- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്തെ ഒമ്പത് പെൺകുട്ടികളെ ഈഴവ ചെറുപ്പക്കാർ പ്രണയിച്ചു കൊണ്ടുപോയി; ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവരായ ചെറുപ്പക്കാർക്ക് പരിശീലനം കൊടുക്കുന്നു; വീണ്ടും പ്രസംഗ വിവാദത്തിൽ കുടുങ്ങി കത്തോലിക്ക വൈദികൻ
കോട്ടയം: പാലാ ബിഷപ്പ് ഉന്നയിച്ച നാർക്കോട്ടിക് ജിഹാദ് വിവാദത്തിന്റെ അലയൊലികൾ അടങ്ങും മുമ്പ് പ്രസംഗ വിവാദത്തിൽ കുടുങ്ങി കത്തോലിക്കാ വൈദികൻ. ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനായി ഈഴവരായ ചെറുപ്പക്കാർക്ക് സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്കരിച്ച് പരിശീലനം കൊടുക്കുന്നുണ്ടെന്ന് സിറിയൻ കത്തോലിക്ക വൈദികനും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയി കണ്ണൻചിറ ആരോപിച്ചു.
ശനിയാഴ്ച ചങ്ങനാശേരി അതിരൂപതയ്ക്ക് കീഴിലെ സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന് ഈഴവ ഗൂഢാലോചന ഉണ്ടെന്ന് ഫാദർ റോയി കണ്ണൻചിറ ആരോപിച്ചത്. വൈദികന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
'കോട്ടയത്തെ ഒരു സിറോ മലബാർ ഇടവകയിൽ നിന്ന് ഒമ്പതു പെൺകുട്ടികളെ ഒരു മാസത്തിനിടെ തട്ടിക്കൊണ്ടുപോയത് ഈഴവരാണ്. ഇതിനായി ഈഴവരായ ചെറുപ്പക്കാർക്ക് സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്കരിച്ച് പരിശീലനം കൊടുക്കുന്നുണ്ട്. ശത്രുക്കളുടെ മുന്നൊരുക്കത്തിന്റെ പത്തിലൊന്ന് പോലും നമുക്ക് ഒരുക്കാൻ കഴിയുന്നില്ല' എന്നുമാണ് ഫാദർ റോയി കണ്ണൻചിറ ക്ലാസിൽ പറഞ്ഞത്. ഈ പ്രസംഗമാണ് വിവാദത്തിന് ആധാരം. സോഷ്യൽ മീഡിയയിൽ പ്രസംഗ വീഡിയോ എത്തിയതോടെ കടുത്ത വിമർശനങ്ങളാണ് വൈദികനെതിരെ ഉയരുന്നത്.
2003 മുതൽ ദീപിക ബാലസഖ്യം ഡയറക്ടറാണ് ഫാദർ റോയി കണ്ണൻചിറ. കൊച്ചേട്ടൻ എന്ന പേരിൽ കുട്ടികളോട് സംവദിക്കുന്ന പംക്തി ദീപികയിൽ റോയി കണ്ണൻചിറ കൈകാര്യം ചെയ്യുന്നുണ്ട്. കുട്ടികളുടെ ദീപികയുടെ ചീഫ് എഡിറ്റർ, ചിൽഡ്രൻസ് ഡൈജസ്റ്റ് ഇംഗ്ലീഷ് മാസികയുടെ അസോസിയേറ്റ് എഡിറ്റർ എന്നീ ചുമതലകളും ഇയാൾ വഹിക്കുന്നുണ്ട്.
നേരത്തെയും കത്തോലിക്ക സഭ സമാനമായ വിദേഷ പ്രചരണം നടത്തിയിരുന്നു. ഇടുക്കി രൂപതാ മെത്രാനായിരുന്ന മാത്യു ആനിക്കുഴിക്കാട്ടിലായിരുന്നു നേരത്തെ സമാനമായ ആരോപണം ഉന്നയിച്ചത്. മുസ്ലിങ്ങൾക്ക് പുറമെ എസ്.എൻ.ഡി.പിക്കും കത്തോലിക്ക പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കല്ല്യാണം കഴിക്കാനുള്ള ഗൂഢപദ്ധതികളുണ്ടെന്നായിരുന്നു ഇയാളുടെ ആരോപണം.
ഇതിന് പിന്നാലെ ബിഷപ്പ് ഹൗസിലേക്ക് എസ്.എൻ.ഡി.പി പ്രവർത്തകർ പ്രതിഷേധ ജാഥ നടത്തുകയും തുടർന്ന് അന്നത്തെ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കൽ കണിച്ചുകുളങ്ങരയിലെത്തി ഖേദപ്രകടനം നടത്തിയിരുന്നു. ലൗ ജിഹാദിനൊപ്പം കേരളത്തിൽ നാർക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗം. കത്തോലിക്ക യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട്. ലൗ ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.
വിഷയം വിവാദമായതിന് പിന്നാലെ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ.സി.ബി.സിയും പാല രൂപതയും കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള ദീപിക ദിനപ്പത്രവും രംഗത്തുവന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ