കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസിലെ പ്രധാന സാക്ഷികളിൽ ഒരാളായ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിൽ ദൂരൂഹതകൾ ഏറുന്നു. ഫാ.കാട്ടുതറ താമസിച്ചിരുന്ന ദസുയ്യ സെന്റ് പോൾസ് പള്ളിയിലെ വൈദികനും സമീപത്തുള്ള അഡോറേഷൻ കോൺവെന്റിലെ രണ്ട് മുതിർന്ന കന്യാസ്ത്രീകളും ഫാ.കാട്ടുതറയെ നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നും ഈ സമ്മർദ്ദമാണ് കാട്ടുതറയുടെ ജീവനെടുത്തതെന്നുമാണ് ഉയരുന്ന ആരോപണം. ഇത്തരം വെളിപ്പെടുത്തലുകളുമായി വൈദികരും ഫാ.കാട്ടുതറയുടെ ബന്ധുക്കളും എത്തുമ്പോൾ ഫ്രാങ്കോ കേസും നിർണ്ണായക വഴിത്തിരിവിലെത്തുകയായിരുന്നു.

ബലാത്സംഗ കേസിൽ വിചാരണ സമയത്ത് അച്ചൻ മൊഴിമാറ്റിപ്പറയണം എന്നായിരുന്നു ഫ്രാങ്കോ അനുകൂലികളുടെ പ്രധാന ആവശ്യം. അല്ലെങ്കിൽ അച്ചന്റെ മൊഴി കള്ളസാക്ഷ്യമാണെന്ന് വരുത്തിതീർക്കാനുള്ള പണിയൊക്കെ ബിഷപ്പിനറിയാം. അച്ചനെ ഞങ്ങൾ കന്യാസ്ത്രീകൾ തന്നെ കോടതിയിൽ തള്ളിപ്പറയും. കുറവിലങ്ങാട് കിടക്കുന്ന കന്യാസ്ത്രീകളല്ല, നമുക്ക് ബിഷപ്പ് ആണ് വലുതെന്ന വാദമാണ് കന്യാസ്ത്രീകൾ ഉയർത്തിയത്. ഇതിന് വഴങ്ങാൻ കാട്ടുതറ തയ്യാറായിരുന്നില്ല. ഇതോടെ കന്യാസ്ത്രീകൾ ഫാ.കാട്ടുതറയെ നിരന്തരം വേട്ടയാടാൻ തുടങ്ങി. കൂടെ താമസിച്ചിരുന്ന വൈദികനും നിരന്തരം കുറ്റപ്പെടുത്തി. ഇതെല്ലാം ബന്ധുക്കളോട് ഫാ.കാട്ടുതറ പറഞ്ഞിരുന്നു. ബിഷപ്പിന് ജാമ്യം കിട്ടിയ രാത്രി അത്താഴത്തിന് എത്തിയ പഞ്ചാബി വൈദികനും ഫാ.കാട്ടുതറയെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു.

താൻ പഠിപ്പിച്ചവരും പകുതിമാത്രം പ്രായമുള്ളവരുമായ ഇവരിൽ നിന്നുള്ള കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലും അച്ചനെ തളർത്തി. ഭക്ഷണമേശയിൽ പോലും സ്വസ്ഥത നൽകിയിരുന്നില്ല. ദസുയ്യയിലേക്ക് ഫാ.കാട്ടുതറ സ്ഥലം മാറിചെന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് മരണം. പുറംലോകവുമായി ബന്ധപ്പെടാനുള്ള അവസരങ്ങളും പള്ളിവികാരിയായ വൈദികൻ തടഞ്ഞുവച്ചിരുന്നു. ഫോണിൽ മറ്റു വൈദികരോടും ബന്ധുക്കളോടും സംസാരിക്കുന്നതിൽ അപ്രഖ്യാപിത വിലക്ക് വന്നു. ഫോൺവിളികൾ നിരീക്ഷിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതോടെ ഒപ്പമുള്ള വൈദികൻ സ്ഥലത്തില്ലാതിരുക്കുമ്പോഴോ ജലന്ധറിലെ രൂപത സെമിനാരിയിൽ ക്ലാസ് എടുക്കാൻ പോകുമ്പോഴോ ആയിരുന്നു മറ്റുള്ളവരെ വിളിച്ചിരുന്നത്. അടുത്ത സുഹൃത്തുക്കളായ വൈദികരെ കാണാൻ പുറത്തേക്ക് പോകാൻ വാഹനസൗകര്യവും പരിമിതിപ്പെടുത്തിയിരുന്നു.

വെള്ളിയാഴ്ച വൈകിട്ടും രണ്ടു കന്യാസ്ത്രീകളും ഈ വൈദികനും ഫാ.കാട്ടുതറയോട് ബിഷപ്പിനെതിരെ മൊഴി നൽകിയതിനെ ചൊല്ലി കലഹിച്ചിരുന്നു. 'ഇടയനോടൊപ്പം ഒരു ദിവസം' പരിപാടിയിലും കൗൺസിലിംഗിന്റെ പേരിലും ബിഷപ്പിൽ നിന്ന് അപമര്യാദയായ പെരുമാറ്റം ഉണ്ടായ കാര്യം നിരവധി കന്യാസ്ത്രീകൾ ഫാ.കാട്ടുതറയോട് തുറന്നുപറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ അദ്ദേഹം പൊലീസിന് മൊഴിയായി നൽകുകയും ചെയ്തിരുന്നു. ഫാ.കാട്ടുതറയുടെ മരണം സംബന്ധിച്ച് സഹോദരൻ ദസുയ്യ പൊലീസിനു പരാതി നൽകിയപ്പോഴും ഒപ്പം താമസിച്ചിരുന്ന വൈദികൻ പ്രശ്നമുണ്ടാക്കിയെന്നും ബന്ധുക്കൾ പറയുന്നു.

''എനിക്കൊപ്പം നിൽക്കുന്നവരെ ഞാൻ എന്തുവില കൊടുത്തും സംരക്ഷിക്കും, അല്ലാത്തവരെ ഇല്ലാതാക്കുമെന്ന'' ഫ്രാങ്കോ ജലന്ധറിലെ വൈദികരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ബിഷപ്പോ അദ്ദേഹവുമായി അടുത്ത വൈദികരോ ഫാ.കാട്ടുതറയെ നേരിട്ട് ഫോണിലോ മറ്റും വിളിക്കാതെ ഇത്തരം ഇടനിലക്കാർ വഴി സമ്മർദ്ദിലാക്കുകയായിരുന്നു. ഫോണിൽ വിളിക്കുകയോ നേരിട്ട് സംസാരിക്കുകയോ ചെയ്താൻ ഫാ.കാട്ടുതറ അത് റെക്കോർഡ് ചെയ്ത് പൊലീസിന് കൈമാറുമെന്നും ഇവർക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇടനിലക്കാരെ ഉപയോഗിച്ചായിരുന്നു ഭീഷണി. ഫാ.കാട്ടുതറയ്ക്ക് ഇടവക ജനത്തിനു മുന്നിൽ കുർബാന ചൊല്ലാൻ അവസരങ്ങളൊന്നും പുതിയ പള്ളിയിൽ വികാരി നൽകിയിരുന്നില്ല.

പോസ്റ്റുമോർട്ടം റിപ്പോർട്ട് വൈകുന്നതിലും ബന്ധുക്കൾക്ക് ആശങ്കയുണ്ട്. തങ്ങൾ ആവശ്യപ്പെട്ട പ്രകാരം എല്ലാനടപടികളും കാമറയിൽ പകർത്തിയാണ് പോസ്റ്റുമോർട്ടം നടത്തിയത്. മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതോടെയാണ് നാട്ടിൽ വീണ്ടും പോസ്റ്റുമോർട്ടം നടത്തേണ്ട എന്ന് തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് പോലും ഇപ്പോഴും നൽകാൻ അധികൃതർ തയ്യാറാകുന്നില്ല. വിവാദമായ വിഷയമായതിനാൽ വിശദമായി തയ്യാറാക്കിയ റിപ്പോർട്ട് മാത്രമേ നൽകൂവെന്നും ഫോറൻസിക് പരിശോധനാ ഫലത്തിന് മാസങ്ങൾ പിടിക്കുമെന്നുമാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്നും ബന്ധുക്കൾ പറയുന്നു.

അച്ചന്റെ മരണം ഹൃദയാഘാതം മൂലമല്ലെന്നാണ് ഡോക്ടർമാർ സ്വകാര്യമായി തങ്ങളോട് പറഞ്ഞത്. അതോടെയാണ് അസ്വഭാവിക മരണത്തിന് പരാതി നൽകിയത്. റിപ്പോർട്ട് വൈകുന്നതിനു പിന്നിൽ മറ്റാരുടെയെങ്കിലും ഇടപെടലുണ്ടോയെന്നും ബന്ധുക്കൾ പറയുന്നു. അരമനയിൽ താമസിച്ച് ഫ്രാങ്കോ കേസ് അട്ടിമറിക്കാനുള് ചരടുവലി ഊർജിതമായി നടത്തുന്നുണ്ട്. നിലവിൽ അഡ്‌മിനിസ്ട്രേറ്റർ ആഗ്നെലോ ഗ്രേഷ്യസും ബിഷപ്പ് ഫ്രാങ്കോയും തൊട്ടടുത്ത മുറികളിലാണ് താമസം. അഡ്‌മിനിസ്ട്രേറ്ററെ കാണാൻ ഫാ.കുര്യാക്കോസ് കാട്ടുതറ അനുമതി തേടിയെങ്കിലും ബിഷപ്പ്ഹൗസ് അധികൃതർ നൽകിയിരുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.