മനാമ: സേവന പാതയിൽ പുതിയ അധ്യായങ്ങൾ രചിച്ച രഞ്ജി അച്ചൻ എന്ന രഞ്ജി വർഗീസ് മല്ലപ്പള്ളി ബഹ്‌റൈനോട് വിടപറയാൻ ഒരുങ്ങുകയാണ്. ദൈവസ്‌നേഹം മനുഷ്യനോടുള്ള സ്‌നേഹമാണെന്ന വാക്കുകൾ അന്വർഥമാക്കും വിധമായിരുന്നു അച്ചന്റെ കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ. ജാതി,മത,ലിംഗ,ദേശ പരിമിതികളുടെ അതിരുകൾ മറികടന്ന് അശരണരുടെ കണ്ണീരൊപ്പിയ ആ കൈകകൾ ഇനി പുതിയ ഇടങ്ങളിലെ ദൗത്യങ്ങൾ തിരഞ്ഞുപോകുകയാണ്.

2011 മെയ് മാസത്തിൽ ആണ്‌ അദ്ദേഹം ബഹ്‌റൈനിൽ എത്തുന്നത്.  1050ലേറെ കുടുംബങ്ങളുള്ള ഇടവകയുടെയും ക്രമേണ ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന്റെയാകെയും വിളക്കായി അദ്ദേഹം മാറുകയായിരുന്നു. ബഹ്‌റൈൻ ഇടവകയിലെ പ്രവർത്തനങ്ങളിൽ കൈത്താങ്ങായി സഹവികാരി ജേക്കബ് വി.ജോർജ്ജും രഞ്ജി അച്ചനോടൊപ്പം ഉണ്ടായിരുന്നു.

അച്ചന്റെ നേതൃത്വത്തിൽ നടന്ന 'കാൻസർ കെയർ ഗ്രൂപ്പിന്റെ' പ്രവർത്തനം സമാനതയില്ലാത്ത സേവനങ്ങളാണ് ഈ മേഖലയിൽ നടത്തിയത്. കാൻസർ ബാധിച്ച ഒരാൾക്കു പോലും ചികിത്സയോ സഹായമോ ഇല്ലാതെ ജീവൻ നഷ്ടപ്പെടരുത് എന്ന നിശ്ചയദാർഡ്യം നിരവധി പേർക്ക് തുണയായി. സംഘടനയുടെ പ്രവർത്തന ഫലമായി ഇന്ത്യയിലെ ഏറ്റവും മികച്ച കാൻസർ ചികിത്സകനായ ഡോ. വി.പി ഗംഗാധരൻ രണ്ട് തവണയായി ബഹ്‌റൈനിൽ വരുകയും ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്കയച്ച നിരവധി രോഗികളെ അദ്ദേഹം നേരിട്ട് ചികിത്സിക്കുകയും ചെയ്തു.

ഇടവടയുടെ സമൂഹത്തിലേക്കുള്ള വാതിലായി 2013ൽ 'കാരുണ്യസ്പർശം' തുടങ്ങി. പരസ്പരം സഹായിക്കുക എന്നതാണ് സംഘടനയുടെ ആപ്തവാക്യം. 'കാരുണ്യ സ്പർശം' വഴി നിരവധി പേർക്ക് ആശ്വാസമത്തെിച്ചു. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാനാണ് ഇതു വഴി ശ്രമിക്കുന്നത്. ലേബർ ക്യാമ്പുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്‌നേഹദൂതുമായി സംഘടന എത്തിയിരുന്നു.

ബഹ്‌റൈൻ ഭരണാധികാരികളുടെ സുമനസും നിർലോഭമായ പിന്തുണയും മൂലമാണ് ബഹ്‌റൈനിൽ എല്ലാ മതസ്ഥർക്കും അവരവരുടെ ആചാരവിശ്വാസ ക്രമങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കുന്നതെന്ന് രഞ്ജി അച്ചൻ പറഞ്ഞു. ബഹ്‌റൈനിലെ ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ കെ.സി.ഇ.സിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. 

1993ൽ പുരോഹിതനായി മാറിയ രഞ്ജി വർഗീസിന്റെ ആത്മീയ ജീവിതം തുടങ്ങുന്നത് അമ്മവീട് നിലനിന്നിരുന്ന തിയ്യാടിക്കൽ കുംബ്‌ളങ്ങാനത്തു വച്ചാണ്. അവിടുത്തെ സെന്റ് ജോൺസ് മാർത്തോമാ പള്ളിയിലെ ആരാധനകൾ അദ്ദേഹത്തിന്റെ മനസിൽ ആത്മീയതയുടെ വിത്തുപാകി. അഞ്ചാം ക്‌ളാസിന് ശേഷം അദ്ദേഹം മല്ലപ്പള്ളിയിലേക്ക് പോന്നു.

രഞ്ജി അച്ചന്റെ പിതാവ് പരേതനായ ടി.എസ്. ഗീവർഗീസ് തടത്തിൽ ബീഹാർ സർക്കാർ സർവീസിൽ എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ആയിരുന്നു. ഇദ്ദേഹത്തിന്റെ നാലുമക്കളിൽ ഏറ്റവും ഇളയ ആളാണ് രഞ്ജി വർഗീസ്.മല്ലപ്പള്ളിയിലത്തെിയ ശേഷം അവിടുത്തെ മാർത്തോമ പള്ളിയിൽ നിന്നും സൺഡെ സ്‌കൂളിലെ യുവജന സഖ്യം പ്രാർത്ഥനാക്കൂട്ടത്തിൽ നിന്നും സ്വായത്തമാക്കിയ ആത്മീയ ശക്തിയാണ് തന്നെ ഈ ശുശ്രൂഷയിലേക്ക് ഒരുക്കിയെടുത്തത് എന്ന് അച്ചൻ പറഞ്ഞു. എന്നാൽ അപ്പോഴും ഒരു പട്ടക്കാരനാകാൻ അദ്ദേഹം പൂർണമായും ആഗ്രഹിച്ചിരുന്നില്ല. പിതാവ് ജോലി ചെയ്യുന്ന പട്‌നയിൽ പോയി എം.ബി.എ എൻട്രൻസ് പരീക്ഷയും അഭിമുഖവും ജയിച്ച് അഡ്‌മിഷനു വേണ്ടി കാത്തിരിക്കുന്ന വേളയിൽ സഭയിലെ പ്രമുഖ പുരോഹിതനായ പി.കെ.സക്കരിയ അച്ചനുമായി ചെലവഴിച്ച സമയമാണ് അദ്ദേഹത്തെ ആത്മീയ ജീവിതത്തിലേക്ക് പൂർണമായും വഴിതിരിച്ചു വിട്ടത്.

പമ്പാവാലി തുലാപ്പള്ളി സെന്റ് തോമസ് ഇടവകയിലാണ് രഞ്ജി അച്ചൻ തന്റെ പുരോഹിത ജീവിതം തുടങ്ങുന്നത്. ഓരോ ഇടവകയിലും മൂന്നു മുതൽ അഞ്ചു വർഷം വരെയുള്ള സേവന കാലാവധി കേവലം ആരാധനക്കായി ഒരിക്കലും അദ്ദേഹം മാറ്റിവച്ചിട്ടില്ല. തുലാപ്പള്ളിയിൽ നിയമിതനാകുമ്പോൾ കടത്തുകടന്നാണ് അദ്ദേഹം പള്ളിയിലേക്ക് പോയത്. തിരികെ വരുമ്പോൾ പാലമുണ്ടായിരുന്നു. അത് ഇടവകയിലെ ശുശ്രൂഷാകാലം നിതാന്ത സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാക്കിയതു കൂടി വന്ന പാലമാണ്. അതോടൊപ്പം അവിടെ പ്രവർത്തിച്ചിരുന്ന അനധികൃത കള്ള്ഷാപ്പിനെതിരെ 42 ദിവസം നീളുന്ന ഐതിഹാസികമായ സമരവും നടത്തി. ഇതിനെല്ലാം ആ പ്രദേശത്തെ ജനത മുഴുവൻ അച്ചനോടൊപ്പം നിന്നു.

96ൽ അദ്ദേഹം രാജസ്ഥാനിലെ കോട്ടയിൽ പുരോഹിതനായി നിയമിതനായി. അവിടുത്തെ നാലു വർഷത്തെ പ്രവർത്തനകാലയളവിൽ ഒരു പള്ളി പണിയിച്ചു. മതഭേതമന്യേ നിരവധി പേരുടെ സങ്കടങ്ങൾക്ക് കാതോർത്തു. 2000ത്തിൽ അദ്ദേഹം സൂറത്തിലേക്ക് മാറി. അവിടെയും നാലു വർഷം പ്രവർത്തിച്ചു. പൊതുവെ ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ ഉയർന്നുകേൾക്കുന്ന 'മതം മാറ്റൽ' ആരോപണം രഞ്ജി അച്ചനെക്കുറിച്ച് ആരും പറഞ്ഞിട്ടില്ല. ആളുകളെ മതം മാറ്റുന്ന നടപടിയിലേക്ക് പോകേണ്ടതില്ല. മറിച്ച് നാം അനുഭവിക്കുന്ന സന്തോഷത്തിന്റെ കാരണം എന്തെന്ന രഹസ്യം വ്രണിത ഹൃദയവുമായി വരുന്നവരുമായി പങ്കിട്ടാൽ മതി എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

സൂറത്തിൽ നിന്ന് റാന്നി പെരുമ്പെട്ടിയിലെ അത്ത്യാൽ ശാലോം പള്ളിയിലേക്ക് മാറിയ കാലത്താണ് അച്ചന്റെ ജീവൻ തന്നെ അപകടത്തിലാക്കിയ ബൈക്കപകടം നടക്കുന്നത്. എല്ലാവരും പ്രതീക്ഷ കയ്യൊഴിഞ്ഞ ആ വേളയിൽ പരീക്ഷണാർഥം ഓപറേഷൻ നടത്താമെന്നായി ഡോക്ടർമാർ. ഓപറേഷന് 15മിനിറ്റ് മുമ്പുണ്ടായ അത്ഭുത പ്രവൃത്തി മൂലമാണ് ജീവിതത്തിലേക്ക് തിരിച്ചു വരാനായതെന്നും അത് തന്റെ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. റാന്നിയിൽ വച്ച് രഞ്ജി അച്ചന്റെ നേതൃത്വത്തിൽ നടന്ന മദ്യവർജ്ജന മതസൗഹാർദ്ദ റാലികൾ ശ്രദ്ധേയമായിരുന്നു.

2008ൽ റാന്നി അത്തിക്കയം നാറാണന്മുഴി ഇടവക ശുശ്രൂഷാ കാലവും കഴിഞ്ഞാണ് 2011 മെയ് മാസത്തിൽ അദ്ദേഹം ബഹ്‌റൈനിൽ എത്തുന്നത്.  നിതാന്തസേവനത്തിന്റെ നാലരവർഷങ്ങൾ പൂർത്തിയാക്കി മല്ലപ്പള്ളി ആനിക്കാട് സെന്റ് തോമസ് പള്ളിയിലേക്ക് സ്ഥലം മാറി പോകുമ്പോൾ ബഹ്‌റൈനെക്കുറിച്ച് നല്ലതു മാത്രമേ അച്ചന് പറയാനുള്ളൂ.

കുഞ്ഞമ്മ വർഗീസ് ആണ് രഞ്ജി അച്ചന്റെ മാതാവ്. അദ്ധ്യാപികയായ എരുമേലി കനകപ്പാലം ടെനി ആണ് ഭാര്യ. സ്‌നേഹ രഞ്ജി( മകൾ)