കൊച്ചി: കന്യാസ്ത്രീ നൽകിയ ബലാത്സംഗ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുടുങ്ങുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. അറസ്റ്റിന് വേണ്ടത് തെളിവാണെന്ന ഹൈക്കോടതിയുടെ പരാമർശത്തിൽ പ്രതീക്ഷ കണ്ടാണ് ഫ്രാങ്കോയുടെ ചുവട് വയ്‌പ്പ്. 19ന് കേരളാ പൊലീസിന് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിഷപ്പ് എത്തും. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം അയച്ച നോട്ടീസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കൈപ്പറ്റിയിരുന്നു. വാട്‌സാപ്പിലൂടെയും പഞ്ചാബ് പൊലീസ് മുഖേനയുമാണ് ബിഷപ്പിന് നോട്ടീസ് കൈമാറിയത്. 19 ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറിയിച്ചു. കേരളത്തിലേക്കുള്ള യാത്രയുടെ പശ്ചാത്തലത്തിൽ ചുമതലകളും വിശ്വസ്തർക്ക് വീതിച്ച് നൽകി. തന്നെ പൂർണ്ണമായും ന്യായീകരിക്കും വിധം സർക്കുലറും പുറത്തിറക്കി. ഇതിന്റെ പകർപ്പ് മറുനാടന് ലഭിച്ചു.

കേരളത്തിലേക്ക് പോകുമെന്നതിന്റെ വ്യക്തമായ സൂചനകൾ ഇതിലുണ്ട്. താൻ ജലന്ധർ വിടുന്നതു കൊണ്ടാണ് രൂപതയിലെ ഭരണപരമായ സൗകര്യത്തിന് അധികാരങ്ങൾ വീതിച്ച് നൽകുന്നതെന്ന് സർക്കുലറിൽ വ്യക്തമായി പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യുന്നതിന് ബിഷപ്പ് കേരളത്തിൽ എത്തുമെന്ന വിലയിരുത്തലാണ് സജീവമാകുന്നത്. ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഇന്നലെ സൂചന നൽകിയിരുന്നു. ബിഷപ്പിനോട് ജാമ്യം എടുത്ത ശേഷമേ കേരളത്തിലേക്ക് വരാവൂവെന്ന സന്ദേശമാണ് ഇതിലൂടെ പൊലീസ് നൽകിയതെന്നാണ് വിലയിരുത്തൽ. കേരളത്തിൽ വിഷയത്തിൽ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തിൽ മെത്രാനെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചാൽ പൊലീസും സഭയും തമ്മിലെ കള്ളക്കളികൾ ചർച്ചയാകും. ഈ സാഹചര്യത്തിലായിരുന്നു അറസ്റ്റ് വാർത്ത പ്രചരിച്ചതെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ബിഷപ്പിന് മുൻകൂർ ജാമ്യത്തിനായുള്ള സാധ്യതയും രൂപത തേടും. ഇതിനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.

ജലന്ധർ രൂപതയെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളിൽ നൽകുന്ന പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി പറഞ്ഞു കൊണ്ടാണ് കത്ത് തുടങ്ങുന്നത്. ആരോപണങ്ങളിൽ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നും വിശദീകരിക്കുന്നു. എനിക്കും ആരോപണം ഉന്നയിക്കുന്നവർക്കുമായി നിങ്ങൾ ഇനിയും പാർത്ഥിക്കണം. എങ്ങിൽ മാത്രമേ അവരുടെ ഹൃദയത്തിൽ മാറ്റമുണ്ടാകൂ. ഒപ്പം സത്യം തെളിഞ്ഞുവരികയും ഉള്ളൂവെന്നും ബിഷപ്പ് സർക്കുലറിൽ പറുയുന്നു. തന്റെ അസാന്നിധ്യത്തിൽ മാത്യു കൊക്കനാടം രൂപതയിലെ ഭരണകാര്യങ്ങൾ നോക്കുമെന്നും പറയുന്നു. അതി വിശ്വസ്തരായ ഫാ ജോസഫ് തെക്കുമക്കാട്ടിൽ, ഫാ സുബിൻ തെക്കേടത്ത് എന്നിവർക്കും ചുമതലകൾ നൽകിയിട്ടുണ്ട്. ഇതിനൊപ്പം ധനകാര്യ കൗൺസിൽ തീരുമാനങ്ങളും വിശദീകരിക്കുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലാണ് ഇതെന്നും വ്യക്തമാക്കുന്നുണ്ട്. വൈദികരുടെ അലവൻസുകളും കൂട്ടി. ഇതിനൊപ്പം രൂപതാ വാഹനങ്ങൾക്ക് ലോഗ് ബുക്കും നിർബന്ധമാക്കി. സ്വന്തം കൈയൊപ്പോടെയാണ് ഈ സർക്കുലർ ബിഷപ്പ് പുറത്തിറക്കിയിരിക്കുന്നത്.

അതിനിടെ ജലന്തർ ബിഷപ്പിനെതിരായ പീഡനക്കേസിൽ ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച മിഷണറീസ് ഓഫ് ജീസസിന് എതിരെ കേസെടുത്തു. കന്യാസ്ത്രീയുടെ സഹോദരങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. കന്യാസ്ത്രീയുടെ ചിത്രം അടങ്ങിയ അന്വേഷണക്കമ്മീഷൻ റിപ്പോർട്ട് മിഷണറീസ് ഓഫ് ജീസസ് ഇന്നലെ രാവിലെ പുറത്തുവിട്ടിരുന്നു. കേസിൽ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തും. യുക്തിവാദികളുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകൾ ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ചതെന്നായിരുന്നു അനേ്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. കന്യാസ്ത്രീയും ബിഷപ്പും പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലെ ചിത്രമാണ് അന്വേഷണ റിപ്പോർട്ടിനോടൊപ്പം ഉൾപ്പെടുത്തിയത്. ഈ പരാതിയിലെ കേസും ജലന്ധർ രൂപതയ്ക്ക് വെല്ലുവിളിയാണ്. ബിഷപ്പിന്റെ അതിവിശ്വസ്തരായ കന്യാസ്ത്രീകൾ മാത്രമാണ് മിഷണറീസ് ഓഫ് ജീസസിലുള്ളത്. അതുകൊണ്ട് തന്നെ ഈ കേസും ബിഷപ്പിന് വെല്ലുവിളിയാണ്. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം തന്നെ അറസ്റ്റ് ചെയ്യില്ലെന്ന ശുഭാപ്തി വിശ്വാസമാണ് ബിഷപ്പ് ഇപ്പോഴും പങ്കുവയ്ക്കുന്നത്.

പൊലീസിന്റ നോട്ടിസ് പ്രകാരം ബുധനാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകും. ഇതിനായി പത്തൊൻപതാം തീയതിക്ക് മുൻപായി ബിഷപ് കേരളത്തിലെത്തുമെന്നും ജലന്ധർ രൂപത വിശദീകരിക്കുന്നുണ്ട്. 19-ന് രാവിലെ പത്തിന് ഹാജരാവാനാണ് നിർദ്ദേശം. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, ജലന്ധർ സിറ്റി പൊലീസ് കമ്മിഷണറുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് നോട്ടീസയച്ചത്. ഇതിന്റെ പകർപ്പ് ജലന്ധർ സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേകദൂതൻ ബിഷപ്പിന് കൈമാറി. നോട്ടീസ് ബിഷപ്പ് കൈപ്പറ്റിയതിന്റെ രേഖകൾ ജലന്ധർ സിറ്റി പൊലീസ് കമ്മീഷണർ കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്‌പി. കെ. സുഭാഷിന് അയച്ചുകൊടുത്തു. ചോദ്യംചെയ്യലിന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹാജരായില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കാനാണ് തീരുമാനം. അടിയന്തര സാഹചര്യമോ പ്രകൃതിക്ഷോഭമോ ഉണ്ടായാലേ ഹാജരാകുന്നതിൽ ഇളവ് അനുവദിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

ബിഷപ്പിനെ ചോദ്യംചെയ്യാനുള്ള ചോദ്യാവലി തയ്യാറാക്കും. 17-ന് ഐ.ജി. വിജയ് സാഖറെ, കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, ഡിവൈ.എസ്‌പി. കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ ചോദ്യാവലി പരിശോധിക്കും. ആവശ്യമെങ്കിൽ മാറ്റങ്ങൾവരുത്തും. ആര്, എവിടെവെച്ച് ചോദ്യംചെയ്യുമെന്ന് തീരുമാനമായിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. ഇക്കാര്യം രഹസ്യമാക്കി സൂക്ഷിക്കാനാണ് സാധ്യത. അതിനിടെ സഭ ബിഷപ്പിന് പിന്നിൽ ഉറച്ച് നിൽക്കുന്നുവെന്ന വ്യക്തമാക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചിട്ടില്ലെന്ന് മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയുടെ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഇതിന്റെ ഭാഗമാണ്. പരാതിക്കാരിയായ കന്യാസ്ത്രീ ബിഷപ്പിനൊപ്പം വീട് വെഞ്ചരിപ്പിനെത്തിയ ഫോട്ടോയാണു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 'പരാതിയിൽ പറയുന്ന കാലയളവിലെ ചടങ്ങാണിത്. പീഡനത്തിനിരയായ സ്ത്രീ പീഡിപ്പിക്കുന്ന ആൾക്കൊപ്പം സന്തോഷവതിയായി പങ്കെടുക്കില്ല. അങ്ങോട്ട് ആവശ്യപ്പെട്ടാണ് പരാതിക്കാരി ബിഷപ്പിന്റെ പരിപാടികളിൽ പങ്കെടുത്തത്. ഇതു ചിത്രങ്ങളിൽ വ്യക്തമാണ്. പീഡനം നടന്നിട്ടില്ലെന്നതിനു തെളിവാണിത്' - കമ്മിഷൻ റിപ്പോർട്ട് ഉദ്ധരിച്ചു സന്യാസിനിസഭാ വക്താവ് പറഞ്ഞു.

അന്വേഷണ റിപ്പോർട്ടിനൊപ്പം പരാതിക്കാരിയായ കന്യാസ്ത്രീ ഫ്രാങ്കോ മുളയ്ക്കലിനൊപ്പമിരിക്കുന്ന ഫോട്ടോ പുറത്തുവിട്ടതു വിവാദമായിട്ടുണ്ട്. മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന നിർദ്ദേശത്തോടെയാണ് ചിത്രം റിപ്പോർട്ടിൽ ചേർത്തിരിക്കുന്നത്. കോൺഗ്രിഗേഷന്റെ നിർദ്ദേശം ലംഘിച്ചാണ് പരാതിക്കാരിയും സമരം നടത്തുന്ന കന്യാസ്ത്രീകളും കുറവിലങ്ങാട്ടെ മഠത്തിൽ തങ്ങുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. സഭയുമായി ബന്ധമില്ലാത്ത നാലു വ്യക്തികളുമായി ഇവർ ഗൂഢാലോചന നടത്തി. യുക്തിവാദികൾ അടക്കം പലരും മഠത്തിൽ നിരന്തരം വന്നുപോയി. സൗകര്യത്തിന് അനുസരിച്ചു സന്ദർശക രജിസ്റ്ററിലും ക്രമക്കേടുകൾ നടത്തി. ആദ്യം പീഡിപ്പിച്ചതായി പറയുന്ന 2014 മെയ്‌ അഞ്ചിന് കുറവിലങ്ങാട്ടെ മഠത്തിൽനിന്ന് അത്താഴം കഴിച്ച ഫ്രാങ്കോ മുളയ്ക്കൽ മറ്റൊരു മഠത്തിലാണു താമസിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ഇതൊക്കെ തന്നെയാകും പൊലീസിന് മുമ്പിലും ബിഷപ്പ് ആവർത്തിക്കുക. എന്നാൽ ബിഷപ്പിന്റെ താമസവുമായി ബന്ധപ്പെട്ട് കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യമെല്ലാം മാറിയെന്നാണ് പൊലീസ് പറയുന്നത്.

പച്ചക്കള്ളം പറയുന്നുവെന്ന് കന്യാസ്ത്രീ

മിഷനറീസ് ഓഫ് ജീസസ് തങ്ങൾക്കെതിരെ പച്ചക്കള്ളമാണു പ്രചരിപ്പിക്കുന്നതെന്ന് സമരം തുടരുന്ന കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. ബിഷപ് ഫ്രാങ്കോയുടെ പിണിയാളുകളായാണ് അവർ പ്രവർത്തിക്കുന്നത്. വിശ്വാസികൾ തന്നെയാണു സമരസമിതിയിലുള്ളതെന്നും സമരത്തിനു പിന്തുണയുമായി പലരും വന്നു പ്രസംഗിക്കുന്നുണ്ടാകാമെന്നും അവർ പറഞ്ഞു.

നീതിക്കായി സഭയ്ക്കകത്തു നിന്നുകൊണ്ടു തന്നെയുള്ള ജീവന്മരണ പോരാട്ടമാണിത്. മരണം വരെ ഈ സന്യാസ ജീവിതത്തിൽ തുടരാനാണു തീരുമാനം. കോടതിയിൽ വിശ്വാസമുണ്ട്. എന്നാൽ സർക്കാരിലും പൊലീസിലുമുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. അന്വേഷണസംഘം ആദ്യം റിപ്പോർട്ട് നൽകിയപ്പോൾ ബിഷപ് ഫ്രാങ്കോയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണു തങ്ങളോട് അവർ പറഞ്ഞിരുന്നത്. ഫ്രാങ്കോ കുറ്റവാളിയാണെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടിട്ടുള്ളതാണ്.

എന്നിട്ടും സംഘം അവരുടെ മേലധികാരികൾക്കു വഴങ്ങി ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാൻ തയാറാകുന്നില്ല. അന്വേഷണ സംഘത്തിനു മേൽ ബാഹ്യസമ്മർദമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഫ്രാങ്കോയുടെ അറസ്റ്റുണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും കന്യാസ്ത്രീകൾ പറഞ്ഞു. ബിഷപ്പിനെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സേവ് ഔവർ സിസ്റ്റേഴ്‌സ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഹൈക്കോടതി ജംക്ഷനിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം ഒരാഴ്ച പിന്നിട്ടു. പരാതിക്കാരിയായ കന്യാസ്ത്രീ പ്രവർത്തിക്കുന്ന കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് കോൺവന്റിലെ കന്യാസ്ത്രീകളായ അനുപമ, ആൽഫി, ജോസഫൈൻ, അൻസിറ്റ എന്നിവർ പങ്കെടുക്കുന്ന സമരത്തിൽ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ഭാരവാഹി സ്റ്റീഫൻ മാത്യു ആണ് അനിശ്ചിതകാല ഉപവാസം തുടരുന്നത്.

ഫ്രാങ്കോയെ ബിഷപ്പെന്ന് വിളിക്കില്ല

ബിഷപ് ഫ്രാങ്കോയെ തനിക്കൊരിക്കലും പിതാവ് എന്നു വിളിക്കാനാവില്ലെന്നും അത്രമേൽ പൈശാചികമായ പ്രവൃത്തിയാണ് അദ്ദേഹം നടത്തിയതെന്നും പീഡിപ്പിക്കപ്പെട്ടതായി പരാതി നൽകിയ കന്യാസ്ത്രീയുടെ ചേച്ചി സമരപ്പന്തലിൽ പറഞ്ഞു. ഞാൻ വളർത്തിയെടുത്ത എന്റെ അനിയത്തിയെയാണു ക്രൂരമായി തകർത്തതെന്ന കണ്ണീരോടെ അവർ പറഞ്ഞു.

ഇതോടെ സമരപ്പന്തൽ കുറെ നേരത്തേക്കു മൂകമായി. ചെറുപ്പത്തിലേ അമ്മയെ  നഷ്ടമായതിനാൽ തന്റെ കീഴിലാണു മറ്റു 4 പേരും വളർന്നുവന്നതെന്ന് അവർ പറഞ്ഞു. ഒട്ടേറെ പ്രതിസന്ധികളിലൂടെയാണു തങ്ങളുടെ ജീവിതം കടന്നുപോയത്. 'അനിയത്തിയെ ക്രൂരമായി പീഡിപ്പിച്ച വ്യക്തിയെ നാം ശിക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ് വൈകുന്ന ഈ അറസ്റ്റ്. 24നു കോടതി കേസ് പരിഗണിക്കുമ്പോൾ ഉചിതമായ തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷ' അവർ പറഞ്ഞു.

സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇന്നലെ വൈകിട്ട് ഒരു മണിക്കൂർ നിൽപുസമരവും നടത്തി. സി.ആർ. നീലകണ്ഠൻ, കുസുമം ജോസഫ്, ഫാ. ബെന്നി മാരിപറമ്പിൽ, അഗസ്റ്റിൻ വട്ടോളി തുടങ്ങിയവർ നേതൃത്വം നൽകി. ഇന്നലെ യുവജനങ്ങൾ നേതൃത്വം നൽകിയ സമരത്തിന് ഇന്ന് സന്യസ്തരും പുരോഹിതരും നേതൃത്വം നൽകും. ആർഎസ്‌പി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.ജി. പ്രസന്നകുമാർ, കെ. രജികുമാർ, ആർഎസ്‌പി (ഇടതുപക്ഷം) സംസ്ഥാന സെക്രട്ടറി ശശികുമാർ ചെറുകോൽ, അസി. സെക്രട്ടറി കെ.കെ. ജയരാജ്, വിമൻസ് ഇന്ത്യ മൂവ്‌മെന്റ് പ്രതിനിധി ശശികുമാരി വർക്കല എന്നിവർ സമരത്തിനു പിന്തുണ അറിയിച്ചു.