- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടിച്ചു തിന്നാൽ എത്തിയ സങ്കടങ്ങളുടെ കടൽ ആത്മാവിനെ കരയിച്ചപ്പോൾ ഞാൻ കവിയായി; 3000ഗാനങ്ങൾ എഴുതി മലയാളത്തിലെ ക്രിസ്തീയ ഭക്തിഗാന ശാഖയുടെ കാരണവരായി വിലസുന്ന ഫാ ഷാജി തുമ്പേച്ചിറ ഈ ക്രിസ്മസിന് മറുനാടൻ വായനക്കാരോട് മനസ്സ് തുറക്കുമ്പോൾ
ലണ്ടൻ: ''ആരാധിക്കുന്നേ ഞങ്ങൾ ആരാധിക്കുന്നേ, ആത്മനാഥൻ യേശുവിനെ...'' യേശുദാസിന്റെ ശബ്ദത്തിൽ പള്ളിമേടകളിൽ നിന്നും പുലർച്ചെ ഒഴുകി എത്തിയിരുന്ന സുന്ദര ഗാനങ്ങൾ ഒരു കാലത്തു മലയാളിയുടെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. പുലർച്ചെ ചന്തയിൽ പോകാനും ആദ്യ ബസ് പിടിക്കാനും ഒക്കെ സമയം ഓർമ്മപ്പെടുത്തിയിരുന്നത് ദേവാലയ കീർത്തനങ്ങൾ ആയിരുന്നു എന്നത് ആർക്കും നിഷേധിക്കാൻ കഴിയില്ല. ആ കാലം പതുക്കെ അസ്തമിച്ചിരിക്കുന്നു. ദിവസത്തിൽ അൽപ സമയം മാത്രം കേട്ടിരുന്ന വിശുദ്ധ സംഗീതം ഇപ്പോൾ ഫുൾ ടൈം ഫോണുകളിൽ റിങ് ടോണായും പ്രത്യേക റേഡിയോ, ടെലിവിഷൻ ചാനലുകൾ വഴിയും സദാ സമയം മലയാളിയെ തേടി എത്തുന്നു. മലയാളത്തിൽ ക്രിസ്ത്യൻ ഭക്തിഗാന ശാഖക്ക് പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാധു കൊച്ചു കുഞ്ഞു ഉപദേശിയോളം പഴക്കം ഉണ്ടാകും. സഭക്ക് കേരള മണ്ണിൽ വേരുറപ്പിക്കാൻ വളക്കൂറുള്ള മണ്ണൊരുക്കി നൽകിയതിൽ ഭക്തിഗാന പ്രസ്ഥാനത്തിനും ഒട്ടും കുറവല്ലാത്ത റോൾ തന്നെയാണുള്ളത്. പാട്ടിനു ആവശ്യക്കാർ ഏറിയപ്പോൾ ഈ രംഗത്ത് വേരുറപ്പിച്ചവരുടെ എണ്ണവും കൂടി. പാട്ടെഴുതാനു
ലണ്ടൻ: ''ആരാധിക്കുന്നേ ഞങ്ങൾ ആരാധിക്കുന്നേ, ആത്മനാഥൻ യേശുവിനെ...'' യേശുദാസിന്റെ ശബ്ദത്തിൽ പള്ളിമേടകളിൽ നിന്നും പുലർച്ചെ ഒഴുകി എത്തിയിരുന്ന സുന്ദര ഗാനങ്ങൾ ഒരു കാലത്തു മലയാളിയുടെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. പുലർച്ചെ ചന്തയിൽ പോകാനും ആദ്യ ബസ് പിടിക്കാനും ഒക്കെ സമയം ഓർമ്മപ്പെടുത്തിയിരുന്നത് ദേവാലയ കീർത്തനങ്ങൾ ആയിരുന്നു എന്നത് ആർക്കും നിഷേധിക്കാൻ കഴിയില്ല. ആ കാലം പതുക്കെ അസ്തമിച്ചിരിക്കുന്നു. ദിവസത്തിൽ അൽപ സമയം മാത്രം കേട്ടിരുന്ന വിശുദ്ധ സംഗീതം ഇപ്പോൾ ഫുൾ ടൈം ഫോണുകളിൽ റിങ് ടോണായും പ്രത്യേക റേഡിയോ, ടെലിവിഷൻ ചാനലുകൾ വഴിയും സദാ സമയം മലയാളിയെ തേടി എത്തുന്നു. മലയാളത്തിൽ ക്രിസ്ത്യൻ ഭക്തിഗാന ശാഖക്ക് പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാധു കൊച്ചു കുഞ്ഞു ഉപദേശിയോളം പഴക്കം ഉണ്ടാകും.
സഭക്ക് കേരള മണ്ണിൽ വേരുറപ്പിക്കാൻ വളക്കൂറുള്ള മണ്ണൊരുക്കി നൽകിയതിൽ ഭക്തിഗാന പ്രസ്ഥാനത്തിനും ഒട്ടും കുറവല്ലാത്ത റോൾ തന്നെയാണുള്ളത്. പാട്ടിനു ആവശ്യക്കാർ ഏറിയപ്പോൾ ഈ രംഗത്ത് വേരുറപ്പിച്ചവരുടെ എണ്ണവും കൂടി. പാട്ടെഴുതാനും പാടാനും എത്ര പേര് ഉണ്ടായാലും അധികമല്ലെന്ന സ്ഥിതിയായി. പക്ഷെ ഈ ആൾക്കൂട്ടത്തിൽ മാറി നിൽക്കുന്ന ഒരാളുണ്ട്, കുട്ടനാട്ടുകാരൻ വൈദികൻ ഫാ ഷാജി തുമ്പേച്ചിറ. ഇതിനകം 3000 ലേറെ ഗാനങ്ങൾ എഴുതിക്കഴിഞ്ഞ അദ്ദേഹത്തിന്റെ പേര് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചാലും അത്ഭുതമില്ല. അദ്ദേഹത്തിന്റ ഏറ്റവും പുതിയ ക്രിസ്മസ് ഗാന ഉപഹാരമായ മഞ്ഞു ഇപ്പോൾ കേരളം മുഴുവൻ ഏറ്റുപാടാൻ തുടങ്ങിയിരിക്കെ ഈ ആൽബത്തിലെ ഒരു ഗാനം പൂർണമായും ബ്രിട്ടനിൽ വീഡിയോ ചിത്രീകരണം നടത്താനും അദ്ദേഹം തയ്യാറായി.
മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളായ വനിതയും ദീപികയും ക്രിസ്മസ് പതിപ്പുകളിൽ ഫാ ഷാജി തുമ്പേചിറയെ ഫീച്ചർ ചെയ്തതോടെ മാദ്ധ്യമ ശ്രദ്ധയിലേക്കും ഈ വൈദികൻ കടന്നുവരികയാണ്. യുകെ യിൽ ഒട്ടേറെ സ്ഥലങ്ങളിൽ പ്രാർത്ഥനയും പാട്ടുമായി എത്തിയ ഫാ ഷാജി തുമ്പേച്ചിറ നാട്ടിലേക്കു രണ്ടു ദിവസം മുൻപ് മടങ്ങും മുൻപേ തന്റെ ചിന്തകൾ ബ്രിട്ടീഷ് മലയാളി റെസിഡന്റ് എഡിറ്റർ കെ ആർ ഷൈജുമോനുമായി പങ്കുവയ്ക്കാനും തയ്യാറായി. അദ്ദേഹത്തിന്റെ ചിന്തകളിലൂടെ...
മലയാളികളുടെ ആഘോഷങ്ങൾ എന്നും മതേതരം ആയിരുന്നു, ക്രിസ്മസ് പോലും. ആ നന്മ കൈമോശം വന്നു തുടങ്ങുകയാണോ?
മനുഷ്യന്റെ നന്മ ഒരിക്കലും കൈമോശം വന്നിട്ടില്ല, അങ്ങനെ പറയാനും സാധിക്കില്ല. എല്ലാവരിലും നന്മയുണ്ട്. പക്ഷെ ക്രിസ്മസ് പോലെ ഉള്ള ആഘോഷ അവസരങ്ങൾ കൂടുതൽ ജാതീയമായി എന്ന് നമുക്കു തോന്നാൻ കാരണം പണ്ടത്തെ ആഘോഷങ്ങൾ കൂട്ടായ്മയുടേത് ആയിരുന്നു. അന്ന് എല്ലാവർക്കും എല്ലാവരെയും വേണമായിരുന്നു. അതിൽ പട്ടിണിയും ദാരിദ്ര്യവും സാമ്പത്തിക ക്ലേശവും ഒക്കെ കാരണമായിരിക്കാം. ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നു. ആർക്കും ആരെയും വേണ്ടതായിരിക്കുന്നു. അപ്പോൾ ആഘോഷങ്ങളും നമ്മിലേക്ക് ചുരുങ്ങി എന്നതാണ് സത്യം. പണ്ട് ആഘോഷങ്ങൾ അയൽവീടുകളുടേതു കൂടിയായിരുന്നു. ഇന്ന് സ്വന്തം വീട്ടിൽ ഒറ്റയ്ക്കായി എല്ലാവരുടെയും ആഘോഷം. ഇതിനു പുറമെ വേറെയും ഒരുപാടു കാരണങ്ങൾ ഉണ്ടാകാമായിരിക്കും. എങ്കിലും മനുഷ്യ നന്മ ഇന്നും കോട്ടം തട്ടാതെ നിലനിൽക്കുന്നു എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം.
താങ്കളുടെ മനസ്സിലെ നിറമുള്ള ക്രിസ്മസ് ഓർമ്മകൾ?
എന്റെ മനസ്സിലെ ക്രിസ്മസിൽ ഏറ്റവും നിറമുള്ളതു ഇപ്പോൾ നമ്മൾ പറഞ്ഞത് പോലെ പണ്ടത്തെ ക്രിസ്മസ് തന്നെയാണ്. കൂട്ടം ചേർന്നുള്ള അന്നത്തെ കരോൾ പോക്ക് ഒക്കെ ഒരു ഉത്സവം തന്നെ ആയിരുന്നു. രാത്രി എട്ടു മണിമുതൽ പുലർച്ചെ രണ്ടു മൂന്നു മണി വരെ ഓരോ വീടും കയറി ഇറങ്ങിയുള്ള ആ കരോൾ വരവിൽ കപ്പ പുഴുക്കും കാപ്പിയും ഒക്കെ ഇഷ്ടം പോലെ വന്നുകൊണ്ടിരിക്കും. ആ സംഘത്തിൽ നിറയെ സർഗാത്മകത ആയിരുന്നു. ആ സന്തോഷത്തെ മറികടക്കാൻ മറ്റൊരു ക്രിസ്മസ് ആഘോഷം ഉണ്ടാകില്ല.
നേരത്തെ സൂചിപ്പിച്ച മനുഷ്യ നന്മയിൽ എന്തുകൊണ്ട് ഇത്ര ഗാഢമായി വിശ്വസിക്കുന്നു, ചുറ്റിനും ക്രൂരതയുടെയും തിന്മയുടെയും വാർത്തകൾ മാത്രം കേൾക്കുമ്പോൾ?
ഞാൻ മനുഷ്യനിൽ വിശ്വസിക്കുന്നു, അതിനാൽ നന്മയിലും. നമ്മൾ എന്തു തേടി പോകുന്നോ അത് നമ്മെ തേടിവരും എന്നതാണ് തിന്മയുടെ വാർത്തകൾ കൂടുതൽ കേൾക്കാൻ കാരണം. നന്മയും ഈ ലോകത്തു സംഭവിക്കുന്നുണ്ട്, പക്ഷെ അതാരും തേടി പോകുന്നില്ല. അടിസ്ഥാനപരമായി മനുഷ്യൻ തിന്മ കാട്ടിയാലും അവനിൽ നന്മയുടെ അംശം ഒളിഞ്ഞിരിപ്പുണ്ട്. ലോകം മുഴുവൻ തെറ്റുകാർ എന്ന് വിധിയെഴുതുന്നവരിൽ പോലും നന്മ ഉണ്ടായേക്കാം. വിധിക്കാൻ നമുക്ക് യോഗ്യത ഇല്ലെന്നാണ് എന്റെ പക്ഷം.
ക്ഷമിക്കാൻ കഴിഞ്ഞാൽ നമുക്ക് നന്മയുടെ വക്താക്കളാകാൻ കഴിയും. പ്രതികാരം ചെയ്യുന്നവനോട് അതെ അളവിൽ പ്രതികരിച്ചാൽ പിന്നെന്തു കാര്യം?
പ്രതികാരം ചെയ്യരുത് എന്ന് ബൈബിളിൽ തന്നെ പറയുന്നുണ്ട്. ബുദ്ധിക്കപ്പുറമുള്ള ബുദ്ധിയാണ് ക്ഷമ. മുറിവേറ്റ മനസ് പ്രതികാരത്തിന്റെ ആഴക്കടലിൽ നീന്തും. ഒന്നുകിൽ മുങ്ങിത്താഴും, അല്ലെങ്കിൽ നീന്തിക്കയറും. നീന്തിക്കയറണമെങ്കിൽ ക്ഷമ വേണം. ഒരുപക്ഷെ മുറിവേൽപിച്ചവർ തന്നെ കൈപിടിച്ച് ഉയർത്താൻ വന്നു എന്നും വന്നേക്കാം. അതിനാൽ ആരോടും ക്ഷമിക്കാൻ പഠിക്കുക. ക്ഷമിക്കുക, ക്ഷമിക്കുക, ക്ഷമിക്കുക എന്ന് ആവർത്തിച്ചു മനസിനെ പഠിപ്പിക്കുക.
സംഗീത ജീവിതം എങ്ങനെ രൂപപ്പെട്ടു?
ഞാൻ ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ല എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഈശ്വര കൃപയാൽ 3000 ലേറെ ഗാനങ്ങൾ എഴുതാൻ കഴിഞ്ഞു. വേദനയുടെ ലോകമാണ് എന്നെ സംഗീത ലോകത്തു എത്തിച്ചത്. എടുത്തു പറയാൻ പ്രത്യേക സംഭവം ഇല്ല. എന്നാൽ സങ്കടങ്ങളുടെ ഒരു കടൽ തന്നെ എന്നിൽ രൂപപ്പെട്ടിരുന്നു എല്ലാ മനുഷ്യരെയും പോലെ ഉള്ള സങ്കടങ്ങൾ. അത് ആത്മാവിന്റെ കരച്ചിലായി മാറി. ഇംഗ്ലീഷ് പറയുമ്പോൾ മെറ എന്ന വാക്കിന് ഫുൾനെസ് എന്ന അർഥം കൂടി ഉണ്ടാകുന്നുണ്ട്. വേദനയിൽ നിന്നാണ് മിക്കവാറും പേരുടെയും എഴുത്തുകൾ സംഭവിക്കുന്നത്. അപ്പോൾ അതിനു കൂടുതൽ മനോഹാരിതയും അർത്ഥവും ഉണ്ടാകുന്നു. എന്റെ വീട്ടിൽ 12 മക്കൾ ഉണ്ടായിരുന്നതിനാൽ ചെറുപ്പത്തിലേ വിശപ്പ് പോലും വേദനയായി എന്നിൽ രൂപപ്പെടുക ആയിരുന്നു.
ശ്രദ്ധിക്കപ്പെടാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാകുക സ്വാഭാവികം. ഏതാനും വർഷം മുൻപ് താങ്കൾ നടത്തിയ ഒരു ഗ്രാമം ഒന്നാകെ കൂടെ ചേർന്ന കുരിശിന്റെ വഴി മാദ്ധ്യമ ശ്രദ്ധയിൽ എത്തിയത് ഇതുപോലാണോ? അല്ലെങ്കിൽ എന്തുകൊണ്ട് വീണ്ടും നടത്തിയില്ല?
(മുൻകോപി എന്നറിയപ്പെടുന്ന അച്ചനെ ശുണ്ഠി പിടിപ്പിക്കുക എന്ന ഉദ്ദേശം ആയിരുന്നെകിലും അദ്ദേഹം സമചിത്തത കളയാതെ ഉത്തരം നൽകി) ഞാൻ ശ്രദ്ധിക്കപ്പെടാൻ വേണ്ടി ഒരു കാര്യവും ചെയ്തിട്ടില്ല, ചെയ്യുകയും ഇല്ല. ഇപ്പോൾ പറഞ്ഞ കുരിശിന്റെ വഴി ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഈര എന്ന ഗ്രാമത്തിൽ സംഭവിച്ചതാണ്. എങ്ങനെയോ അത് മാദ്ധ്യമങ്ങൾ വലിയ വാർത്തയാക്കി. അന്ന് വലിയ മര കുരിശു ചുമക്കാൻ തയ്യാറായ ആളെ പോലും നേരത്തെ നിശ്ചയിച്ചതല്ല, ആ സമയത്തു എങ്ങനെയോ ഒരാൾ തയ്യാറാവുക ആയിരുന്നു. ആ ഗ്രാമവും അവിടുത്തെ ആളുകളും എന്നും എന്നെ ഇഷ്ടപ്പെടുന്നവരാണ്, ഞാൻ അവരെയും. ഇപ്പോൾ ഇംഗ്ലണ്ടിൽ നിന്നും മടങ്ങുന്നതും അവരുടെ അടുത്തേക്കാണ്, ക്രിസ്മസ് ആഘോഷവും അവിടെയാണ്.
ഞാൻ ശ്രദ്ധിക്കപ്പെടാൻ എന്തെങ്കിലും ചെയ്യുന്ന ആൾ ആയിരുന്നെകിൽ ഇതിനു മുന്നേ അത് ചെയ്യുമായിരുന്നു. ഇത്രയധികം പാട്ടുകൾ ആത്മീയ രംഗത്ത് എഴുതിയ ആൾ വേറെ ഉണ്ടോ എന്നത് സംശയമാണ്. പക്ഷെ അത് മാർക്കറ്റിങ് ചെയ്യാൻ ഞാൻ ശ്രമിച്ചിട്ടില്ല. എന്റെ ഇന്റെൻഷൻ ശ്രദ്ധിക്കപ്പെടുക എന്നതല്ല. മൂന്നു കിലോമീറ്റർ താണ്ടിയുള്ള ആ കുരിശിന്റെ വഴി പിന്നെയും മുടക്കമില്ലാതെ നടത്തിയിട്ടുണ്ട്, എന്തുകൊണ്ടോ മാദ്ധ്യമ ശ്രദ്ധ കിട്ടാതെ പോയതാകാം. മറിയം തന്നെ ബൈബിൾ പ്രകാരം മറഞ്ഞു നിന്നവളാണ്, പക്ഷെ ദൈവത്തിനു ഏറ്റവും ഇഷ്ടപെട്ടവളും. ബഹളം കാണിച്ചു മുന്നിൽ നിൽക്കുന്നതിലും മറഞ്ഞു നിന്ന് ഈശ്വര സേവാ ചെയ്യുന്നതിലാണ് ഞാൻ സന്തോഷം കണ്ടെത്തുന്നത്.
വിദേശങ്ങളിലും മറ്റും ധ്യാനങ്ങൾ കൂടുന്നു എന്ന പരാതിയുണ്ട്. താങ്കളും ധ്യാനം നടത്തുന്ന ആളാണ്. ഇതിൽ കള്ളനാണനയങ്ങൾ ഉണ്ടെന്ന ആരോപണത്തെ എങ്ങനെ കാണുന്നു?
ഇതിൽ കൃത്യമായ ഉത്തരം നൽകുക പ്രയാസം ആണെങ്കിലും തൃപ്തികരമായ വിശദീകരണം നൽകാൻ സാധിക്കും. എല്ലാത്തിലും വ്യത്യാസങ്ങൾ ഉള്ളത് പോലെ ഈ രംഗത്തും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. ഒന്നിനെയും തള്ളിപ്പറയാൻ നാം ആളല്ല. ഒരു കാര്യത്തിലും പൂർണത ആർക്കെങ്കിലും അവകാശപ്പെടാൻ കഴിയുമോ? എത്രയോ കുറവുള്ളവരാണ് നാം മനുഷ്യർ. എന്താണ് തേപ്പു പെട്ടിയുടെ വിശദീകരണം? ഉള്ളിൽ തീയുമായി നടന്നു മറ്റൊന്നിനെ തേച്ചു മിനുക്കുക. സ്വയം സഹനം സഹിച്ചു മറ്റൊന്നിനെ നിർമ്മലീകരിക്കുക. കള്ളനാണയങ്ങൾ എന്നൊക്കെ എങ്ങനെ നമുക്ക് സ്വയം വിധിക്കാൻ കഴിയും? കുറ്റം വിധിക്കപ്പെടുന്നവർക്കു വേണ്ടിയും പ്രാർത്ഥിക്കുക എന്നതാണ് ചെയ്യേണ്ടത്.
ധ്യാനങ്ങളുടെ പേരിൽ പണപ്പിരിവോ അഥവാ പണം ലക്ഷ്യമാക്കിയോ നടത്തുമ്പോൾ ഇങ്ങനെ ഒരു ആരോപണം ഉണ്ടായാലോ?
ഉദ്ദേശ്യ ശുദ്ധിയിൽ കുറവുണ്ടായാൽ ചോദ്യം ചെയ്യപ്പെടാം. എന്നാൽ പണത്തിനു വേണ്ടി ആരെങ്കിലും ധ്യാനം നടത്തും എന്ന് ഞാൻ കരുതുന്നില്ല, അങ്ങനെ ഉണ്ടാകാനും പാടില്ല.
വൈദികർക്ക് പണം ആവശ്യമാണോ?യുകെയിൽ നിന്നും മറ്റും മടങ്ങുമ്പോൾ സംഭാവന സ്വീകരിക്കുന്നതിൽ നിന്നുമാണ് ഇങ്ങനെ ഒരു സംശയം ഉടലെടുക്കുന്നത്?
വൈദികരും മനുഷ്യരാണ് എന്ന് മനസ്സിലാകുക. അവർക്കും നിശ്ചയമായും പണം ആവശ്യമുണ്ട്. എന്നാൽ ഒരു വൈദികൻ പണം വാങ്ങുന്നത് തെറ്റാണു എന്ന് പറയുന്നതിൽ കാര്യം ഇല്ല. ആ പണം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാതെ മറ്റുള്ളവർക്കായി പങ്കു വയ്ക്കപ്പെട്ടാൽ അതിലും വലിയ നന്മ വേറെ ഉണ്ടോ. എന്റെ സഹോദരനായ വൈദികൻ ഇത്തരത്തിൽ സേവനം ചെയ്യുന്ന ആളാണ്. അദ്ദേഹം സഹായിച്ചിരിക്കുന്ന മനുഷ്യർക്ക് എണ്ണമില്ല എന്നതാണ് സത്യം. അങ്ങനെ പങ്കു വയ്ക്കപ്പെടുമ്പോൾ ആണ് പൂർണത ഉണ്ടാകുന്നതു. അഥവാ ആ കൃത്യം അപൂർണമായി അവശേഷിക്കുന്നു.
വൈദികർക്ക് ലഭിക്കുന്ന സമ്മാനം പണമാകാം, വസ്ത്രമാകാം, മറ്റു പലതുമാകാം. പക്ഷെ അത് മറ്റുള്ളവർക്കായി പങ്കുവയ്ക്കുകയാണ് സാധാരണ കണ്ടു വരുന്നത്. ഉദാഹരണമായി ഒരു ഫുട്ബാളിൽ വെള്ളം നനഞ്ഞാൽ അത് പൊടുന്നനെ ഉണങ്ങും. എന്നാൽ ഒരു സ്പോഞ്ചിൽ വെള്ളം നിറഞ്ഞാൽ അതിന്റെ സുഷിരങ്ങൾ വഴി നമുക്കു പിഴിഞ്ഞെടുക്കാം. വെള്ളം എന്ന നന്മ നിറയുവാൻ ഉള്ള വിടവ് സ്പോഞ്ചിൽ ഉള്ളതുകൊണ്ടാണ് നമുക്ക് വെള്ളം പിഴിഞ്ഞെടുക്കാൻ സാധിക്കുന്നത്.
സഭയിൽ ധൂർത്തും ആഡംബരവും ഏറുകയാണോ, ഇവിടെ ആധ്യാത്മികത വിൽക്കപ്പെടുകയാണോ?
ലൗകികതയുടെ പ്രസരത്തിൽ നിന്നും തന്നെയാണ് ആധ്യാത്മികത ഉണ്ടാകുന്നത്. കടലിൽ തിര ഉള്ളതാണ് കടലിനെ സജീവമാക്കുന്നത്. തിരകളുടെ ബാഹുല്യം എന്നും ഉണ്ടായിരുന്നു. അതിൽ ഏറ്റക്കുറച്ചിൽ ഒന്നുമില്ല. എന്നത് പോലെ സഭയിൽ ആഡംബരം കൂടി എന്നൊന്നും പറയാൻ പറ്റില്ല. മനുഷ്യന്റെ മനസിനെ അവൻ തന്നെ ദുഷിപ്പിക്കുകയാണ്. ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചതിൽ ദൈവം പരിതപിച്ചിരുന്നു എന്നും ബൈബിളിൽ ഒരിടത്തു പറയുന്നുണ്ട് സത്യം എക്കാലവും ജയിക്കുന്നുണ്ട്. നമ്മൾ എവിടെയും നെഗറ്റീവ് ആയ കാര്യങ്ങൾ തേടി പോയാൽ അത് മാത്രമേ കാണൂ. കരിയും പുകയും നിറഞ്ഞ മുറിയിൽ നമ്മൾ ഏറെ നേരം കഴിഞ്ഞു വന്നാൽ സ്വാഭാവികമായും മുഖത്ത് കരി ഉണ്ടാകും, കണ്ണാടിയിൽ നോക്കിയാൽ അതേ കാണാൻ കഴിയൂ. എന്നാൽ മുഖം കഴുകി നോക്കൂ, കരിയും പുകയും പോകുന്നത് പോലെയാണ് കാര്യങ്ങൾ. പോസിറ്റിവായി നോക്കിയാൽ നന്മയുടെ കാഴ്ചകൾ ആവോളം കാണാൻ കഴിയും.
പ്രാർത്ഥന ലളിതമായിരിക്കണം എന്നുണ്ടോ? അടുത്ത കാലത്തായി പ്രാർത്ഥനകൾ ശബ്ദഘോഷമായി മാറുന്നു എന്ന കുറ്റപ്പെടുത്തൽ ഏറുകയാണല്ലോ?
ഇവിടെയും നമ്മൾ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങൾ. ചിലർക്ക് നിശബ്ദമായി പ്രാർത്ഥിക്കാൻ ആണ് ഇഷ്ടം. അവർക്കു ശബ്ദം കൂടിയാൽ സഹിക്കാൻ പറ്റില്ല, ഇതാണോ പ്രാർത്ഥന എന്ന് ചോദിച്ചു പോകും. മറ്റു ചിലർക്ക് അൽപം ശബ്ദ ഘോഷം ഉണ്ടായാലേ ഒരു നിർവൃതി ഉണ്ടാകൂ. അവർക്കു നിശബ്ദ പ്രാർത്ഥന ഉൾക്കൊള്ളാൻ ആകില്ല. ഇവിടെയും ബൈബിൾ അടിസ്ഥാനമാക്കാം. ഒരിടത്തു പറയുന്നു, കൊടുംകാറ്റ് കടന്നു പോയി, ഇടിമുഴക്കം കടന്നു പോയി, ദൈവമില്ല, എന്നാൽ നേർത്ത ശബ്ദം കേട്ടു, അവിടെ ശാന്തതയിൽ ദൈവം ഉണ്ട്. മറ്റൊരിടത്തു പറയുന്നു, തപ്പു കൊട്ടി, പത്തു കമ്പികൾ കാഹളമൂതി സ്തുതിക്കുക. അതായതു രണ്ടു ഭാവങ്ങളാണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്.
ആത്മീയത വിൽക്കപ്പെടുന്നു എന്നതിനെ അങ്ങ് എങ്ങനെ കാണുന്നു?
ഒരിക്കലും അങ്ങനെ സംഭവിക്കുന്നില്ല. നമുക്ക് ഉള്ളതിൽ ഏറ്റവും നല്ലതല്ലേ നാം ദൈവത്തിനു കൊടുക്കുക. ദൈവത്തിനു വേണ്ടി പള്ളിയിൽ കൊടുക്കുന്ന കപ്പയോ തേങ്ങയോ കോഴിയോ എന്തുമാകട്ടെ, നല്ലതേ നാം കൊടുക്കൂ. ഏറ്റവും നല്ലതു കൊടുക്കുവാന് ആണ് ഏവരും ആഗ്രഹിക്കുക. അപ്പോൾ കയ്യിൽ പണം ഉള്ളവൻ തന്റെ ധനസ്ഥിതി അനുസരിച്ചു കൊടുക്കും. അപ്പോൾ അതില്ലാത്തവൻ അതിനെ കുറ്റം പറയും. പണം കൊടുത്തു ദൈവത്തെ വിലയ്ക്കെടുത്തു എന്നാകും പറച്ചിൽ. അങ്ങനെ ഒന്നും ദൈവത്തെ കയ്യിലെടുക്കാൻ കഴിയില്ല, എന്നാൽ തനിക്കു ഉള്ളതിൽ നല്ലതു ദൈവത്തിനു കൊടുക്കുന്നു എന്നൊരാൾ തീരുമാനിച്ചാൽ അതിനെ തടയാനും കഴിയില്ല.
സഭ രാഷ്ട്രീയ ഇടപെടൽ നടത്തുന്നു എന്നതാണ് ഇപ്പോൾ കേൾക്കുന്ന പ്രധാന വർത്തമാനം. സഭയ്ക്ക് രാഷ്ട്രീയം ആവശ്യമുണ്ടോ?
തീർച്ചയായും. രാഷ്ട്രീയം എന്നത് രാഷ്ട്രത്തെ സംബന്ധിച്ച് എന്ന അർത്ഥത്തിൽ സഭയ്ക്ക് രാഷ്ട്രീയം ആവശ്യമാണ്. എന്തിനു മാറി നിൽക്കണം? എല്ലാ മതങ്ങളും രാഷ്ട്ര സേവകരായി പ്രവർത്തിക്കണം. പക്ഷെ അത് മറ്റുള്ളവരെ വേദനിപ്പിക്കാൻ കാരണമായി മാറുമ്പോൾ ആണ് എതിർപ്പുകൾ ഉണ്ടാകുന്നതു. അത് സംഭവിക്കാതിരിക്കാൻ നോക്കണം. ആശയപരമായി എനിക്ക് മാർക്സിസ്റ്റ് സിദ്ധാന്തത്തോട് യോജിക്കാൻ കഴിയില്ല. ( ഇത് പറയുമ്പോൾ അർഥം മാറിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം എന്ന് ഫാ ഷാജി പലവട്ടം ഓർമ്മിപ്പിച്ചിരുന്നു) എന്നാൽ നാട്ടിലും മറ്റും മാർക്സിറ്റ് പ്രവർത്തകരുമായി ഏറെ അടുപ്പം കാത്തു സൂക്ഷിക്കുന്ന ആളാണ് ഞാൻ. ഏറ്റവും സഹകരണം ലഭിക്കുന്ന തരത്തിലുള്ള ബന്ധം അവരുമായി ഉണ്ടുതാനും. ഇന്നേവരെ അവരുമായി ഒരു തരത്തിലും ഏറ്റുമുട്ടേണ്ടി വന്നിട്ടില്ല. അപ്പോൾ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായാൽ പോലും അത് മറ്റൊരാളെ ബുദ്ധിമുട്ടിക്കാതെ നമ്മുക്ക് കൈകാര്യം ചെയ്യാൻ കഴിയും എന്നതാണ് എന്റെ അനുഭവം.
ആത്മീയതയിൽ സംഗീതം സ്വാധീനം ചെലുത്തുന്നത് പോലെ മറ്റു കലകൾക്ക് സ്വാധീനം ചെലുത്താൻ കഴിയുന്നില്ല, ഏതെങ്കിലും കലയെ മാറ്റി നിർത്തപ്പെടുന്നതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്?
കലയുടെ വിശുദ്ധിയിൽ ഈശ്വര അംശം തന്നെയാണ് സൃഷ്ടിക്കപ്പെടുന്നത്. സംഗീതം പോലും ആത്മീയമായി ഉയർത്തപ്പെടണം എന്നില്ല. എല്ലാ മേളവും ആസ്വദിക്കാൻ പറ്റുമെങ്കിലും ക്ഷേത്രങ്ങളിൽ പോലും ചെണ്ടയും തായമ്പകയും ഒന്നും ശ്രീകോവിൽ മേളമായി മാറുന്നില്ലല്ലോ. അപ്പോൾ ഉപയോഗം എങ്ങനെ ആയിരിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തിയാകും കലയിലും ആത്മീയത നിറയുക. അതിന്റെ എസ്സൻസിൽ മനുഷ്യ മനസ്സിനെ സ്വാധീനിക്കാനും കഴിയണം. കല ഒരുക്കുന്ന സംവേദനത്തിനു ഒരു നിയത രൂപമുണ്ട്, അത് ലംഘിക്കപ്പെടാതിരിക്കാനും ശ്രമിക്കണം.
ദൈവത്തിന് മനുഷ്യന്റെ മഹത്വപ്പെടുത്താൽ ആവശ്യമുണ്ടോ?
ഒരിക്കലുമില്ല. സൂര്യൻ പ്രകാശിക്കുന്നത് ലോകത്തിനു മുഴുവൻ വേണ്ടിയാണു. നിങ്ങളുടെ മുറിയിൽ ഇരുട്ട് നിറഞ്ഞാൽ പ്രകാശം പരത്താൻ കതകു തുറക്കൂ എന്ന് സൂര്യൻ പറയുന്നില്ല. മറിച്ചു നിങ്ങൾ കതകു തുറക്കുമ്പോൾ സ്വാഭാവികമായും വെളിച്ചം മുറിയിൽ നിറയുന്നു, പകരം ഒന്നും കൊടുക്കാതെ.
മനുഷ്യനു മുന്നിൽ തല കുനിക്കേണ്ട കാര്യമില്ല എന്ന് മുൻപൊരിക്കൽ അങ്ങ് പറഞ്ഞിട്ടുണ്ട്. എങ്കിൽ പ്രധാനമന്ത്രിയുടെയോ ബിഷപ്പിന്റെയോ മുന്നിൽ തല കുനിക്കാണോ, അവരും മനുഷ്യരല്ലേ?
മനുഷ്യന്റെ മുന്നിൽ കുനിക്കണ്ട, പക്ഷെ ദൈവത്തിനു മുന്നിൽ കുനിക്കണം എന്ന് പരാമർശിക്കുന്ന ഭാഗത്തു നിന്നുമാണ് ഈ ചോദ്യം അടർത്തി എടുത്തിരിക്കുന്നത്. അതിനെ അതേ അർത്ഥത്തിൽ കാണണ്ട. പ്രധാനമന്ത്രിയും ബിഷപ്പും വെറും മനുഷ്യരായി കാണണ്ട, അവർ സമൂഹത്തിന്റെ പ്രതിനിധികളാണ്, അവരുടെ പദവിയെ ആണ് നാം തല കുനിച്ചു വണങ്ങുന്നത്. അവരെ ബഹുമാനിക്കുമ്പോൾ നമ്മുടെ അഹങ്കാരമാണ് ഇല്ലാതാകുന്നത്. തല കുനിക്കേണ്ടിടത്തു തല കുനിക്കുക തന്നെ വേണം.
താങ്കളുടെ ഏറ്റവും വലിയ കുറവ് എന്ത്? വൈദികൻ ആയിരുന്നില്ലെങ്കിൽ ആരായി മാറിയേനെ?
ഒട്ടേറെ കുറവുകൾ ഉള്ള മനുഷ്യന് ആണ് ഞാൻ. എങ്കിലും മുൻകോപമാണ് ഞാൻ തന്നെ തിരിച്ചറിയുന്ന ഏറ്റവും വലിയ കുറവ്. ഒരു കാരണവും ഇല്ലാതെ പൊട്ടിത്തെറിക്കും. അടുത്തകാലത്തായി ഈ ശീലത്തിന് കുറവുണ്ട്. ഡ്രൈവ് ചെയ്യാൻ അറിയില്ല. അങ്ങനെ കുറവുകൾ അനേകമാണ്. വൈദികൻ ആയിരുന്നെകിലും സാമൂഹ്യ സേവനം ആവശ്യമായ ഏതെങ്കിലും മേഖലയിൽ ആയിരുന്നേനെ എന്റെ പ്രവർത്തനം. ഒരു സാമൂഹ്യ മാറ്റത്തിനായി എന്റെ മനസ് പ്രവർത്തിച്ചേനേ.
കർഷക തൊഴിലാളികളും സാധാരണക്കാരുമായി 74 കുടുംബങ്ങൾ മാത്രമുള്ള കുട്ടനാട്ടിലെ ഈര എന്ന ഗ്രാമമാണ് ഫാ ഷാജിയുടെ പ്രവർത്തന കേന്ദ്രം. കഴിഞ്ഞ 10 വർഷമായി അദ്ദേഹം ഈ ഗ്രാമത്തിൽ വരുത്തിയ മാറ്റം അത്ഭുതകരമാണ്. വെറും ഓടുമേഞ്ഞ ഷെഡ് പോലുള്ള ദേവാലയം ഇന്ന് മദർ ഓഫ് ഫാർമേഴ്സ് എന്ന പേരിൽ കലാസൃഷ്ടികളും ഉദ്യാനവും അടക്കം മനോഹരമായ പള്ളിയായി മാറിയിരിക്കുന്നു. ഗ്രാമത്തിൽ സാമ്പത്തികമായും സാംസ്കാരികമായും ഫാ ഷാജി നടത്തിയ പ്രവർത്തനങ്ങൾ മത ജാതി വിത്യാസമില്ലാതെ സർവരുടെയും ആദരം ഏറ്റുവാങ്ങാൻ കൂടി കാരണമായിരിക്കുന്നു. പ്രകൃതി സുന്ദരമായ ഈ നാടിനു മനോഹാരിത കൂട്ടുവാൻ എത്തിയ ശിൽപിയെ പോലെയാണ് ഇപ്പോൾ ഫാ ഷാജിയെ നാട്ടുകാർ സ്നേഹിക്കുന്നതും ഹൃദയത്തിൽ സൂക്ഷിക്കുന്നതും.