ഉണ്ണീശോയും മാതാവും യൗസേപ്പു പിതാവുമടങ്ങുന്ന തിരുക്കുടുംബത്തിന്‌ നേരിട്ട രണ്ട് അനുഭവങ്ങളെ ശ്രദ്ധിക്കണം. കിഴക്കു നിന്നു വന്ന ജ്ഞാനികൾ ഭവനത്തിൽ പ്രവേശിച്ച് ശിശുവിനെ ആരാധിക്കുന്നു. അവരുടെ നിക്ഷേപപാത്രങ്ങൾ തുറന്ന് പൊന്നും മീറയും കുന്തിരിക്കവും കാഴ്ചയർപ്പിക്കുന്നു (മത്താ 2:11).

തികച്ചും രാജകീയമായ ആരാധനയാണ് ഇവിടെ ഉണ്ണീശോയ്ക്ക്‌ ലഭിക്കുന്നത്. എന്നാൽ തൊട്ടു പിറകെ യൗസേപ്പു പിതാവിന്‌ കിട്ടുന്ന നിർദ്ദേശം ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്ക് പലായനം ചെയ്യാനാണ് (മത്താ 2:113). യൗസേപ്പ് പിതാവ് ആ നിർദ്ദേശം അക്ഷരം പ്രതി അനുസരിക്കുന്നു. ചുരുക്കത്തിൽ രാജകീയമായ ആരാധനയും പരദേശിയായുള്ള ഊരുചുറ്റലും തിരുക്കുടുംബം അടുത്തടുത്ത്‌ അനുഭവിക്കുന്ന വിരുദ്ധ അനുഭവങ്ങളാണ്.

ആരാധനയും തസ്കരണവും, ഉയർച്ചയും താഴ്ചയും, ബഹുമാനവും അപമാനവും, സമ്പത്തും ദാരിദ്രവും അടുത്തടുത്തു വരുന്ന ജീവിതാനുഭവങ്ങളായി മാറാം. അത്തരം ജീവിതാനുഭവങ്ങളിൽ നമ്മൾ എന്തു ചെയ്യണം? അതാണ് തിരുക്കുടുംബത്തിന്റെ ജീവിതാനുഭവങ്ങൾ നമ്മോടു പറഞ്ഞു തരുന്നത്.

ഫ്രാൻസീസ് അസ്സീസിയുടെ ജീവിതത്തിലെ ഒരു അനുഭവം. നിയമാവലിയുമായി ഫ്രാൻസീസ്‌ റോമിൽ നിന്നും വരുമ്പോൾ ബ്രദർ ഏലിയാസിന്റെ നേതൃത്വത്തിൽ സഹോദരന്മാർ ദാരിദ്ര്യത്തിന്റെയും താഴ്മയുടെയും ജീവിതം കൈവെടിഞ്ഞിരുന്നു (ഓഡിയോ കേൾക്കുക. 'കരുണാമയൻ' എന്ന പുസ്തകം പോജുകൾ 117-118).

ജീവിതപ്രതിസന്ധിയിൽ ഫ്രാൻസിസ് അസ്സീസിയുടെ പ്രതികരണം ശ്രദ്ധിക്കണം. അതിലുപരി, തിരുകുടുംബത്തിന്റെ പ്രതികരണം നമ്മൾ സാംശീകരിക്കണം. എന്താണ് യൗസേപ്പു പിതാവും മാതാവും ചെയ്യുന്നത്? ''അവർ പോയിക്കഴിഞ്ഞപ്പോൾ കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷ്യപ്പെട്ടു'' ജോസഫിനോട്‌‌ പറഞ്ഞു (മത്താ 2:13). പിന്നീട് ഈപ്ജിത്തിൽ വച്ചും കർത്താവിന്റെ ദൂതൻ ജോസഫിന് സ്വപ്നത്തിൽ നിർദ്ദേശം കൊടുക്കുന്നുണ്ട്‌ (മത്താ 2:19). അതനുസരിച്ചാണ് തിരുക്കുടുംബം തങ്ങളുടെ ജീവിതം ക്രമീകരിക്കുന്നത്. ജീവിതത്തിന്റെ ഉയർച്ച-താഴ്ചകളിൽ യൗസേപ്പു പിതാവ്‌ ദൈവദൂതന്റെ സ്വരത്തിന് കാതുകൊടുക്കുന്നു; അതനുസരിച്ച് പ്രവർത്തിക്കുന്നു.

ദൈവദൂതൻ യൗസേപ്പു പിതാവിന് നിർദ്ദേശം കൊടുക്കുന്നത് സ്വപ്നത്തിലാണ്. എവിടെയാണ്‌ സ്വപ്നം സംഭവിക്കുന്നത്? അത് സംഭവിക്കുന്നത്‌ ഒരുവന്റെ ഉള്ളിലാണ്, മനസ്സിലാണ്.
അതായത്, സ്വപ്നം ഉള്ളിന്റെ സ്വരമാണ് എന്നർത്ഥം. ഉള്ളിന്റ ശബ്ദത്തിനാണ്‌ യൗസേപ്പ് പിതാവ് ചെറിയോർക്കുന്നതും. ചെവി കൊടുക്കുന്നതും. അതിലൂടെയാണ് ജീവിതത്തിന്റെ ഉയർച്ച-താഴ്ചകളിലൂടെ ജീവിതത്തെ നയിക്കാൻ അദ്ദേഹത്തിന് കഴിയുന്നത്.

'ആനന്ദിച്ച്‌ ആഹ്ലാദിച്ചാലും' എന്ന അപ്പസ്‌തോലിക പ്രബോധനത്തിൽ ഫ്രാൻസീസ്‌ പാപ്പാ നമ്മെ ഉപദേശേക്കുന്നതും ഇതു തന്നെയാണ്. ഏതൊരാൾക്കും തന്റെ ജീവിതത്തിൽ ഒറ്റയ്ക്കു ചിലവഴിക്കുന്ന നിമിഷങ്ങൾ വേണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു (GE 149). നിശ്ബ്ദതയുടെ മധ്യേ കർത്താവിന്റെ സ്വരം കേൾക്കാനാവുമെന്നും പാപ്പാ പറയുന്നു. ആ നിശബ്ദതയിൽ കർത്താവ് നമ്മെ വിളിക്കുന്ന ജീവിതത്ത്ന്റെ വഴികൾ നമുക്ക് വിവേചിച്ച് അറിയാനാവുമെന്ന് പാപ്പാ ഉറപ്പിച്ചു പറയുന്നു (GE 150). എന്നിട്ട് അദ്ദേഹം നമ്മോട് ചോദിക്കുന്ന ചോദ്യമുണ്ട്. "അതിനാൽ കർത്താവിന്റെ സന്നിധിയിൽ നിങ്ങളെതന്നെ ശാന്തമായി നിർത്തുന്ന നിമിഷങ്ങളുണ്ടോ? ശാന്തമായി കർത്താവുമായി നിങ്ങൾ സമയം ചിലവഴിക്കാറുണ്ടോ?" (GE 151).

ജീവിതത്തിന്റെ ഉയർച്ച-താഴ്ചകളിൽ യൗസേപ്പ്‌ പിതാവിന് വഴികാട്ടായാകുന്നത് സ്വപ്നത്തിലെ മാലാഖയാണ്, ഉള്ളിന്റെ സ്വരമാണ്. ഇതു തന്നെയാണ് ഫ്രാൻസിസ്‌ പാപ്പാ പറയുന്നതും. ഏകാന്തതയിലും നിശബ്ദതയിലും കർത്താവിന്റെ സ്വരത്തിനായി കാതോർത്തിരിക്കാൻ. അപ്പോഴാണ്‌ ദൈവിക നിയന്ത്രണത്തിനു നമ്മൾ വിധേയരാകുന്നത്; അപ്പോഴാണ്‌ ദൈവത്തിന്റെ വഴിയേ നമ്മൾ നടക്കുന്നത്. അപ്പോഴാണ്‌ നമ്മുടെ ജീവിതം രക്ഷാകരമാകുന്നത്‌.