കോതമംഗലം: പതിനാറുകാരിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ തനിക്ക് മർദ്ദനം ഏൽക്കേണ്ടിവന്ന സംഭവത്തിന് വഴിതെളിച്ചത് കോതമംഗലം രൂപതയിൽ നിന്നുള്ള തല തിരിഞ്ഞ സമീപനമെന്ന് തലക്കോട് പുത്തൻകുരിശ് അംബികാപുരം പള്ളിവികാരി ഫാ. ജോസ് കിഴക്കേൽ. ആത്മഹത്യചെയ്ത പ്‌ളസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം അടക്കം ചെയ്യാൻ സമ്മതിക്കാതിരുന്നതിനെ തുടർന്ന് ഉണ്ടായ പ്രശ്‌നങ്ങളിൽ മറുനാടനോട് പ്രതികരിക്കുകയായിരുന്നു ഫാ. കിഴക്കേൽ. പതിനാറുകാരിയുടെ സംസ്‌കാരത്തിന് പള്ളി അധികൃതർ തടസ്സം നിന്നെന്ന ആക്ഷേപം ഉയരുകയും തുടർന്ന് അരമനയിൽ നിന്ന് അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം അടക്കം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ പള്ളിമേടയിലെത്തി വികാരിയെ പെൺകുട്ടിയുടെ ബന്ധു കയ്യേറ്റം ചെയ്യുകയും ചെയ്തതോടെ സംഭവം വലിയ വിവാദമായിരിക്കുകയാണ്.

രണ്ടുമതങ്ങളെ അവഹേളിക്കുന്ന നടപടിയാണ് കോതമംഗലം രൂപത നേൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും ഇത് ഈ മതവിഭാഗങ്ങൾ തമ്മിലുള്ള അസ്വാരസ്യത്തിന് വഴിതെളിക്കുമോ എന്ന് തനിക്ക് ആശങ്കയുണ്ടെന്നും കിഴക്കേലച്ചൻ മറുനാടനോട് വ്യക്തമാക്കി. നിലവിലെ രേഖകൾ പ്രകാരം പള്ളിസെമിത്തേരിയിൽ അടക്കം ചെയ്തിരിക്കുന്നത് ഹിന്ദുപുലയ വിഭാഗത്തിൽപ്പെടുന്ന പെൺകുട്ടിയുടെ മൃതദേഹമാണ്. ഇത് ക്രൈസ്തവർക്കും ഹൈന്ദവർക്കും ഏറെ വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് രൂപത അധികൃതർ തിരിച്ചറിയാതെ പോയത് മഹാ അപരാധമായിപ്പോയെന്നാണ് എന്റെ നിലപാട്. - ഫാ. കിഴക്കേൽ പറയുന്നു. രൂപതയിൽ തന്നോട് ശത്രുതയുള്ള ചിലരാണ് തന്നേ മർദ്ദിക്കാൻ യുവാവിനെ പിരികേറ്റിവിട്ടതെന്ന സംശയവും ഫാ. കിഴക്കേൽ മറുനാടനോട് പങ്കുവച്ചു. ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോതമംഗലം രൂപതയ്ക്കു കീഴിലാണ് ഇപ്പോൾ വിഷയം ഉണ്ടായിരിക്കുന്നത്.

സംഭവത്തെ പറ്റി ഫാ. കിഴക്കേൽ പറയുന്നതിങ്ങനെ

മരണമടഞ്ഞ പെൺകുട്ടിയുടെ പിതാവ് റോമൻ കാത്തിലിക് വിഭാഗത്തിൽപ്പെട്ടയാളായിരുന്നു. മാതാവ് പുലയ വിഭാഗക്കാരിയായിരുന്നു. ഇവർ ക്രിസ്തുമതം സ്വീകരിച്ചാണ് വിവാഹിതയായത്. കുട്ടികളെ മാമോദീസ മുക്കിയിട്ടുമുണ്ട്. ഭർത്താവിന്റെ മരണശേഷം സർക്കാർ ആനുകൂല്യങ്ങൾ നേടുന്നതിനായി മാതാവും മക്കളും തഹസീൽദാരിൽ നിന്നും പുലയ വിഭാഗക്കാരെന്ന് സാക്ഷിപ്പെടുത്തി സർട്ടിഫിക്കറ്റും വാങ്ങിയിട്ടുണ്ട്. ഇവർ പള്ളിയുമായി സഹകരിക്കാതായിട്ട് വർഷങ്ങളായി.

ഈ കുടുബം ഇപ്പോൾ ക്ഷേത്രങ്ങളിൽ പോകുന്നതും വഴിപാട് നടത്തുന്നതുമെല്ലാം നാട്ടിലെല്ലാവർക്കുമറിയാം. ഈ വിവരങ്ങളെല്ലാം അരമനയിൽ അറിയിച്ചിരുന്നു. ഇതിന് ശേഷവും രൂപതയുടെ ഭാഗത്തുനിന്നും മൃതദ്ദേഹം പള്ളിസെമിത്തേരിയിൽ അടക്കാൻ നിർദ്ദേശിച്ചതിന്റെ പൊരുൾ വ്യക്തമല്ല.

അതേസമയം, വീട്ടുകാരോടും ബന്ധുക്കളോടും കാര്യങ്ങൾ വ്യക്തമാക്കിയപ്പോൾ വീടിന്റെ മുറ്റത്ത് മൃതദേഹം മറവ് ചെയ്യാൻ മാതാവ് ഒരുക്കമായിരുന്നു. പിതൃസഹോദരനാണ് തടസ്സവാദവുമായി രംഗത്തുണ്ടായിരുന്നത്. ഇയാൾ എന്നെ കരുതിക്കൂട്ടി ആക്രമിക്കുകയായിരുന്നു. ഇന്നലെ രാവിലെ പെൺകുട്ടിയുടെ പിതൃസഹോദരൻ കുട്ടായി (ബിനു )പള്ളിയിൽ കുഴിമാടത്തിൽ പ്രാർത്ഥനക്കായി ക്ഷണിച്ചു. മൃതദ്ദേഹം അടക്കുക മാത്രംമതി, പ്രാർത്ഥനാ ചടങ്ങുകളൊന്നും പാടില്ലെന്ന് രൂപതയിൽ നിന്ന് അറിയിച്ചിരുന്നതിൽ ഒപ്പീസ് ചൊല്ലാൻ പറ്റില്ലന്ന് തീർത്തു പറഞ്ഞു. രൂപതയിൽ നിന്ന് പറഞ്ഞാൽ പ്രാർത്ഥനാ ചടങ്ങുകൾ നടത്താമെന്നും സമ്മതിച്ചു.

ഇടുക്കിയിൽ ഒരു മരണാവശ്യത്തിൽ പങ്കെടുക്കുന്നതിനായി വാഹനത്തിൽ കയറാൻ തുടങ്ങിയ എന്നെ അയാൾ തടഞ്ഞു. സമീപത്ത് ഉണ്ടായിരുന്നവർ ഇടപട്ടാണ് ഇയാളെ മടക്കി അയച്ചത്. പിന്നെ ഇയാളെ കാണുന്നത് വൈകുന്നേരം അഞ്ച് മണിയോടെ പള്ളിയിലെ ഓഫീസിന് സമീപം വച്ചാണ്. ഷർട്ട് ധരിച്ചിരുന്നില്ല. കോട്ടപ്പടിയിൽ നിന്നെത്തിയ രണ്ടുപേർ എന്നെ കാണാൻ കാത്തുനിന്നതിനാൽ ഞാൻ ഓഫീസ് തുറക്കാൻ തിരിഞ്ഞു. ഈ സമയം ഇയാൾ മുഖത്തടിച്ചു. തുടർന്ന് സമീപത്ത് ഉണ്ടായിരുന്നവർ ഇടപെട്ടതോടെ ഇയാൾ സ്ഥലം വിട്ടു. പൊലീസിനെ വിളിച്ച് വിവരം പറഞ്ഞെങ്കിലും കേസ് നടപടികളിലേക്ക് കടന്നില്ല. വിഷയം നിയമ നടപടികളിലേക്ക് കടന്നാൽ രൂപതാ നേതൃത്വം പ്രതിക്കൂട്ടിലാവുമെന്നുള്ള തിരിച്ചറിവിലാണ് ഞാനിതിന് മുതിരാതിരുന്നത്. - ഫാ. കിഴക്കേൽ പറയുന്നു.

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഇവിടുത്തുകാരിയായ 15 പ്ലസ്‌വൺ വിദ്യാർത്ഥിനിയുടെ പിതൃസഹോദരനാണ് കുട്ടായി എന്നറിയപ്പെടുന്ന ബിനു. വിദ്യാർത്ഥിനിയുടെ മൃതദ്ദേഹം പള്ളിസെമിത്തേരിയിൽ അടക്കാൻ വികാരി സമ്മതിക്കാതിരുന്നതിനെ തുടർന്ന് വിഷയം അരമനയിൽ അറിയിച്ചാണ് ബന്ധുക്കൾ അനുമതി നേടിയത്.

പ്രാർത്ഥന കാര്യങ്ങളിൽ കുടുംബാംഗങ്ങൾ കൃത്യമായി പങ്കെടുക്കുന്നില്ലെന്നും പള്ളിയിൽ അടയ്‌ക്കേണ്ട പണം അടച്ചില്ലെന്നും ആരോപിച്ച് വികാരി സംസ്‌കാരത്തിന് അനുമതി നിഷേധിച്ചെന്ന ആരോപണമാണ് കുട്ടിയുടെ ബന്ധുക്കളിൽ ചിലർ ഉയർത്തുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയ ശേഷം ബന്ധുക്കൾ സംസ്‌കാരത്തിനുള്ള ക്രമീകരണങ്ങൾക്കായി പള്ളിയിലെത്തിയപ്പോൾ വികാരി സംസ്‌കാരത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ബന്ധുക്കൾ ഇതിനെ ചോദ്യം ചെയ്‌തെങ്കിലും വികാരി യാതൊരു വിട്ടുവീഴ്ചക്കും തയ്യാറായില്ലെന്നാണ് ആക്ഷേപം.

ആന്റണിജോൺ എം എൽ എ അടക്കമുള്ളവർ ബന്ധപ്പെട്ടതിനെത്തുടർന്ന് അരമനയിൽ നിന്നും പ്രത്യേക അനുമതി പത്രം വാങ്ങിക്കൊണ്ടുവന്ന ശേഷമാണ് വികാരി സംസ്‌കാരത്തിന് അനുമതി നൽകിയത്. ഇതിനെ തുടർന്നാണ് വികാരിയെ മർദ്ദിച്ച സംഭവം ഉണ്ടാവുന്നതും. ഇതോടെ സംഭവം വലിയ വിവാദത്തിൽ കലാശിച്ചിരിക്കുകയാണ്.

ഇതേത്തുടർന്ന് ഊന്നുകൽ എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പള്ളിയിലെത്തി വികാരിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസിയായ ബിനുവിനെ കസ്റ്റഡിയിൽ എടുക്കുന്നതിന് പൊലീസ് നടത്തിയ നീക്കം വിഫലമായി. ഇയാളെ തേടി പൊലീസ് സംഘം പുത്തൻകുരിശിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല. അന്വേഷണം തുടർന്നുവരികയാണ്.