കോട്ടയം: ജലന്ധർ ബിഷപ്പിന് ലൈംഗിക ശേഷിയില്ലെന്ന വാദമയുർത്തി ബലാത്സംഗ കേസിൽ നിന്ന് തടിയൂരാനുള്ള നീക്കം പൊളിഞ്ഞു. ബിഷപ്പന്റെ ലൈംഗികപരിശോധനാ ഫലം പോസിറ്റീവ് ആയതോടെയാണ് ഇത്. ഇതോടെ ബിഷപ്പിനെതിരെ കൂടുതൽ തെളിവ് കിട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് പൊലീസ്. ഈ സാഹചര്യത്തിൽ കൂടുതൽ തെളിവ് ശേഖരണത്തിനായി പൊലീസ് ജലന്ധറിലേക്ക് പോകും. അതിവേഗ കുറ്റപത്രം നൽകി ബിഷപ്പിനെ പാലാ സബ് ജയിലിൽ തന്നെ പാർപ്പിക്കാനാണ് പൊലീസിന്റെ അതിവേഗ നീക്കങ്ങൾ.

ജലന്ധറിൽ കൂടുതൽ പേർ ബിഷപ്പിനെതിരേ മൊഴി നൽകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. പ്രത്യേകിച്ചും ഈ കേസ് വന്നതിന് ശേഷം ബിഷപ്പിന്റെ സ്വഭാവം കൂടുതൽ ചർച്ചയായിരുന്നു. ഇതുസംബന്ധിച്ച് ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞിരുന്നോ. അതോടൊപ്പം കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തിയതിന്റെ സാഹചര്യം എന്താണ്. കേസിൽ ആരൊക്കെ ബിഷപ്പിനെ സഹായിച്ചിട്ടുണ്ടെന്നത് അറിയാനാണ് പൊലീസിന്റെ യാത്ര. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത പേരിൽ അന്വേഷണം നേരിടുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ലൈഗിക ശേഷി ഇല്ലാതാക്കി കേസിൽ നിന്ന് രക്ഷപ്പെട്ടേക്കാം എന്ന ആശങ്ക പങ്കു വെച്ച് റിട്ടയർ ജസ്റ്റിസ് കമാൽ പാഷ രംഗത്ത് വന്നിരുന്നു. ഈ ആശങ്ക അസ്ഥാനത്താണെന്ന് വ്യക്തമാക്കിയാണ് അന്വേഷണ ഫലം പുറത്തു വരുന്നത്.

ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. പരാതിയിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കിയാൽ ബിഷപ്പിനെ അറസ്റ്റ് ചെയ്ത് ലൈംഗിക ശേഷി പരിശോധന നടത്തുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നതെന്ന് കെമാൽ പാഷ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ ഉണ്ടായില്ല. ഇത് അന്വേഷണത്തിലെ വലിയ വീഴ്‌ച്ചയാണെന്നും കന്യാസ്ത്രീ നൽകിയ ബലാത്സംഗ പരാതിയിൽ പ്രതിസ്ഥാനത്തുള്ള ബിഷപ്പും പൊലീസും തമ്മിൽ ഒത്തുകളിക്കുകയാണെന്നും കെമാൽ പാഷ കൂട്ടിച്ചേർത്തിരുന്നു. ഇതോടെ ആശങ്ക ശക്തമായി.

ഈ സാഹചര്യത്തിലാണ് ബിഷപ്പിനെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം കോട്ടയം മെഡിക്കൽ കോളേജിലാണ് ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതോടൊപ്പം ഡി.എൻ.എ. സാമ്പിളും ശേഖരിച്ചു. ബലാത്സംഗക്കേസുകളിലെ ആരോപണ വിധേയർക്ക് പ്രധാനമായും ചെയ്യുന്ന മെഡിക്കൽ ടെസ്റ്റാണ് ലൈംഗിക ശേഷി ടെസ്റ്റ്. തങ്ങൾക്ക് ശേഷിയില്ല എന്ന് പറഞ്ഞ് കോടതിയിൽ വാദിച്ച് പ്രതികൾ രക്ഷപ്പെടാതിരിക്കാനാണ് ഈ ടെസ്റ്റ് ചെയ്യുന്നത്. കോടതിയിൽ കേസ് ജയിക്കാനുള്ള സുപ്രധാന ശാസ്ത്രീയ മാർഗം കൂടിയാണിത്. ലൈംഗിക ശേഷി പരിശോധനയിൽ മൂന്ന് ടെസ്റ്റുകളാണ് പ്രധാനമായും ഉള്ളത്. ഇതിൽ ഏറ്റവും പ്രധാനമാണ് ഉദ്ദാരണ ശേഷിയും ശുക്ല പരിശോധനയും. ഇതു രണ്ടും പോസിറ്റീവാണെന്ന് തെളിഞ്ഞതോടെ ബിഷപ്പ് കുടക്കിലേക്ക് കടക്കുകയാണ്.

കുഞ്ഞുങ്ങളുണ്ടാകാതെ വലയുന്ന ദമ്പതിമാരിലും ഈ പരിശോധന നടത്താറുണ്ട്. ഇതിൽ ആദ്യ പടിയായി പുരുഷന്റെ ശുക്ല പരിശോധന നടത്താറുണ്ട്. സ്വയംഭോഗം ചെയ്ത് ശുക്ലമെടുത്ത് നിശ്ചിത സമയത്തിനുള്ളിൽ ലാബിലെത്തിക്കണം. അത് പരിശോധിച്ചാണ് പുരുഷനാണോ കുഴപ്പമെന്ന് കണക്കാക്കുന്നത്. പുരുഷ ശുക്ലത്തിന്റെ പരിശോധനയും അതിൽ അടങ്ങിയിട്ടുള്ള ബീജത്തിന്റെ അളവുമാണ് നടക്കുന്നത്. പുരുഷന് പ്രത്യുത്പാദന ശേഷിയുണ്ടോ എന്ന് തിരിച്ചറിയാൻ ഈ പരിശോധനയാണ് നടത്തുന്നത്. വന്ധ്യം കരണ ശസ്ത്രക്രിയയ്ക്ക് വിധേയരായ പുരുഷന്മാരിൽ ശസ്ത്രക്രിയ വിജയമായിരുന്നോ എന്നറിയാൻ വേണ്ടിയും ഈ പരിശോധന നടത്തിയിരുന്നു. ബീജദാനം നടത്തുന്ന പുരുഷരിലും മൃഗങ്ങളിലും ഇത് നടത്താറുണ്ട്.

ഉദ്ദാരണം ശരിക്കും വരുന്നുണ്ടോയെന്നത് വലിയ പ്രാധാന്യം അർഹിക്കുന്നതാണ്. പുരുഷ ലിംഗത്തിലെ രക്ത പ്രവാഹത്തിന്റെ ശക്തിയും ചിലപ്പോൾ പരിശോധിക്കാറുണ്ട്. നാഡീഞരമ്പുകളുടെ തളർച്ച മൂലവും ഉദ്ധാരണപ്രശനങ്ങളുണ്ടാകാം. ശരിയായ രീതിയിൽ രക്തപ്രവാഹമില്ലാതെ വരുമ്പോഴും ഉദ്ധാരണപ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്.. പുരുഷലിംഗം ഉദ്ധരിച്ച അവസ്ഥയിലും അല്ലാത്ത അവസ്ഥയിലും ഡോക്ടർ വിദഗ്ധ പരിശോധന നടത്തും. ഇതോടൊപ്പം പ്രതിയുടെ ബിപി പരിശോധന നടത്തും. കൂടാതെ രക്ത പരിശോധനയും നടത്തും. ഇതെല്ലാമാണ് ബിഷപ്പിൽ കഴിഞ്ഞ ദിവസം നടത്തിയതും ഫലം കേസിന് അനുകൂലമാകുന്ന തരത്തിലെത്തുന്നതും.