കൊച്ചി;കന്യാസ്ത്രി പീഡനക്കേസ്സിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനുവേണ്ടി ഒത്തുതീർപ്പ് ചർച്ചയ്ക്കിറങ്ങറങ്ങിയ ഫാ.ജെയിംസ് എർത്തയിലിനെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് പൊലീസ്. വൈദീകനെതിരെ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതായി കാണിച്ച് കേസെടുത്ത് അറസ്റ്റുചെയ്യുന്നതിനാണ് നീക്കം നടക്കുന്നത്. ഇതു സംബന്ധിച്ച് നടപടികൾ പുരോഗമിക്കുന്നതായി കോട്ടയം എസ് പി ഹരിശങ്കർ മറുനാടനോട് വ്യക്തമാക്കി.

ഈ സംഭവത്തിൽ കോതമംഗലം സ്വദേശി സോബി ജോർജ്ജിൽ നിന്നും മൊഴിയെടുത്തുവെന്നും ഇയാളെ അറസ്റ്റുചെയ്യുന്നതിനാവശ്യമായ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലന്നും എസ് പി അറിയിച്ചു. ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ സോബി ജോർജ്ജുമായി ഫാ.ജെയിംസിന് ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് സ്ഥരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇയാളിൽ നിന്നും മൊഴിയെടുത്തത്. കലാഭവനുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ കാര്യത്തിലേക്കാണ് താൻ ഫാ.ജെയിംസിനെ വിളിച്ചതെന്നാണ് സോബി പൊലീസിനെ അറിയിച്ചിട്ടുള്ളത്.

ആബേലച്ചന്റെ മരണത്തിന് ശേഷം ഫാ.ജെയിംസ് കുറച്ചുകാലം കലാഭവന്റെ നടത്തിപ്പ് ചുമതല വഹിച്ചിരുന്നെന്നും പിന്നീട് വിമതർ തനിക്കും ഫാ. ജെയിംസിനുമെതിരെ നിരവധി കേസുകൾ ഫയൽ ചെയ്തിരുന്നെന്നും ഇതിൽ ഏതാനും കേസുകൾ ഇപ്പോഴും നടന്നുവരുന്നതായും സോബി പൊലീസിനെ അറിയിച്ചിട്ടുണ്ട്. പ്രാഥമീക അന്വേഷണത്തിൽ സോബിയുടെ മൊഴിയിൽപ്പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ സംശയിക്കപ്പെടേണ്ടതായി ഒന്നുമില്ലന്നാണ് പൊലീസിന്റെ വിലയിരുത്തൽ.കേസിൽ ഇപ്പോഴും തെളിവെടുപ്പും അന്വേഷണവും നടക്കുന്നുണ്ട്. ഇതിനിടെ പീഡനക്കേസിൽ ഇന്ന് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നിർണ്ണായക നീക്കം എന്താണെന്നറിയാൻ തങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് കന്യാസ്ത്രീയുടെ ബന്ധു മറുനാടനോട് വ്യക്തമാക്കി.

പീഡന കേസ്സിൽ ഇതുവരെയുണ്ടായ അന്വേഷണ പുരോഗതി ചർച്ചചെയ്യാൻ ഐ ജി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ ഇന്ന് അവലോകനം നടക്കുന്നുണ്ട്. ഇതുവരെ നടത്തിയ അന്വേഷണവും തെളിവെടുപ്പും സംമ്പന്ധിച്ച് കോട്ടയം എസ് പി ഹരിശങ്കറും വൈക്കം ഡി വൈ എസ് പി കെ സുഭാഷും ഇന്ന് ഐ ജിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന്മേൽ ഡി ജി പി സ്വീകരിക്കുന്ന നിലപാട് ആയിരിക്കും ഇനി കേസിൽ നിർണ്ണായകമാവുക എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇതിനിടെ ബിഷപ്പ് ഫ്രാങ്കോ കേരളപൊലീസിന്റെ നിരീക്ഷണവലയത്തിലാണെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

ഇക്കാര്യത്തിൽ ഡി ജി പി ലോക്നാഥ് ബഹ്റയുടെ നിർണ്ണായക ഇടപെടൽ ഉണ്ടായിട്ടുള്ളതായിട്ടുള്ള വിവരവും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി മധ്യസ്ഥശ്രമം നടന്നിരുന്നുവെന്ന് വൈദികന്റെ വെളിപ്പെടുത്തൽ. മധ്യസ്ഥ ശ്രമവുമായി കോതമംഗലം സ്വദേശി തന്നെ സമീപിച്ചതായി ഫാ. ജെയിംസ് എർത്തയിൽ പൊലീസിന് മൊഴി നൽകിയിരുന്നു. കേസിൽ നിന്നും പിന്മാറിയാൽ കന്യാസ്ത്രീക്ക് 10 ഏക്കർ സ്ഥലവും മഠവും സ്ഥാപിച്ച് നൽകാമെന്നായിരുന്നു വാഗ്ദാനം. ബിഷപ്പുമായി നേരിട്ട് ബന്ധമില്ലെന്നും എർത്തയിൽ മൊഴി നൽകി.

ജലന്ധർ ബിഷപ്പിന് എതിരായി പരാതി നൽകിയ കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ജെയിംസ് എർത്തയിൽ കോടതിയിൽ കീഴടങ്ങിയിരുന്നു. കന്യാസ്ത്രീയെ സഹായിച്ച സിസ്റ്റർ അനുപമയെ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു എന്നതാണ് ജെയിംസ് എർത്തലിനെതിരായ കേസ്. കന്യാസ്ത്രീക്ക് എതിരെ വധശ്രമം നടന്നിരുന്നുവെന്ന് കഴിഞ്ഞ ദിവസം മഠത്തിലെ ജീവനക്കാരൻ വെളിപ്പെടുത്തി. ഒരു വൈദികന്റെ ബന്ധുവിന്റെ നിർദ്ദേശ പ്രകാരമാണ് കന്യാസ്ത്രീ സഞ്ചരിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് തകർക്കാൻ ശ്രമിച്ചതെന്നാണ് ജീവനക്കാരൻ വ്യക്തമാക്കിയത്.