കോട്ടയം: പൈങ്കിളിക്കഥയുടെ ലാഘവത്തോടെയണ് പലരും കേസ്സിനെ വിലയിരുത്തുന്നത്. നിർദ്ധനയായ യുവതിയും ഭയങ്കരനായ പുരുഷനെയും കുറിച്ച് കഥയിൽ വായിക്കുമ്പോൾ കൊള്ളാം. പക്ഷെ ഈ കേസിനെ അങ്ങിനെ സമീപിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കേരളാ പൊലീസ്. കന്യാസ്ത്രീയുടെ മൊഴിയിൽ വൈരുദ്ധ്യം ഉണ്ട്. ഇത് പൂർണ്ണമായും പരിഹരിച്ചാൽ മാത്രമേ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന് പൊലീസ് തീരുമാനിക്കൂ. അന്വേഷണം നേർവഴിക്കാണെന്ന ഹൈക്കോടതിയുടെ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടിയതോടെ ബിഷപ്പിനെ രക്ഷിക്കാനുള്ള തന്ത്രങ്ങളും പൊലീസ് ഒരുക്കുന്നതായാണ് വിലയിരുത്തൽ.

പൊലീസും കോടതിയും പ്രൊസിക്യൂഷൻ ജനറലുമാണ് കേസ്സ് ഫയൽ കണ്ടിട്ടുള്ളത്. ഓരോ കാര്യങ്ങളിലും വ്യക്തമായ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. ഇത് കോടതിക്ക് ബോദ്ധ്യപ്പെടുകയും ചെയ്തു. ഈ കേസ്സിൽ അന്വേഷണം ഇങ്ങിനെയെ കൊണ്ടുപോകാനാവു എന്ന് കോടതിക്ക് വ്യക്തമായിട്ടുണ്ട്, പരാതിക്കാരിയോട് അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ തെളിവുകളെ അടിസ്ഥാനത്തിൽ മാത്രമേ അന്വേഷണം മുന്നോട്ട് പോകൂവെന്നാണ് അന്വേഷണ സംഘത്തിലെ ഉന്നതൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. കോടതി വിധി അന്വേഷണത്തിനുള്ള അംഗീകാരമാണെന്ന് ഡിവൈഎസ്‌പി സുഭാഷും മറുനാടനോട് പ്രതികരിച്ചിട്ടുണ്ട്.

നേരത്തെ കോടതിക്ക് കൊടുത്ത ഒറ്റ പജേുള്ള റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ജലന്ധറിൽ പോകുന്നതിന് മുമ്പ് തിരക്കിട്ട് തയ്യാറാക്കിയതാണെന്ന് പൊലീസ് ഇപ്പോൾ വിശദീകരിക്കുന്തന് പരാതിക്കാരിയുടെയും ബന്ധുക്കളുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ ബിഷപ്പ് കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടുള്ളതായി ഈ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇപ്പോൾ കൊടുത്തിട്ടുള്ളത് വിശദമായ റിപ്പോർട്ടാണ്. കുറച്ചു കാര്യങ്ങളിൽ ഇനി വ്യക്തത വരുത്താനുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ശരിയാണെന്ന് ബോദ്ധ്യപ്പെട്ടാണ് കോടതി അനുകൂലനിലപാട് അറിയിച്ചിട്ടുള്ളത്. ഇത് തന്നെയാണ പൊലീസും പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ അന്വേഷണത്തിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് പൊലീസ് വിലയിരുത്തുന്നു.

40 -പേജ് വരുന്ന കന്യാസ്ത്രിയുടെ മൊഴിയിൽ 40-ളം കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടിയിരുന്നു. ഇത് ഇപ്പോൾ ചുരുങ്ങിയിട്ടുണ്ട്. പ്രധാനമായും ആറ് കാര്യങ്ങളിലാണ് ഇനി വ്യക്തത വരുത്തേണ്ടത്. ഇതിനായി മൂന്ന് ടീമിനെ പലവഴിക്കായി വിട്ടിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ബിഷപ്പിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ള 19-ന് മുമ്പ് ഇത് സംമ്പന്ധിച്ച അന്വേഷണം പൂർത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.19-ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പൈട്ട് പഞ്ചാബ് പൊലീസ് വഴി ബിഷപ്പിന് നോട്ടീസ് നൽകിയിട്ടുണ്ട്. മൊഴിയെടുത്ത ശേഷം ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് ബിഷപ്പിനെ അറസ്റ്റ് ചെയ്യാം. എന്നാൽ അതിനുള്ള സാധ്യത കുറവാണെന്നും സൂചനയുണ്ട്. കാര്യങ്ങൾ കോടതിയെ ബോധിപ്പിച്ച് മാത്രമേ അറസ്റ്റിൽ തീരുമാനം എടുക്കൂ.

ജസ്റ്റീസ് കമാൽപാഷയുടെ അഭിപ്രായപ്രകടനം ബാലിശമായിപ്പോയി എന്ന വിലയിരുത്തലാണ് അന്വേഷണ സംഘത്തിനുള്ളത്. 2014-ൽ ബിഷപ്പിന് ലൈംഗിക ശേഷി ഉണ്ടായിരുന്നോ ഇല്ലയോ എന്ന് ഇപ്പോൾ പരിശോധന നടത്തിയാൽ എങ്ങനെ മനസ്സിലാക്കാനാവും. ഇപ്പോഴത്തെ പരിശോധനയിൽ ലൈംഗിക ശേഷി ഇല്ലെന്ന് സ്ഥിരീകരിച്ചാൽ തന്നെ അന്ന് ഉണ്ടായിരുന്നുവെന്ന വാദമുയർന്നാൽ എങ്ങനെ തെളിക്കുമെന്നാണ് അന്വേഷണ സംഘം പ്രധാനമായും വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധന കന്യാസ്ത്രീയുടെ കേസിൽ നിർണ്ണായകമല്ല. ഈ സാഹചര്യത്തിൽ ബിഷപ്പിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് പൊലീസ് വിധേയമാക്കില്ലെന്നാണ് സൂചന.

കന്യാസ്ത്രീയുടെ പരാതിയിൽ ജലന്തർ ബിഷപ് ഫ്രങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യുന്നതു സംബന്ധിച്ച തീരുമാനമെടുക്കേണ്ടതു പൊലീസാണെന്നു ഹൈക്കോടതി വിശദീകരിച്ചിട്ടുണ്ട് തെളിവുകൾ ശേഖരിക്കാൻ സമയമെടുക്കുക സ്വാഭാവികമാണ്. അറസ്റ്റ് ആവശ്യപ്പെടുന്നവർ അൽപംകൂടി ക്ഷമ കാണിക്കണം. കേസിൽ സ്വതന്ത്രമായ അന്വേഷണം നടക്കണം. പ്രതിയുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പൊലീസ് ശേഖരിച്ച തെളിവുകൾ പ്രതിയുടെ കയ്യെത്താത്ത ദൂരത്താണ്. പരാതിക്കാരിക്കോ സാക്ഷികൾക്കോ ഭീഷണി ഉണ്ടായാൽ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. കേസിൽ സിബിഐ അന്വേഷണം ഈ ഘട്ടത്തിൽ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് ഈമാസം 24ന് വീണ്ടും പരിഗണിക്കും.

ജലന്തർ ബിഷപ് ഫ്രങ്കോ മുളയ്ക്കലിനെതിരായ കേസിലെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണു കോടതിയുടെ നിർദ്ദേശം. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു റിപ്പോർട്ട് പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്‌പി കോടതിയിലെത്തിയിരുന്നു. ബിഷപ്പിനെ ചോദ്യം ചെയ്തശേഷമേ അറസ്റ്റ് തീരുമാനിക്കാനാകൂയെന്നാണു സപൊലീസ് നിലപാട് നിലപാട്. അഞ്ചു സംസ്ഥാനങ്ങളിലായി അന്വേഷണം തുടരുകയാണ്. പരാതിക്കാരിക്കു സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ഇടപെടാനുള്ള സംവിധാനമുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ജലന്തർ ബിഷപ്പിനെതിരായ കേസ് അന്വേഷണം വൈകുന്നതു സ്വാഭാവികമാണെന്നു കോട്ടയം എസ്‌പി ഹരി ശങ്കറും വിശദീകരിച്ചിട്ടുണ്ട്. നാലുവർഷം പഴക്കമുള്ള കേസാണിത്. അതിന്റേതായ പ്രതിസന്ധികളുണ്ട്. ബിഷപ് ഇതുവരെ അന്വേഷണത്തോടു സഹകരിച്ചിട്ടുണ്ട്. ബിഷപ്പിനെ ചോദ്യം ചെയ്യും മുൻപ് കൃത്യമായ നിഗമനത്തിലെത്താനാണു ശ്രമം. കന്യാസ്ത്രീകൾക്കു സുരക്ഷ നൽകാനുള്ള തീരുമാനം പൊലീസ് സ്വമേധയാ എടുത്തതാണെന്നും എസ്‌പി പറഞ്ഞു.