ജലന്ധർ: ബിഷപ്പിന് കവചം തീർക്കുന്ന വൈദികർക്കും കന്യാസ്ത്രീകൾ നിഷ്‌കളങ്കരാണെന്ന് അറിയാം. ഭയം കൊണ്ടാണ് കന്യാസ്ത്രീകൾ പലരും പരാതിയുമായി പൊലീസിനെ സമീപിക്കാത്തത്. പേടിയാണ്, ഞങ്ങളെല്ലാവരും പേടിക്കുന്നു. ഞാൻ കാമറയ്ക്ക് മുന്നിൽ ഈ പറഞ്ഞത് പോലും ഏത് തരത്തിൽ വ്യാഖ്യാനിക്കുമെന്ന് എനിക്ക് അറിയില്ലെന്ന് തുറന്നു പറഞ്ഞ വൈദികനായിരുന്നു ജലന്ധർ രൂപതയിലെ ഫാ. കുര്യാക്കോസ് കാട്ടുതറ. അതുകൊണ്ട് തന്നെ ബലാത്സംഗക്കേസിൽ ജാമ്യം കിട്ടി ഫ്രാങ്കോ പുറത്തിറങ്ങുമ്പോൾ കാട്ടുതറയ്ക്ക് എന്ത് സംഭവിക്കുമെന്ന ഭീതി വിശ്വാസികൾക്കും സജീവമായുണ്ടായിരുന്നു. ഈ ആശങ്കകൾ ശരിയായിരുന്നുവെന്നാണ് കാട്ടുതറയുടെ അപ്രതീക്ഷിത മരണം തെളിയിക്കുന്നത്.

പഞ്ചാബിൽ സർവ്വ ശക്തനാണ് ഫ്രാങ്കോ മുളയ്ക്കൽ എന്ന ബിഷപ്പ്. ജലന്ധർ പൊലീസിന്റെ പ്രിയപ്പെട്ട മെത്രാൻ. പഞ്ചാബിലെ രാഷ്ട്രീയക്കാരുടെ കണ്ണിലുണ്ണി. അതുകൊണ്ട് തന്നെ കാട്ടുതറയുടെ മരണം സ്വാഭാവികമായി തന്നെ പഞ്ചാബ് പൊലീസ് എഴുതി തള്ളും. കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന രാജ്‌നാഥ് സിംഗും ബിഷപ്പിന്റെ അടുത്ത സുഹൃത്താണ്. ഡൽഹിയിൽ സഹായ മെത്രാനായി പണിയെടുക്കുമ്പോൾ ലഭിച്ച സൗഹൃദം. അതുകൊണ്ട് തന്നെ സാക്ഷാൽ സിബിഐ എത്തിയാൽ പോലും കാട്ടുതറയുടെ മരണം വെറുമൊരു ഹൃദയാഘാതമായി തന്നെ അവശേഷിപ്പും. കാട്ടുതറയ്ക്കുണ്ടായ ഭീഷണിയും സമ്മർദ്ദവുമൊന്നും ഒരു കേസ് ഡയറിയിലും പ്രതിഫലിക്കില്ല. തനിക്കെതിരെ മൊഴി നൽകുന്നവർക്ക് എന്ത് സംഭവിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ ഫ്രാങ്കോ നൽകുന്നത്. കേരളത്തിലുള്ള കന്യാസ്ത്രീകൾക്ക് ബിഷപ്പിനോട് വൈരാഗ്യമുണ്ടെന്ന് തെളിയിക്കാനാകും. അതുകൊണ്ട് ബലാത്സംഗക്കേസിൽ ലൂപ് ഹോളുകൾ ഒരുക്കി രക്ഷപ്പെടാം. എന്നാൽ ജലന്ധർ രൂപതയിലെ വൈദികർ പോലും ഇത് ശരിവച്ചാൽ ബിഷപ്പിന് ജയിൽ വാസം ഉറപ്പാകുമായിരുന്നു.

ബിഷപ്പ് കുറ്റക്കാനല്ലെന്നാണ് സഭയുടെ വിശദീകരണം. ജലന്ധറിൽ വീണ്ടും ബിഷപ്പ് സജീവമായി കഴിഞ്ഞു. കാട്ടുതറയുടെ മരണത്തോടെ ബിഷപ്പിനെതിരെ പൊലീസിനോട് സംസാരിച്ചവരെല്ലാം ഭീതിയിലാണ്. എന്ത് സംഭവിക്കുമെന്ന് അറിയാത്ത അവസ്ഥ. ജലന്ധറിന് സമീപം ദസ് വയിലെ പള്ളിയിലെ മുറിയിൽ തിങ്കളാഴ്ച രാവിലെയാണ് ഫാ. കുര്യാക്കോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം വൈദികരും ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം മുറിയിലേക്ക് പോയ അദ്ദേഹം പിന്നീട് മുറിവിട്ട് പുറത്തേക്ക് വന്നിരുന്നില്ല. ഇന്ന് രാവിലെ കുർബാനയ്ക്ക് അച്ചനെ കാണാതായപ്പോൾ ജോലിക്കാരൻ വന്ന് വിളിച്ചിട്ടും മുറി തുറന്നില്ല. പിന്നീട് മറ്റുള്ളവരെത്തി മുറിയുടെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോളാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഫാ. കുര്യാക്കോസ് കാട്ടുതറയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് ജലന്ധർ രൂപതയുടെ വിശദീകരണം. അദ്ദേഹത്തെ രൂപതയുടെ ചുമതലകളിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയായിരുന്നു. ബിഷപ്പിനെതിരെ മൊഴി നൽകിയതായിരുന്നു ഇതിന് കാരണം. ചുമതലകളിൽ നിന്ന് അച്ചന്മാരെ മാറ്റി നിർത്തിയാലും രൂപത വിട്ടുപോകാൻ ആരേയും ബിഷപ്പ് അനുവദിക്കില്ല. ഏകാന്തതയിലേക്ക് അവരെ തള്ളി വിട്ട് മാനസികമായി തകർക്കുകയാണ് രീതി. ഇത് പല ബിഷപ്പുമാർക്കുമെതിരെ മുമ്പും ചെയ്തിട്ടുണ്ട്. അതിനിടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഫാ. കുര്യാക്കോസിന് ഭീഷണിയുണ്ടായിരുന്നെന്നും വൈദികന്റെ സഹോദരൻ ജോസ് കാട്ടുതറ പറഞ്ഞു.

ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ഫാ. കുര്യാക്കോസ് സഹായങ്ങൾ നൽകുകയും ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു. ബിഷപ്പിനെതിരെ അദ്ദേഹം മൊഴി നൽകുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് ഗുണ്ടകളുടെ ഭീഷണിയുണ്ടായിരുന്നെന്നും താമസസ്ഥലത്തിനു നേരെ കല്ലെറിയുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നതായും ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. എന്നാൽ പഞ്ചാബ് പൊലീസാണ് കേസ് അന്വേഷിക്കുന്നത് എന്നതിനാൽ ഇവർക്കൊന്നും വലിയ പ്രതീക്ഷയും ഇല്ല.

ഫ്രാങ്കോയെ അഴിക്കുള്ളിലാക്കിയത് ചാനലിന് മുന്നിലെ വെളിപ്പെടുത്തൽ

സഭ വിട്ടുപോയ കന്യാസ്ത്രീകളിൽ പലരും കരഞ്ഞുകൊണ്ട് ബിഷപ്പിനെതിരെ പരാതിയുമായി സമീപിച്ചിരുന്നുവെന്ന് ഫാ. കുര്യാക്കോസ് കാട്ടുതറ മാതൃഭൂമി ന്യൂസിനോട് പറഞ്ഞിരുന്നു. ഇതോടെയാണ് വിശുദ്ധനാകാനുള്ള ഫ്രാങ്കോയുടെ ശ്രമം പൊളിഞ്ഞതും അഴിക്കുള്ളിയാതും. കന്യാസ്ത്രീകൾക്കുണ്ടായ പീഡനം കാട്ടുതറ തുറന്ന് പൊലീസിനോടും സമ്മതിച്ചു. ഇതായിരുന്നു ഫ്രാങ്കോയുടെ അറസ്റ്റിന് പൊലീസിനെ സഹായിച്ചതും. അല്ലാത്ത പക്ഷം കന്യാസ്ത്രീകൾ വൈരാഗ്യം തീർക്കാൻ തന്നെ കുടുക്കുന്നുവെന്ന ഫ്രാങ്കോയുടെ വാദം പൊലീസിനും അംഗീകരിക്കേണ്ടി വന്നേനെ. കേസ് എങ്ങനേയും ഒതുക്കി തീർക്കാനുള്ള ഫ്രാങ്കോയുടെ ശ്രമവും കാട്ടുതറയാണ് പൊളിച്ചത്.

ബിഷപ്പിനോടുള്ള ഭയം കൊണ്ടാണ് കന്യാസ്ത്രീകൾ പരാതി പറയാൻ മടിക്കുന്നതെന്നും കാട്ടുതറ ആരോപിച്ചിരുന്നു. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ ബിഷപ്പ് തേജോവധം ചെയ്യാൻ ശ്രമിക്കുന്നത് സഹിക്കാൻ വൈകാതെയാണ് തുറന്നുപറയാമെന്ന തീരുമാനത്തിലെത്തിയതെന്നും മാതൃഭൂമിയോട് വിശദീകരിച്ച വൈദികനായിരുന്നു കാട്ടുതറ. മുമ്പ് കന്യാസ്ത്രീകളുടെ വൊക്കേഷണൽ ട്രെയിനർ കൂടിയായിരുന്ന തന്നോട് കന്യാസ്ത്രീകൾ പലതവണ ബിഷപ്പിനെതിരെ പരാതിപ്പെട്ടിട്ടുണ്ട്. കരഞ്ഞുകൊണ്ട് തന്റെ മുമ്പിൽ പറഞ്ഞിട്ടുണ്ട്. അച്ചോ ഈ മെത്രാൻ നമ്മുടെ രൂപതയിൽ മെത്രാനായിരിക്കുന്നിടത്തോളം കാലം എനിക്കിവിടെ സമാധാനമായി ജീവിക്കാനാകില്ല, ക്ഷമിക്കണം ഞാൻ ഉടനെ തന്നെ സഭവിട്ടുപോകും. ഒന്നോ രണ്ടോ പേരാണെങ്കിൽ ഏതോ ചില അപവാദങ്ങളായിട്ട് എഴുതിത്ത്ത്തള്ളാമായിരുന്നു ഒന്നിൽ കൂടുതൽ പേർ വന്ന് തീർച്ചയായിട്ടും ഇങ്ങനെ പരാതിപ്പെട്ടപ്പോൾ തീർച്ചയായിട്ടും ഞങ്ങൾക്ക് ഇപ്പോൾ പുറകോട്ട് തിരിഞ്ഞുനോക്കുമ്പോൾ കൂട്ടിവായിക്കാൻ സാധിക്കും ഇതുപോലുള്ള ഗൗരവമായ എന്തോ സംഭവങ്ങളായിരുന്നു എന്ന്.-ഇതായിരുന്നു ഫ്രാങ്കോയ്‌ക്കെതിരായ കാട്ടുതറയുടെ മൊഴിയും വെളിപ്പെടുത്തൽ.

മുമ്പ് കന്യാസ്ത്രീകളുടെ വൊക്കേഷണൽ ട്രെയിനർ കൂടിയായിരുന്ന തന്നോട് കന്യാസ്ത്രീകൾ പലതവണ ബിഷപ്പിനെതിരെ പരാതിപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. രൂപതയുടെ കീഴിൽ കന്യാസ്ത്രീകൾക്കായി മിഷണറീസ് ഓഫ് ജീസസ് സ്ഥാപിച്ച മുൻ ബിഷപ്പ് സിംഫോറിയൻ കീപ്പുറത്തിനൊപ്പം പ്രവർത്തിച്ച വൈദികൻ കൂടിയാണ് ഫാ. കുര്യാക്കോസ് കാട്ടുതറ. ആലപ്പുഴ പള്ളിപ്പുറം സ്വദേശിയാണ്. എ ഡേ വിത് ദി ഷെപ്പേർഡ് ഇടയനൊപ്പം ഒരു ദിനം എന്ന പേരിൽ കന്യാസ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നടത്തിയിരുന്ന പരിപാടിയിലേക്കും കേരള പൊലീസിന്റെ അന്വേഷണം വ്യാപിപ്പിക്കണമെന്നാണ് കാട്ടുത്തറ ആവശ്യപ്പെടിരുന്നത്.

കാട്ടുത്തറയുടെ മരണം ചർച്ചയാക്കുന്നത് ബിഷപ്പിന്റെ ഹിറ്റ്‌ലർ ശൈലി

ഡൽഹിയിൽ സഹായമെത്രാനെന്ന നിലയിലെ പ്രവർത്തനമാണ് ഫ്രാങ്കോയെ ശ്രദ്ധേയനായത്. വത്തിക്കാനിലെ കളങ്കിതരായ വൈദികരെല്ലാം ഫ്രാങ്കോയുടെ അടുപ്പക്കാരണ്. ഇവരെ ഡൽഹിയിൽ കൊണ്ടു വന്ന് സത്കരിച്ചും മറ്റുമാണ് ഫ്രാങ്കോ ഇവരുടെ അടുപ്പക്കാരനായത്. ഈ ബന്ധങ്ങളാണ് അർഹതപ്പെട്ട പലരേയും തഴഞ്ഞ് 2013ൽ ഫ്രാങ്കോയെ ജലന്ധറിലെ പരമാധികാരിയാക്കിയത്. പതിയെ ഓരോരുത്തരെ തകർത്ത് എല്ലാം തന്റെ സ്വാധീനവലയത്തിലേക്കാക്കി മാറ്റുകയായിരുന്നു ബിഷപ്പ് ഫ്രാങ്കോ ചെയ്തത്. ഹിറ്റ്ലറാണ് തന്റെ റോൾ മോഡലെന്ന് പറഞ്ഞാണ് എതിരാളികളെ നേരിട്ടത്.

അതുകൊണ്ട് തന്നെ രൂപതയിലെ പള്ളികളിൽ നിരവധി വിമതരും എത്തി. പലരും ബിഷപ്പിനെ ചോദ്യം ചെയ്തു. ഇതിനെ ചാരന്മാരെ നിയോഗിച്ചാണ് ഫ്രാങ്കോ നേരിട്ടത്. സ്വന്തം സന്യാസി സഭയിൽ നിന്നെത്തിയ വിശ്വസ്തരെ എല്ലാ അരമനയിലും നിയോഗിച്ചു. തനിക്കെതിരെ ചെറുവിരൽ അനങ്ങിയാൽ പോലും ബിഷപ്പ് അപ്പോൾ തന്നെ അറിഞ്ഞു. പഞ്ചാബ് പൊലീസിലെ വിശ്വസ്തരെ ഉപയോഗിച്ചും അതീവ രഹസ്യമായി കാര്യങ്ങൾ നിരീക്ഷിച്ചു. അങ്ങനെ സത്യത്തിനൊപ്പം നീങ്ങിയവരെ എല്ലാം അരിഞ്ഞു വീഴ്‌ത്തുന്ന തരത്തിൽ ഇടപെടൽ നടത്തി ഫ്രാങ്കോ മുന്നോട്ട് പോയി. പ്രാർത്ഥനാലയം കൈക്കലാക്കാൻ ഫാ ബേസിലിനെ എല്ലാ അർത്ഥത്തിലും ഇല്ലായ്മ ചെയ്യുകയായിരുന്നു ഫ്രാങ്കോ ചെയ്തത്. ഇതിനെ ആർക്കും എതിർക്കാനോ ചോദ്യം ചെയ്യാനോ കഴിഞ്ഞില്ല. കാട്ടുപുറത്തിനുണ്ടായതും സമാന ഒറ്റപ്പെടുത്തലായിരുന്നു. തന്റെ ഇഷ്ടത്തിന് വഴങ്ങാത്തവരെയെല്ലാം ബിഷപ് മാനസികമായി പീഡിപ്പിച്ചിരുന്നു. സ്ഥലംമാറ്റവും അവധിയുമൊക്കെ ബിഷപ്പിന്റെ ഇഷ്ടാനുസരണമായിരുന്നു. ഒരിക്കൽ ഗഖലൻ സെന്റ് മേരീസ് ഇടവകയിൽ പുതിയ പള്ളിയുടെ വെഞ്ചിരിപ്പ് കർമ്മം നടക്കുകയായിരുന്നു. ബിഷപ്പ് എത്തിയപ്പോൾ അദ്ദേഹം ആഗ്രഹിച്ചപോലെ കുതിരപ്പുറത്ത് കയറ്റിയുള്ള എഴുന്നള്ളിപ്പും നോട്ടുമാല ഇട്ടുള്ള സ്വീകരണവും വാദ്യമേളങ്ങളും ഒന്നും കിട്ടിയില്ല.

അതിന്റെ ദേഷ്യം മുഴുവൻ പ്രസംഗത്തിനിടെ വികാരിയച്ചനോട് തീർത്തു. ചടങ്ങിനെത്തിയ അതിഥികളുടെ മുഴുവൻ പേരെടുത്ത് പറഞ്ഞ ബിഷപ്പ് വികാരിയച്ചനെ കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല. ഈ പള്ളി പണിക്ക് വികാരിയുടെ സംഭാവന ചെറുതാണെന്ന് വരെ പറഞ്ഞു. അതിനെ വിശ്വാസികളും കന്യാസ്ത്രീകളും എതിർത്തു. അച്ചന്റെ ശ്രമഫലമാണ് പള്ളിപണി പൂർത്തിയായതെന്ന് അവർ മറുപടി നൽകി. ഉടനെവന്നു അടുത്ത പണി, വെഞ്ചിരിപ്പിനൊപ്പം തന്നെ പുതിയ വികാരിയെ നിയമിക്കുകയാണ് പള്ളിയുടെ താക്കോൽ അദ്ദേഹത്തിന് നൽകാൻ നിർദ്ദേശിച്ചു. ഇതിനേയും ഇടവകാംഗങ്ങൾ എതിർത്തു. ഇത്രയും കഷ്ടപ്പെട്ട് ഒരു പള്ളി പണിത വൈദികനൊപ്പം ഒരു ബലി അർപ്പിക്കാതെ അദ്ദേഹത്തെ പറഞ്ഞയക്കാൻ കഴിയില്ലെന്നായിരുന്നു ഇടവകാംഗങ്ങളുടെ നിലപാട്.-ഇതാണ് ഫ്രാങ്കോയുടെ ഹിറ്റ്ലർ ശൈലിയുടെ ഏറ്റവും വലിയ ഉദാഹരണം.

ഫാ.ബേസിൽ മുക്കൻതോട്ടം എന്ന വൈദികൻ പ്രാർത്ഥനയ്ക്കും രൂപതയുടെ പരിപാടികൾ പഞ്ചാബിന് പുറത്തേക്ക് അറിയിക്കുന്നതും തുടങ്ങിയതാണ് പ്രാർത്ഥനാ ഭവൻ എന്ന ചാനൽ. ബിഷപ്പ് ഫ്രാങ്കോ വന്നപ്പോൾ മുതൽ അദ്ദേഹത്തിന്റെ വൺമാൻ ഷോ ആണ് ചാനലിൽ. അതിനെ ബേസിൽ അച്ചൻ എതിർത്തപ്പോൾ അനാവശ്യമായ ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ഉയർത്തി, കള്ളക്കഥകൾ പറഞ്ഞുപരത്തി രൂപതയിൽ നിന്ന് സസ്‌പെന്റു ചെയ്തു. കണ്ണുകളിലൂടെ സംസാരിക്കുന്ന മെത്രാനായിരുന്നു ഫ്രാങ്കോ. ആ കണ്ണുകളിൽ നോക്കിയാൽ ആത്മീയതയുടെ തിളക്കം ആർക്കും അനുഭവിക്കാനാകുമായിരുന്നില്ല.