ഇടുക്കി: സോഷ്യൽ മീഡിയായിലും, യൂ ടൂബിലും വൈറലായ ഒരു പുരോഹിതനുണ്ട്, ഇടുക്കിയുടെ സ്വന്തം അച്ചൻ, ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ. കട്ടപ്പനയ്ക്കടുത്ത് വലിയതോവാളയിൽ നിന്ന് ളോഹയിട്ട് പൗരോഹിത്യത്തിലേക്ക് മലയിറങ്ങിയ കാപ്പിരിയച്ചൻ. ലോകത്താകമാനമുള്ള ലക്ഷക്കണക്കിന് മലയാളികൾ കണ്ടവയാണ് അവയെല്ലാം. അവയിലേതിലെങ്കിലും ചെവി ചേർത്ത് നോക്കൂ നിങ്ങളും ഫാദറിന്റെ നർമ്മ മധുരമായ പ്രഭാഷണം കേട്ടിരിക്കും. വചന പ്രഘോഷണമൊന്നും അല്ലത്. തമാശ നിറഞ്ഞ ദൈവവചനങ്ങളാണ് ഇവ.

കുടുബ ബന്ധങ്ങളെ വിളക്കി നിറുത്താൻ സഹായിക്കുന്ന കൊച്ചു കൊച്ചു വർത്തമാനങ്ങൾ. യൂ ടൂബിലും മറ്റ് സോഷ്യൽ മീഡിയായിലും ഫാദർ വൈറലാകാനുള്ള കാരണവും അത് തന്നെ. നർമ്മമാണ് കൈമുതൽ. അതുകൊണ്ട് തന്നെ പ്രേക്ഷകരും അച്ചന് ഏറെയുണ്ട്. ഇപ്പോൾ അച്ഛന്റെ ഒരു പ്രസംഗ ഓഡിയോ യൂടൂബിൽ വൈറലാകുന്നു. പ്രസംഗത്തിലെ അവതരണമാണ് ഇതിന് കാരണം. മാവിനെ വെഞ്ചരിച്ച കഥയാണ് അച്ചൻ പറയുന്നത്. അന്ധവിശ്വാസങ്ങൾ ഇത്രയും വേണമോ എന്ന ചോദ്യമാണ് ഈ തമാശയിലൂടെ അച്ചൻ വിശ്വാസികളിലേക്ക് കടത്തി വിടുന്നത്. ആലുവ മിണ്ടാമഠത്തിലെ കഥയാണ് അച്ചൻ പറയുന്നത്.

വൈറലാകുന്ന ഓഡിയോ ഇങ്ങനെ:
ആലുവ മിണ്ടാമഠത്തിൽ ധ്യാനിച്ചു കൊണ്ടിരിക്കുമ്പോൾ മദർ പറഞ്ഞു. ഇവിടെത്തെ മാവിൽ മാങ്ങയുണ്ട്. അണ്ടിയിലെല്ലാം വണ്ട്. ഈ വണ്ടിനെയെല്ലാം ബന്ധിപ്പിച്ചിട്ട് പോകണമെന്ന് പറഞ്ഞു. ഉറാലയും ആനവെള്ളയും കൊണ്ടു വരാൻ പറഞ്ഞു. സിസ്റ്റേഴ്‌സ് നിഷ്‌കളങ്കാമായി പ്രാർത്ഥിച്ചു. ഉള്ളുരുകി പ്രാർത്ഥിച്ചു. ഈ മാവിൽ കാലാകാലം ഉണ്ടാകുന്ന മാങ്ങയിൽ അണ്ടിയിൽ ഉണ്ടാകുന്ന വണ്ടിനെ ബന്ധിക്കണേ എന്ന് പ്രാർത്ഥിച്ച് ആനവെള്ളവും തളിച്ചിട്ടും പോയി. ഒരാഴ്ച കഴിഞ്ഞപ്പോൾ മദറിന്റെ കത്ത്. എന്റെ അച്ചാ... അച്ചൻ പ്രാർത്ഥിക്കുമെന്ന് കേട്ടിട്ടുണ്ട്. ഇത്രോ പവറുള്ള പ്രാർത്ഥനയാണെന്ന് ഇപ്പോഴാ മനസ്സിലായത്. അച്ചൻ പ്രാർത്ഥിച്ചിട്ട് പോയി മൂന്നാം ദിവസം ഭയങ്കര കാറ്റും മഴയും വന്നപ്പോ മാവ് മൂടോടെ ഒടിഞ്ഞു പോയി. അതോടെ വെഞ്ചെരിപ്പും തീർന്നു.

2011 ൽ കുവൈത്തിൽ അച്ചൻ നടത്തിയ പ്രഭാഷണമാണ് യൂ ടൂബിൽ ആദ്യമായി അപ്പ് ലോഡ് ചെയ്തത്. കുവൈത്തിലെ പ്രവാസികളായിരുന്നു അതിന് പിന്നിൽ. രണ്ട് മാസം കൊണ്ട് ലക്ഷക്കണക്കിന് പേരാണ് അത് കണ്ടത്. ഇതിനോടകം അതിന് കതോർത്തവർ 15 ലക്ഷത്തിലധികം പേരാണ്. പിന്നീട് കേരളത്തിലും ഇന്ത്യയിൽ മറ്റിടങ്ങളിലും വിവിധ രാജ്യങ്ങളിലും നടത്തിയ നൂറുകണക്കിന് പ്രഭാഷണങ്ങൾ യൂ ടൂബിലും ഫെയ്സ് ബുക്കിലും,വാട്സ് ആപ്പിലും അപ്പ് ലോഡ് ചെയ്യപ്പെട്ടു. എല്ലാം ഹിറ്റായി. അത്തരത്തിലൊന്നാണ് ആലുവ മിണ്ടാമഠം കഥയും. അച്ചൻ പ്രഭാഷണത്തിന് മാത്രമായി ഇതിനോടകം സഞ്ചരിച്ചത് 42 അധികം ലോക രാഷ്ട്രങ്ങളാണ്.

നരിയംപാറയിലെ ദേവസ്വം കോളേജിലായിരുന്നു അച്ചന്റെ പ്രീ ഡിഗ്രി പഠനം. അന്ന് കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗത്തിന്റെ ജില്ല സെക്രട്ടറിയായിരുന്നു. കേരള കോൺഗ്രസ് പിളർന്നപ്പോൾ രാഷ്ട്രീയം വിട്ടു. പിന്നീടാണ് പൗരോഹിത്യത്തിലേക്ക് തിരിഞ്ഞത്. ഫീലോസഫിയിൽ കാലിക്കട്ട് സർവകലാശാലയിൽ നിന്ന് മൂന്നാം റാങ്കോടെ ബിരുദവും, തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന എൽ.എൽ.ബിയും നേടിയിട്ടുണ്ട്.