്ള ചോദ്യംചെയ്യൽ. ബിഷപ്പിന്റെ മൊഴി തെറ്റാണെന്നു സ്ഥാപിക്കുന്നതിനുള്ള വാദങ്ങൾ പൊലീസ് നിരത്തും. അന്വേഷണ സംഘം സംസ്ഥാനത്തിനകത്തും പുറത്തും ഇതിനുള്ള തെളിവുകൾ ശേഖരിക്കുകയാണെന്നും പൊലീസ് പറയുന്നു. കന്യാസ്ത്രീ, കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു നൽകിയ പരാതിയിൽ പീഡനത്തെപ്പറ്റി പറഞ്ഞിട്ടില്ലെന്നതാണ് ബിഷപ്പിന്റെ വാദങ്ങളിലൊന്ന്. മറ്റൊരാളെക്കൊണ്ട് കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യിച്ചാണ് കർദിനാളിനുള്ള പരാതി തയാറാക്കിയതെന്നും വിവരം പുറത്തു പോകാതിരിക്കാനാണ് പീഡനം സംബന്ധിച്ച സൂചന ഒഴിവാക്കിയതെന്നും കന്യാസ്ത്രീ കഴിഞ്ഞ ദിവസം പൊലീസിനു വിശദീകരണം നൽകി. ഇതോടെ ഈ പ്രശ്‌നം അകന്നു. എന്നാൽ സമാന രീതിയിലുള്ള ആറ് വൈരുദ്ധ്യങ്ങൾ ഇപ്പോഴും പൊലീസിന് മുന്നിലുണ്ട്.

ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ഹൈടെക് ചോദ്യം ചെയ്യൽ മുറിയിലോ കോട്ടയം പൊലീസ് ക്ലബ്ബിലോ ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നുവെന്നാണ് പ്രചരണം ഇരുസ്ഥലത്തെയും സൗകര്യങ്ങൾ പരിശോധിച്ചു. ശാസ്ത്രീയ ചോദ്യം ചെയ്യലിനു സൗകര്യം ഏറ്റുമാനൂരിലെ ഹൈടെക് മുറിയാണെങ്കിലും സുരക്ഷയും മറ്റു സൗകര്യങ്ങളും പൊലീസ് ക്ലബ്ബിലാണുള്ളത്. ഇതെല്ലാം പൊലീസ് പരിശോധിക്കുന്നുവെന്നാണ് പറയുന്നത്. എന്നാൽ ഇവിടെയെല്ലാം ചോദ്യം ചെയ്യൽ നടക്കുമെന്ന പുറമ സൃഷ്ടിച്ച് മറ്റൊരിടത്ത് ചോദ്യം ചെയ്യാനുള്ള സാധ്യതയും വളരെ കൂടുതലാണെന്നാണ് ലഭിക്കുന്ന സൂചന. മാധ്യമങ്ങളെ കബളിപ്പിക്കാനാണ് ഇത്തരത്തിലെ പരിശോധനകൾ ഇപ്പോൾ നടത്തുന്നതും.

അന്വേഷണ ഉദ്യോഗസ്ഥൻ കെ.സുഭാഷിന്റെ നേതൃത്വത്തിലായിരിക്കും ചോദ്യംചെയ്യലെന്നും പറയുന്നു. സഹായത്തിന് മുതിർന്ന ഉദ്യോഗസ്ഥരുമുണ്ടാകും. ഐജി വിജയ് സാക്കറെ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ എന്നിവർ മേൽനോട്ടം വഹിക്കും. അതായത് ബിഷപ്പിനെ രക്ഷിച്ചെടുക്കാൻ മുമ്പിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദം അന്വേഷണ ഉദ്യോഗസ്ഥനായ സുഭാഷിന് തോന്നുവിധം തന്നെയാകും ചോദ്യം ചെയ്യൽ. കോടതിക്കു മുന്നിലുള്ള കാര്യമായതിനാൽ എല്ലാവരും ജാഗ്രത പുലർത്തുമെന്നും ഹൈക്കോടതി പൊലീസിനോട് നിർദ്ദേശം നൽകിയിരുന്നു. കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാവശ്യപ്പെട്ട് കേരള കത്തോലിക് ചർച്ച് റിഫോമേഷൻ മൂവ്മെന്റ്, മലയാളവേദി പ്രസിഡന്റ് ജോർജ് വട്ടുകുളം എന്നിവരാണ് കോടതിയെ സമീപിച്ചത്.

കുറ്റാരോപിതന്റെ അറസ്റ്റ് വൈകുന്നത് കേസിനെ ബാധിക്കുമെന്ന് ഹർജിക്കാർ ബോധിപ്പിച്ചു. കേസ് സിബിഐ.ക്ക് വിടണമെന്നാണ് കായംകുളം സ്വദേശി വി. രാജേന്ദ്രന്റെ ഹർജിയിലെ ആവശ്യം. കേരളമുൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലായാണ് അന്വേഷണം നടത്തുന്നതെന്ന് അന്വേഷണോദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്‌പി. കെ. സുഭാഷ് നൽകിയ റിപ്പോർട്ട് പരിശോധിച്ച കോടതി വിലയിരുത്തി. കേരളത്തിൽ ഏഴു ജില്ലകളിലായാണ് അന്വേഷണം നടക്കുന്നത്. 2014-നും 2016-നും ഇടയിൽ നടന്ന കാര്യമായതിനാൽ തെളിവുശേഖരണം വിഷമംപിടിച്ചതാണെന്ന് കോടതി നിരീക്ഷിച്ചു. സാക്ഷികളുടെയും പ്രതിയുടെയും മൊഴിയിൽ വൈരുധ്യമുള്ളതിനാൽ അക്കാലത്തെ സാഹചര്യങ്ങൾകൂടി പരിശോധിക്കണം. പഴയ സംഭവത്തിലെ അന്വേഷണത്തെ അടുത്തുനടന്ന കുറ്റകൃത്യത്തിലേതിനു സമാനമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന പരാതി കന്യാസ്ത്രീ പൊലീസിന് നൽകിയിട്ട് 80 ദിവസമാകുന്നു. സാധാരണ പൗരനെങ്കിൽ ആദ്യവട്ട മൊഴിയെടുപ്പോടെ തന്നെ അറസ്റ്റിലാകുകയും റിമാൻഡിലാകുകയും ചെയ്യും. പ്രതിസ്ഥാനത്ത് ആത്മീയനേതാവായതോടെ രാഷ്ട്രീയപ്പാർട്ടികൾ മൃദുസമീപനത്തിലേക്ക് മാറി. തെളിവുകൾ പരസ്പരം യോജിക്കുന്നില്ല, അതിലെ വൈരുധ്യം മാറ്റിയശേഷമേ അറസ്റ്റിലേക്ക് കടക്കാനാകൂവെന്നാണ് പൊലീസിന്റെ നിലപാട്. എന്നാൽ, കേസന്വേഷണം അനന്തമായി നീളുന്നതിലാണ് കന്യാസ്ത്രീകൾക്ക് ആശങ്ക. പീഡനക്കേസുകളിൽ ഇരയോടൊപ്പമാണെന്നാണ് പ്രമുഖ രാഷ്ട്രീയപ്പാർട്ടികളുടെയെല്ലാം പ്രഖ്യാപിത നിലപാട്.

എന്നാൽ, ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരേ സിപിഎം., കോൺഗ്രസ് കക്ഷികൾ മിണ്ടുന്നില്ല. അവസാന നിമിഷം സമരത്തിനൊപ്പം ബിജെപി സജീവമാകുന്നുണ്ട്. അറസ്റ്റിന്റെ കാര്യം കേസ് അന്വേഷിക്കുന്ന പൊലീസാണ് തീരുമാനിക്കേണ്ടത്. എല്ലാ പഴുതുമടച്ചേ അറസ്റ്റിലേക്ക് പോകാനാകൂ. അല്ലെങ്കിൽ കേസ് കോടതിയിൽ നിൽക്കില്ലെന്നാണ് രാഷ്ട്രീയക്കാർ പറയുന്നത്.