ക്തി 'അലൗകീകവും അരാഷ്രീയവു'മാണെന്നാണ് പ്രകടദൃഷ്ടിയിൽ പൊതുസമൂഹം വിലയിരുത്തുന്നത്. കാരണം ഭക്തർ അധികാരത്തിന് വേണ്ടി പടവെട്ടാറില്ല. പൊതുസമൂഹത്തിൽ കക്ഷിരാഷ്രീയത്തിന്റെ വിഭജനവിത്ത് വിതയ്ക്കാറില്ല. പൊതുസമൂഹത്തെ ബാധിക്കുന്ന ഭൗതീകപ്രശ്‌നങ്ങളിലൊന്നും നേരിട്ട് ഇടപെടാറില്ല. ഈ ധാരണയെ വിശദമായി വിലയിരുത്തേണ്ട വിഷയമാണ്- ഭക്തിയുടെ രാഷ്ട്രീയം.

ഒരുവന്റെ ജീവിതത്തെ നിർണ്ണയിക്കുന്ന സാമൂഹ്യതീരുമാനമെടുപ്പ് പ്രിക്രിയയാണ് രാഷ്ട്രീയം. അത് അധികാരവുമായി ബന്ധപ്പെട്ടതാണ്. ഒരാളുടെ ജീവിതത്തെ നേരിട്ട് സ്പർശിക്കാത്തിടത്തോളം അയാൾ എങ്ങനെ രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് മനസ്സിലാവില്ല. പൗരൻ സ്വന്തം ജീവിതം സുസ്ഥിരമാക്കാൻ ശ്രമിക്കുന്ന സമയങ്ങളിലാണ് രാഷ്ട്രീയം എത്രകണ്ട് പ്രധാനമെന്ന് മനസ്സിലാകുന്നത്. ഒരാൾ അയാളുടെ ഉപജീവനവഴി തേടുമ്പോൾ, ആരോഗ്യ-വിദ്യാഭ്യാസ-താമസ സുരക്ഷതേടുമ്പോൾ, വ്യക്തിപരമായ സ്വാതന്ത്ര്യത്തിൽ മത-ധാർമ്മിക ജീവിതം ജീവിക്കാൻ ശ്രമിക്കുമ്പോഴൊക്കെ അയാൾക്ക് പ്രത്യക്ഷമായും പരോക്ഷമായും രാഷ്ട്രീയത്തിൽ ഇടപെടേണ്ടിവരുന്നു. പലപ്പോഴും രാഷ്ട്രവും സമൂഹവും സ്വന്തം നിലനിൽപ്പിനെ പിന്തുണയ്ക്കുന്നില്ല എന്ന് തോന്നുമ്പോഴാണ് അധികാരത്തിലിരിക്കുന്നവരെ 'സ്വാധീനിക്കാൻ' ശ്രമിക്കേണ്ടിവരുന്നത്. അതിന് വ്യക്തികളും സംഘടനകളും പല സ്വാധീനമാർഗ്ഗങ്ങളും തിരഞ്ഞേക്കാം. അധികാരിയാണ് തനിക്ക് ഇവയെല്ലാം ചെയ്തുതരാൻ കഴിവുള്ള ആളെന്ന് അയാൾ സ്വയം വിശ്വസിക്കുന്നു. എന്നാൽ ശ്രേണീകൃതമായ അധികാരവ്യവസ്ഥിതിയിൽ ഓരോ അധികാരിയും അവന്റെ അധികാരത്തിൻ കീഴിൽ വരുന്ന കീഴാളന്റെ സ്വതന്ത്ര്യത്തെ അപഹരിച്ചെടുത്ത വ്യക്തിയാണ്. 'അധികാരം' ശുശ്രൂഷയുടെ മറുവാക്കാണെന്ന് തിരിച്ചറിയാൻ കഴിയാത്തിടത്തോളം അടിമത്വത്തിന്റെ മേലാള-കീഴാള വ്യവസ്ഥതി സൃഷ്ടിക്കുന്ന മേലാളനാണ് അധികാരിയെന്ന് തിരിച്ചറിയാൻ കീഴാളന് കഴിയാതെ പോകുന്നു.

ഈ രാഷ്ട്രീയ ബന്ധത്തെ മതാത്മകഭാഷയിലേയ്ക്ക് മൊഴിമാറ്റുമ്പോൾ ഭക്തൻ മേലാള-കീഴാള വ്യവസ്ഥയിലെ കീഴാളനാണ്. അവൻ അധികാരിയോട് തികഞ്ഞ വിധേയത്വവും ആദരവും കാണിക്കുന്നു. സ്വന്തം നിലനിൽപ്പിന് വേണ്ടി 'ദൈവ'മെന്ന മേലാളന്റെയും മനുഷ്യമേലാളന്മാരുടേയും മുൻപിൽ ഭൂമിയോളം താഴാനും അവൻ മനസ്സാണ്. അതുകൊണ്ട് തന്നെ ഭക്തന്റെ ദൈവീകബന്ധം നിലനിൽപ്പിന്റെ കൊടുക്കൽ-വാങ്ങലുകൾക്ക് അപ്പുറത്തേയ്ക്ക് വളരുന്നില്ല. മതഭക്തയിടങ്ങൾ 'അനുഗ്രഹ'ത്തിന്റെ ഭൗതീകലുത്തിനിയകൾ പാടുന്നയിടങ്ങളായി മാറുന്നത് അങ്ങനെയാണ്.

ഭക്തിയുടെ തലങ്ങൾ

ഭക്തിക്ക് രണ്ടു തലങ്ങൾ ഉണ്ട്. മനുഷ്യമനസ്സിന്റെ ലോലവും അഗാധവുമായ വൈകാരികതയുമായി ബന്ധപ്പെട്ടതാണ് ഒന്നാമത്തെ തലം. അത് പ്രണയം, അതീന്ദ്രിയത എന്നിവയുമായി ബന്ധപ്പെട്ടുനിൽക്കുന്ന സൗന്ദര്യാത്മക തലമാണ്. സാക്ഷാത്ക്കാരവഴിയിൽ വൈകാരികതയ്ക്ക് അതിന്റെ ന്യായമായ ഭാഗമുണ്ടെന്ന് അതു നമ്മെ ഓർമ്മപ്പെടുത്തുന്നു. ഈ ഭക്താനുഭവം ഒരു മിസ്റ്റിക് അനുഭവമാണ്. ഭാരതീയതത്വശാസ്ത്രം സാക്ഷാത്കാരവഴികളെ ഭക്തി-കർമ്മം-ജ്ഞാനം എന്നിങ്ങനെ മൂന്നായിട്ടാണ് തിരിച്ചിരിക്കുന്നത്. ഈ വഴികൾ പരസ്പരനിഷേധാത്മകമല്ല (mutually exclusive). അവ തമ്മിൽ ഏറിയുംകുറഞ്ഞും ലയനങ്ങൾ ഉണ്ട്. കർമ്മവഴിയിൽ ചരിക്കുന്ന ഒരാൾ ഭക്തിയെ കൂടെ ഒപ്പം ചേർത്തേക്കാം. ജ്ഞാനവഴി തേടുന്ന ഒരാൾ ഒരു പരിധിവരെ ഒരു കർമ്മയോഗിയുമാകാം. ഭക്തിമാർഗ്ഗം തേടുന്നവർ അവസാനം വ്യക്തി-വിഷയ (subject and object) ദ്വന്ദ്വങ്ങൾ ഇല്ലാതെ തുല്യതയുടെ ലയനാനുഭവത്തിലേയ്ക്ക് വരുന്നു.

ഭക്തിയുടെ മറ്റൊരു രൂപഭേദമുണ്ട്. അത് കൂടുതലും മതാത്മകതയുടെ ദ്വന്ദ്വഭാവത്തെ ഊന്നുന്ന സെമറ്റിക് മതങ്ങളിൽ ആണ് കണ്ടുവരുന്നത്. അവിടെ ദൈവവും മനുഷ്യനും തമ്മിൽ കൃത്യമായ അകലമുണ്ട്. ഭക്തൻ അപരിമേയശക്തിയുമായി സ്ഥാപിക്കുന്ന ബന്ധം മേലാള-കീഴാള (superior-inferior) അസമത്വത്തിന്റേതാണ് (a relationship of inequality). അവിടെ സ്രഷ്ടാവും-സൃഷ്ടിയും പരിപൂർണ്ണലയനത്തിലാവുന്ന, ദ്വന്ദ്വങ്ങളെ മറികടക്കുന്ന ഒരു ആന്തരികാനുഭവത്തെക്കുറിച്ചല്ല, സൃഷ്ടി സ്രഷ്ടാവിന് സ്തുതിപാടുന്ന ആരാധനാബന്ധത്തെക്കുറിച്ചാണ് സംസാരം. അടിമയും ഉടമയും തമ്മിലുള്ള ബന്ധമാണ് ഇവിടെ മനുഷ്യനും ദൈവവും തമ്മിൽ നിലനിൽക്കുന്നത്. അത്തരം മതങ്ങളുടെ ദൈവസങ്കല്പങ്ങൾ anthropomorphic (മാനവീകരണം നടത്തിയ വ്യക്തിദൈവം) ആയിരിക്കും. മേലാളമനുഷ്യനായി സങ്കല്പിക്കപ്പെട്ട ദൈവം എല്ലാ മാനുഷീകശക്തികളുടേയും ഔന്നിത്യത്തിൽ എത്തിയ ഒരു അദൃശ്യവ്യക്തിയായിരിക്കും. ക്രിസ്ത്യൻ-ഇസ്ലാമിക മിസ്റ്റിക്കുകൾ ഈ വ്യപസ്ഥാപിത ആത്മീയതയെ മറികടക്കുന്നുണ്ടെങ്കിലും അവയ്ക്ക് മുഖ്യധാരാമതത്തിൽ ഇടം നേടാൻ ആയിട്ടില്ല.

അടിമത്വ വ്യവസ്ഥിതിയിൽ ഭൗതികമായിത്തീരുന്ന മതാത്മകത

അടിമയും ഉടമയും തമ്മിലുള്ള ബന്ധം ഭൗതികമെന്ന് പറഞ്ഞത് കാൾ മാക്‌സ് ആണ്. അതുകൊടുക്കൽ-വാങ്ങൽ ബന്ധമാണ്. ഒരാൾ അയാളുടെ ശാരീരിക അധ്വാനം കൊടുക്കുന്നു, മറ്റേയാൾ പ്രതിഫലമായി പണം/ഭൗതീകആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്നു. ഭൗതികാവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുവോളം ഒരടിമ ഉടമയുടെ വിശ്വസ്തനായിരിക്കും. എന്നാൽ എപ്പോൾ ഈ ഭൗതികമാനദണ്ഡം മാറ്റപ്പെടുന്നുവോ അപ്പോൾ മുതൽ അവരുടെ ബന്ധം സംഘർഷഭരിതമാകും. അതായത് സൗന്ദര്യാത്മകതലത്തിലുള്ള ഒരു തുല്യതയുടെ ആത്മബന്ധം സത്യത്തിൽ നിലനിൽക്കുന്നില്ല എന്ന് സാരം. ഉപയോഗക്ഷമതയാണ് ഇവിടെ ബന്ധത്തെ നിർണ്ണയിക്കുന്നത്.

ഈ തത്വം മതത്തിലേയ്ക്ക് പകർത്തുമ്പോൾ ഇന്ന് മതങ്ങളിൽ ആൾദൈവങ്ങളെ ചുറ്റിപ്പറ്റി നിൽക്കുന്ന എല്ലാ ഭക്തമതാത്മകതയും അടിമ-ഉടമ വ്യവസ്ഥിതിയിൽ ഉരുവെടുത്ത ഭൗതീകതയാണ്. അവയ്‌ക്കൊക്കെ ആത്മീയതയുടെ ലേബലുകൾ ചാർത്തിക്കൊടുക്കുന്നുവേന്നെയുള്ളൂ. ഇവിടെ ഭക്തർ (ആൾ)ദൈവത്തിലേയ്ക്ക് ഓടിയെത്തുന്നത് ജീവിതത്തിൽ എന്തെങ്കിലും പരാജയങ്ങളോ അസുഖങ്ങളോ സാമ്പത്തികക്ലേശങ്ങളോ ബന്ധങ്ങളിലെ തകർച്ചയോ ഉണ്ടാകുമ്പോഴാണ്. അവയുടെ കാരണങ്ങൾ അന്വേഷിക്കുക, പരിഹാരം കണ്ടെത്തുക എന്നിവയാണ് ഇങ്ങനെയെത്തുന്നവരുടെ പരമമായ ലക്ഷ്യം. അവയാണ് ഈ ആൾദൈവങ്ങൾ നിറവേറ്റിക്കൊടുക്കുന്നതും. അതുകൊണ്ടാണ് സഭയിൽ രൂപപ്പെട്ട കരിസ്മാറ്റിക് 'ധ്യാനങ്ങൾ' പ്രഘോഷിക്കുന്ന 'അനുഗ്രഹങ്ങൾ' തികഞ്ഞ 'ഭൗതികത'യായിമാറുന്നത്. ആരോഗ്യം, സമ്പത്ത്, ജോലി, നല്ല/സൗന്ദര്യമുള്ള ജീവിത പങ്കാളി, ബുദ്ധിശക്തിയുള്ള മക്കൾ, ശത്രുസംഹാരം..... ഇങ്ങനെ പോകുന്നു അനുഗ്രഹകണക്കുകൾ. ഇവയൊന്നും ലഭിക്കാതെ വരുമ്പോൾ പരിഹാരവും പ്രതിഫലവും അദൃശ്യമായ മറ്റൊരു ലോകത്തിലേയ്ക്ക് പ്രൊജക്റ്റ് ചെയ്ത് ഈ ഭക്തമനസ്സുകൾക്ക് ആശ്വാസം കൊടുക്കുന്നു. അങ്ങനെ നിത്യത തന്നെ ഭൗതീകതയുടെ നീട്ടിക്കൊടുപ്പായി മാറുന്നു. ഇങ്ങനെയുള്ള ഒരു മതാത്മകതയെയാണ് മാർക്‌സ് 'മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന് വിളിച്ചത്.

അധികാരത്തോട് പക്ഷം ചേരുന്ന നിലനിപ്പിന്റെ 'നിഷ്പക്ഷ'രാഷ്രീയം

ദ്വന്ദ്വഭക്തിക്ക് നിലനിൽക്കുന്ന വ്യവസ്ഥികളെ മാറ്റാനോ നവീകരിക്കാനോ ആവില്ല എന്നുമാത്രമല്ല, അവയുടെ കോട്ടംകൂടാതെയുള്ള പരിപാലനമാണ് ദ്വന്ദ്വഭക്തി ഒരു 'പുണ്യ'മായി കണക്കാക്കുന്നത്. അധികാരം ചോദ്യം ചെയ്യപ്പെടാൻ ആവാത്തതെന്ന് അത് മനുഷ്യമനസ്സിനെ നിരന്തരം ഉദ്‌ബോധിപ്പിക്കുന്നു. 'അനുസരണം' എന്നത് ഒരു വലിയ മത-രാഷ്ട്രീയ മൂല്യമായി ധരിപ്പിക്കുന്നു. 'അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണ്' എന്ന ബൈബിൾ വചനത്തെ അസ്ഥാനങ്ങളിൽ ഉദ്ദരിച്ച് ലോകത്തിലെ എല്ലാ അധികാരികൾക്കും മുൻപിൽ മുട്ടുമടക്കി നിൽക്കാൻ അത് ഭക്തവിശ്വാസികളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഭക്തവിശ്വാസികളാകട്ടെ സ്വതന്ത്രമായ ബൗദ്ധിക അന്വേഷണമില്ലാത്തവരും അനുസരിക്കുന്നതിൽ മാത്രം പുണ്യം കണ്ടെത്തുന്നവരുമായി. 'അനുസരക്കേട്' അത് ആരോടായാലും ഒരു പാപമെന്നപ്രതീതി അവരുടെ മനസ്സിൽ ഉറഞ്ഞുകൂടി. ഗാന്ധിയുടെ നിയമലംഘനമോ (civil disobedience) ക്രിസ്തുവിന്റെ അനുസരണക്കേടോ (യോഹ 5:18) എന്താണെന്ന് അറിയാൻ മാത്രം അവരുടെ മനസ്സുകൾക്ക് വിശാലതയുണ്ടാവില്ല.

'സമദൂര'മാണ് നിലനിൽപ്പിന്റെ രാഷ്ട്രീയം സ്വീകരിക്കുന്ന പ്രായോഗികനിലപാട്. മുതലാളിത്ത വലതുപക്ഷ നിലാപാടാണത്. ആ നിലപാട് നിരന്തരം ഭരിക്കുന്നവനൊപ്പം മലക്കംമറഞ്ഞുവന്ന് നിൽക്കുന്ന ഒന്നാണ്. കോൺഗ്രസ് ഭരണകാലത്ത് അത് ഭാരതീയജനതാപാർട്ടിയുടെ ഹിന്ദുത്വനിലപാടിനെ വിമർശിച്ച് ന്യൂനപക്ഷപീഡനത്തെക്കുറിച്ച് വിലപിച്ച് മുതലെടുക്കും. ഭാരതീയജനതാപാർട്ടി അധികാരത്തിൽ എത്തി എന്നറിഞ്ഞാൽ ഉടൻ മോദിയെ കർത്താവ് തിരഞ്ഞെടുത്ത ദാസനായി വാഴ്‌ത്തും (ഉദാ: ശാലോം മാസിക). അധിക്കാരം കിട്ടുമെന്നും താങ്കൾക്ക് നേട്ടമുണ്ടാമെന്നും മനസ്സിലാക്കിയാൽ അതുവരെ ഇടയലേഖനം വരെ പുറപ്പെടുവിച്ച് എതിർത്ത നിരീശ്വരവാദപ്രസ്ഥാനത്തിന് വേണ്ടി വോട്ട് ചോദിച്ചിറങ്ങും. കേന്ദ്രത്തിൽ സ്വാധിനിക്കാം എന്ന് ഉറപ്പായാൽ വർഗ്ഗീയ തീവ്രവാദപ്പാർട്ടിക്കൊപ്പം കൂട്ടത്തിൽ ഒരാളെ കയറ്റിവിട്ട് അവിടെ 'നമ്മുടെ ആളുണ്ട്' എന്ന് ഉറപ്പിക്കും. ചുരുക്കത്തിൽ, ഈ രാഷ്ട്രീയത്തിന് ഒന്നിനോടും തൊട്ടുകൂടായ്മയില്ല, അതുകൊണ്ടുതന്നെ അത് പ്രവാചകപരമല്ല.

പ്രവാചകരാഷ്ട്രീയത്തിന് കൃത്യമായ നിലാപാടുകൾ ഉണ്ട്. അത് ക്രിസ്തുവിന്റെ രാഷ്ട്രീയം പോലയാണ്. ക്രിസ്തുവിന്റെ സുവിശേഷം ഒരു താരാട്ടുപാട്ട് ആയിരുന്നില്ല. ചിലര്ക്ക് അത് സുവിശേഷം (സത്വാർത്ത) പോലുമായിരുന്നില്ല, ദുർവാർത്തയായിരുന്നു. അതിൽ പ്രവാചക ഭാഷയുടെ ചൂടും ചൂരുമുണ്ടായിരുന്നു. കുടിലബുദ്ധിയായ ഭരണാധികാരിയെ കുറുക്കൻ എന്ന് വിളിച്ച, പണക്കൊതിയരെ നോക്കി ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും നിങ്ങൾ ദൈവരാജ്യത്തിൽ പ്രവേശിക്കില്ലെന്നു കണിശമായി പറഞ്ഞ, അനുഷ്ഠാന മതപുരോഹിതരോട് അവരുടെ 'പ്രാർത്ഥനാ ഷോ'യുടെ പൊള്ളത്തരത്തെക്കുറിച്ചും നീണ്ട അങ്കിയുടെ കാപട്യത്തെക്കുറിച്ചും തീപാറുന്ന വാക്കിൽ സംസാരിച്ച, കാപട്യം കാട്ടുന്നവരെ 'അണലിസന്തതികൾ' എന്ന് വിളിച്ച ഒരു കാർക്കശ്യത്തിന്റെ ക്രിസ്തു സുവിശേഷമുണ്ട്. അത് ശത്രുക്കളെ ജനിപ്പിക്കുന്നത് കൂടിയാണ്. അതുകൊണ്ടാണ് മുപ്പത്തിമൂന്നാം വയസ്സിൽ മുന്നോട്ടു പോകാനാവാത്തവിധം അവന് ചുറ്റും 'ശത്രുക്കളാ'ൽ നിറഞ്ഞത്. കുറുക്കനെ കുറുക്കൻ എന്ന് വിളിക്കാനുള്ള കഴിവ് പ്രവാചകരാഷ്ട്രീയം. അതിനെ sting of the gospel (സുവിശേഷത്തിന്റെ കുത്ത്) എന്ന് വിളിക്കാം.

ക്രിസ്തു സ്‌നേഹത്തെക്കുറിച്ച് പഠിപ്പിച്ചതുകൊണ്ടല്ല കുരിശിൽ മരിയ്‌ക്കേണ്ടിവന്നത്. സ്‌നേഹം, ക്ഷമ, കാരുണ്യം, എന്നിവ എത്ര വേണമെങ്കിലും പഠിപ്പിച്ചുകൊള്ളൂ, നിങ്ങള്ക്ക് ഒന്നും സംഭവിക്കില്ല, മറിച്ച് ഒരു ആത്മീയഗുരു എന്ന അംഗീകാരം നിശ്ചയമായും കിട്ടിയിരിക്കും. മഹാനായ ഹില്ലേൽ റബ്ബി ക്രിസ്തുവിന്റെ കാലത്തിന് മുന്പ് തന്നെ സ്‌നേഹത്തിന്റെ പാഠങ്ങൾ ക്രിസ്തുവിനെ പോലെ മനോഹരമായി പഠിപ്പിച്ചിട്ടുണ്ട്. അതിൽ ക്രിസ്തുവിന് മാത്രം അവകാശപ്പെടാൻ പറ്റുന്ന പുതുമയില്ല. ഒരു എറുമ്പിനെ പോലും നോവിക്കരുതെന്ന സ്‌നേഹപാഠത്തിൽ വിശ്വസിച്ച ഹില്ലേൽ ഗുരു ചുറ്റും ശിക്ഷ്യഗണങ്ങളാൽ നിറഞ്ഞ് പ്രായമെത്തി ഒരു പൂജ്യഗുരുവായി മരിക്കുകയായിരുന്നു. ക്രിസ്തുവിന്റെ സുവിശേഷത്തിന് സ്‌നാപകന്റെ പ്രവാചകശബ്ദത്തിന്റെ ഇടിമുഴക്കവും ഹില്ലേൽ ഗുരുവിന്റെ സ്‌നേഹത്തിന്റെ തൂവല്‌സ്പര്ശവും ഉണ്ടായിരുന്നു. തന്റെ കാലഘട്ടത്തിലെ മതനേതൃത്വത്തോട്, രാഷ്ട്രീയനേതൃത്വത്തോട്, സമൂഹനേതൃത്വത്തോട്, പ്രമാണിമാരോട് ക്രിസ്തു ചിലത് 'പാടില്ല' എന്ന് കാർക്കശ്യ ഭാഷയിൽ പറഞ്ഞു. അതായിരുന്നു അവനെ അത്രമേൽ 'ജനസമ്മതന'ല്ലാതാക്കി മാറ്റിയത്. അതായിരുന്നു കൊലമരത്തോളം ക്രിസ്തുവിനെ കൊണ്ടുച്ചെന്നെത്തിച്ച സുവിശേഷത്തിന്റെ രാഷ്രീയം.

ഭക്തിപ്രസ്ഥാനക്കാർ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് പ്രിയപ്പെട്ട ആരുടെയോ ICU മരണം പോലെ ലളിതവും വൈകാരീകവുമാക്കി തീര്ത്ത ഒന്നാണ് ക്രിസ്തുവിന്റെ വധശിക്ഷ. തിരുരക്തത്തെക്കുറിച്ച് പാടിയും പ്രസംഗിച്ചും മനസ്സിലെ കുറ്റബോധം കഴുകിക്കളയുന്ന ഹന്നാൻവെള്ളം പോലെയാക്കി മാറ്റി. ക്രിസ്തു ക്രൂശിക്കപ്പെടുകയായിരുന്നു, അതും രണ്ട് രാഷ്ട്രീയകുറ്റവാളികൾക്കൊപ്പം. കുരിശിലെ മരണം റോമാക്കാർ അവരുടെ അടിമകളായ ജനതകള്ക്ക് രാഷ്ട്രീയകുറ്റത്തിന് (സാമ്രാജ്യത്തിനോ ചക്രവര്ത്തിക്കോ എതിരെ സംസാരിക്കുകയോ പ്രവര്ത്തിക്കുകയോ ചെയ്യുന്നവര്ക്ക് ) കൊടുക്കുന്ന ശിക്ഷയാണ്. കൂടാതെ ക്രിസ്തുവിന്റെ കൂടെ കൊലചെയ്യപ്പെട്ടവർ രണ്ട് റിബെല്ലുകളും (lലstലs). Lലstലs എന്ന ഗ്രീക്ക് വാക്കിന് zealots/bandits/thieves എന്നൊക്കെ അര്ത്ഥം. എന്തെങ്കിലും സാധനങ്ങൾ കട്ടെടുക്കുന്ന 'കള്ളൻ' എന്ന അര്ത്ഥം ഇവിടെ യോജിക്കില്ല. കാരണം അങ്ങനെയുള്ളവരെ ക്രൂശിൽ തൂക്കിക്കൊല്ലാൻ റോമൻ നിയമത്തിൽ വ്യവസ്ഥയില്ല. അപ്പോൾ അവർ നിശ്ചയമായും ബാറാബാസിനെ പോലെ രാഷ്ട്രീയകുറ്റവാളികൾ ആയിരുന്നിരിക്കണം. ('ആരെ മോചിപ്പിക്കണം, രാഷ്ട്രീയ കലാപത്തിൽ പിടിക്കപ്പെട്ട ബറാബാസിനെയോ ക്രിസ്തുവിനെയോ' എന്ന പീലാത്തോസിന്റെ ചോദ്യം അവിടെയാണ് പ്രസക്തമാകുന്നത്). സുവിശേഷത്തിന് ദരിദ്രരോടും ബലഹീനരോടും കൃത്യമായ പക്ഷം ചേരുന്ന ഒരു രാഷ്ട്രീയമുണ്ട്. അത് അപകടകരമായ ഒരു രാഷ്ട്രീയനിലപാടാണ്. അധികാരം ചൂഷണത്തിനും സ്വന്തം സുഖംതേടലിനും ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയത്തോട് അത് നിരന്തരം കലഹത്തിലാണ്. ലോകത്തിലെ എല്ലാ അധികാരികളോടും കണ്ണടച്ച് വിധേയത്വം പറയുന്ന ഭക്തി അധികാരികൾക്ക് പാദസേവചെയ്യുന്ന രാഷ്ട്രീയമാണ് ജീവിക്കുന്നത്. അതിന് ചൂഷണത്തിൽ പങ്കുപറ്റുന്ന നിലനിൽപ്പിന്റെ പ്രായോഗികവാദമുണ്ട്. അത് സുവിശേഷാത്മകമല്ല, ക്രിസ്തുമനസ്സിന്റെ രാഷ്ട്രീയമല്ല.

ഭക്തിയും ബുദ്ധിയും - രാഷ്രീയ കർത്തിത്വബോധം

Fides et Ratio എന്ന ചാക്രിയലേഖനത്തിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വിശ്വാസവും ബൗദ്ധികചിന്തയും പരസ്പരപൂരകങ്ങളായി ഒരുമിച്ച് പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ബുദ്ധിപൂർവ്വമായ ചിന്തയില്ലാത്ത വിശ്വാസം അന്ധവിശ്വാസത്തിലേയ്ക്ക് വഴിമാറും എന്ന് മാർപാപ്പ ഇവിടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. (FR IV, 48). വിശ്വാസവും ബുദ്ധിയും ഒരുമിച്ചു കൊണ്ടുപോകാൻ വലിയ ബുദ്ധിമുട്ടൊന്നും ആത്മാന്വേഷികളായ മനുഷ്യർക്കില്ല. 'അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും' എന്ന ക്രിസ്തുവചനം അവർക്ക് എളുപ്പം മനസ്സിലാകും. എന്നാൽ ഭക്തരെ സംബധിച്ചിടത്തോളം മതത്തിൽ ബുദ്ധി ഉപയോഗിക്കുന്നത് വിശ്വാസക്കുറവായിട്ടാണ് കണക്കാക്കുന്നത്.

ബൗദ്ധിക അജ്ഞാനം സൃഷ്ടിക്കുന്നത് ചിന്താശക്തിയില്ലാത്ത ഒരു കൂട്ടം വികാരജീവികളെയാണ്. അവർക്ക് ഒരിക്കലും രാഷ്രീയ കർത്തിത്വബോധം (political subjecthood) ഉണ്ടാവില്ല. അവർ അവരുടെ നിയതി അധികാരം കയ്യാളുന്ന ഒരു ചുരുങ്ങിയ എണ്ണം അധികാരിവർഗ്ഗത്തിന് ഏൽപ്പിച്ചുകൊടുത്തുകൊണ്ട് അധികാരി പറയുന്നതും ചെയ്യുന്നതും എല്ലാം 'ദൈവതിരുമാനസ്സാ'ണെന്ന് സ്വയം വിശ്വസിക്കുന്നു. 'നിങ്ങൾ സത്യം അറിയും, സത്യം നിങ്ങളെ സ്വതന്ത്രമാക്കും' എന്ന യേശുവചനത്തിലെ സത്യം കണ്ടെത്തേണ്ട ഉത്തരവാദിത്വം അവർ അവരുടെ നേതാക്കളെ ഏൽപ്പിക്കുകയും നേതാക്കൾ അവർ കണ്ടെത്തുന്ന 'സത്യങ്ങൾ' നിത്യസത്യമായി അണികൾക്ക് വ്യാഖ്യാനിച്ചുകൊടുക്കുകയും, അണികൾ അവയിൽ 'അന്ധമായി' വിശ്വസിക്കുകയും ചെയ്യുന്നു. അങ്ങനെ ഭക്തരിൽ നിന്ന് എന്തിനുംഏതിനും പോരുന്ന വിമർശന ചിന്തയില്ലാത്ത ഒരു വലിയ കൂട്ടം അണികളെ സൃഷ്ടിച്ചെടുക്കുന്നു. ഇതാണ് ആശ്രിതരെ സൃഷ്ടിച്ച് അധികാരം കയ്യാളുന്ന രാഷ്രീയം. ഇതിന് മതത്തിനുള്ളിലും പുറത്തും നല്ല വേരോട്ടമുണ്ട്. അനുസരിക്കുക മാത്രം ചെയ്യുന്ന ആശ്രിതർ ബുദ്ധിരഹിതമായ ഒരു വലിയ ജനക്കൂട്ടമാണ്. അത്തരം ഒരു ജനക്കൂട്ടത്തെ സൃഷ്ടിച്ചെടുക്കുക എന്നത് അധികാരം കയ്യാളുന്ന പൗരോഹിത്യം നേതൃത്വത്തിന് ആവശ്യമാണ്. ഭക്തിപ്രസ്ഥാനങ്ങൾക്ക് പൗരോഹിത്യം നേതൃത്വത്തിന് ചെയ്തുകൊടുക്കുന്ന സേവനവും അതാണ്. അതേസമയം അധികാരം കയ്യാളുന്ന ഈ മതനേത്രുത്വത്തിൽ മഹാഭൂരിപക്ഷവും ഭക്തരല്ല എന്ന വിരോധാഭാസവും കൂടെയുണ്ട്. ഭക്തിയെ അധികാരം ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ബുദ്ധിഉപയോഗപ്പെടുത്താത്ത, സത്യം അന്വേഷിക്കാത്ത, ഒരു കൂട്ടം ജനത്തെ വാർത്തെടുക്കുന്നതാണ് ഭക്തിയുടെ സാമ്രാജ്യത്വരാഷ്ട്രീയം. കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ പോലുള്ള ഭക്തിപ്രസ്ഥാനങ്ങളുടെ ഈ സാധ്യതയാണ് തൊണ്ണൂറുകൾക്ക് ശേഷം കേരളസഭയുടെ അധികാരനേതൃത്വം വളരെ വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയത്.

ഇപ്പോൾ കേരളസഭയിൽ ഒരു വലിയ ആൾകൂട്ടം ഭക്തിപ്രസ്ഥാനങ്ങളോട് ചേർന്ന് വളരുന്നുവരുന്നുണ്ട് എന്നത് സത്യമാണ്. എന്നാൽ ആ വലിയ ആൾകൂട്ടത്തിന്റെ ഗുണമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ചിന്താശക്തിയുള്ളവർ (ഉന്നതഉദ്ദ്യോഗവും സമ്പത്തും രാഷ്ട്രീയ-സാമൂഹ്യ സ്വാധീനവും ചിന്താശക്തിയുടെ മാനദണ്ഡമല്ല) സഭയിൽ നിന്ന് അകന്നുപോകുന്നത് ആരും തന്നെ കാര്യമായി ശ്രദ്ധിക്കുന്നില്ല. ഒപ്പം രണ്ടാംവത്തിക്കാൻ കൗൺസിലിന് ശേഷം സ്വതന്ത്രഇന്ത്യയിൽ സഭവളർത്തിക്കൊണ്ടുവന്ന സ്വതന്ത്രമതനിരപേക്ഷചിന്തയും പുരോഗമനാത്മകവിശാല ആത്മീയകാഴ്ചപ്പാടും കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ അവരുടെ സങ്കുചിത-യാഥാസ്ഥിതിക സമീപനം കൊണ്ട് വലിയ പരിധിവരെ തകർത്തുകളഞ്ഞു. അത് ഇന്ന് കേരളസഭയെ പൊതുസമൂഹത്തിൽ അപഹാസ്യമാക്കുകയും സംശയത്തിന്റെ നിഴലിൽ നിർത്തുകയും ചെയ്യുന്നു. ശാസ്ത്രവുമായി സംവദിക്കാൻ കഴിവുള്ള, മത-ജാതി-കക്ഷിരാഷ്രീയ ചിന്തകൾക്ക് അപ്പുറത്തുള്ളവരുമായി ഇടപഴകാൻ ആവുന്ന ഒരു പുതുതലമുറ ക്രിസ്തീയവിശ്വാസികളെ വാർത്തെടുക്കുന്നതിൽ സഭ അമ്പേ പരാജയപ്പെട്ടു. ചിന്തകൾ മരവിച്ച ഒരു കൂട്ടം വൈദീകരെയാണ് നമ്മുടെ ദൈവശാസ്ത്രസെമിനാരികൾ പോലും സമ്മാനിക്കുന്നത്. സഭയ്ക്കുള്ളിൽ നടക്കുന്ന അപചയങ്ങളെ ചോദ്യം ചെയ്യാൻ കഴിയുന്ന (internal criticism) വിശ്വാസസമൂഹത്തെ ആട്ടിപ്പായിച്ച് സഭയുടെ പുറത്തുനിർത്തി, അവരുടെ ആക്രമണം ഏറ്റുവാങ്ങുകയാണ് ഇപ്പോൾ (ഉദാ: ലെയ്റ്റി വോയ്‌സ്, സത്യജ്വാല) സഭ.

ചോദ്യം ചെയ്യപ്പെടാത്ത അധിക്കാരം കയ്യാളുന്നതും അതിനോട് ചേർന്നുനിൽക്കുന്നതുമാണ് നിലനിൽക്കുന്ന ഭക്തിപ്രസ്ഥാനങ്ങളുടെ രാഷ്ട്രീയമാനങ്ങൾ. അത് 'നിലനിൽപ്പിന്റെ രാഷ്ട്രീയ'മാണ്. അത് യേശുക്രിസ്തുവിന്റെ സുവിശേഷത്തിനോടോ രാഷ്ട്രീയത്തിനോടോ ബന്ധമില്ലെന്ന് മാത്രമല്ല, അതിന്റെ വിപരീതദിശയിലാണ് ചരിക്കുന്നത്.

ഗ്രന്ഥസൂചിക

Born in Slavery: Slave Narratives from the Federal Writers' Project, 1936-1938, Library of Congress, Manuscript Division. Washington, DC: 2001.
Douglas E. Oakman, The Political Aims of Jesus, Fortess Press, 2012
John Paul II, Fides et Ratio, 1998.
Salome Lee, 'Until We Are All Abolitionists: Marx on Slavery, Race, and Class,' in International Marxist-Humanist, October 22, 2011.
Tony Campolo, 'The Politics of the Charismatic Movement,' in Evangelicals for Social Action, May 11, 2005.