കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാർത്ഥി നിർണയത്തോടെ സജീവ ചർച്ചയായിരിക്കുന്നത് സഭയിലെ രാഷ്ട്രീയമാണ്. എറണാകുളം - അങ്കമാലി അതിരൂപതയിലെ തർക്കങ്ങളാണ് ഇപ്പോൾ ജോ ജോസഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ പുറത്തുവന്നിരിക്കുന്നത്. കർദിനാളിന്റെ സ്ഥാനാർത്ഥിയാണ് ജോ ജോസഫെന്നാണ് ഒരു വിഭാഗം ഉയർത്തുന്ന വാദം. അതേസമയം ഇതിനെ തള്ളിക്കൊണ്ട് മറുവിഭാഗവും രംഗത്തുവന്നു. ഇതിനിടെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സഭയെ ചുറ്റിപ്പറ്റി പാർട്ടികൾ നടത്തുന്ന വാക്പോരിനെതിരേ കെ.സി.ബി.സി. മുൻവക്താവ് ഫാദർ വർഗീസ് വള്ളിക്കാട്ട് രംഗത്തുവന്നു.

മതേതരത്വം പ്രസംഗിക്കുകയും മതം വെച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിൽനിന്നുള്ള തിരിച്ചുപോക്കെന്നാണ് വിമർശനം. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞദിവസം തൃക്കാക്കരയിലെ ഇടതുസ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ചില ആക്ഷേപങ്ങൾ ഉയർന്നിരുന്നു. വൈദികന്റെ അടക്കം സാന്നിധ്യത്തിൽ സ്ഥാനാർത്ഥിയെ അവതരിപ്പിച്ചതിൽ വിമർശനവും ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഫാദർ വർഗീസ് വള്ളിക്കോട്ടിന്റെ കുറിപ്പ്.

ഇടതു സ്ഥാനാർത്ഥി നിർണയത്തിൽ ബാഹ്യഇടപെടലുണ്ടെന്ന ആരോപണം പ്രതിപക്ഷവും ഉന്നയിച്ചിരുന്നു. സീറോ മലബാർ സഭയുടെ മുൻവക്താവ് ഫാദർ പോൾ തേലക്കാട്ട് കഴിഞ്ഞ ദിവസം ഇതിനെതിരേ വിമർശനം ഉന്നയിച്ചിരുന്നു. സീറോ മലബാർ സഭയിൽ മാത്രമല്ല, മറ്റ് ക്രൈസ്തവസഭകളിലും വിഷയം ചർച്ചയായിട്ടുണ്ട്.

ഫാദർ വർഗീസ് വള്ളിക്കാട്ടിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

തെരഞ്ഞെടുപ്പടുക്കുമ്പോൾ ചില രാഷ്ട്രീയക്കാർ സഭയേയും പുരോഹിതരെയും സഭകൾക്കുള്ളിലെ പടലപ്പിണക്കങ്ങളെയും കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു... ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിലും വികസന സാധ്യതകളിലും തങ്ങൾ സ്വീകരിക്കാനുദ്ദേശിക്കുന്ന നിലപാടുകളും സമീപനങ്ങളും പരിപാടികളുമല്ലേ യഥാർത്ഥത്തിൽ അവർ വിശദീകരിക്കേണ്ടത്?

ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഷ്ട്രീയ പാർട്ടികൾ നിർവഹിക്കേണ്ട പങ്ക് ജാതി മത സമുദായ ശക്തികളെ ഏൽപ്പിക്കുന്ന ഏർപ്പാട്, എളുപ്പവഴിയിൽ ക്രിയ ചെയ്യാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ശ്രമത്തിന്റെ ഭാഗമാണ്. രാഷ്ട്രീയ പാർട്ടികളിൽ വന്നിട്ടുള്ള ഇത്തരം അപചയമാണ് സമൂഹത്തിൽ വർഗീയതയും സാമുദായിക സ്പർദ്ധയും വളർത്തുന്നത്. മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിൽനിന്നുള്ള തിരിച്ചു പോക്കാണ്, പുരാതന പ്രാകൃത ഗോത്ര ജീവിതത്തിലേക്കും മതരാഷ്ട്ര ഫാസിസത്തിലേക്കുമുള്ള തിരിച്ചു പോക്ക്.

മതത്തിനും സമുദായങ്ങൾക്കുമുപരി, മനുഷ്യരുടെയും സമൂഹത്തിന്റെയും പൊതു നന്മ എന്ന ലക്ഷ്യം മുൻനിർത്തി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ രൂപപ്പെടുത്താൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകണം. എളുപ്പ വഴിയിൽ ക്രിയ ചെയ്യുന്നവരെ ഒഴിവാക്കി സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള പ്രബുദ്ധത കേരളത്തിലെ വോട്ടർമാർക്കുണ്ട് എന്നത് എല്ലാവരും ഓർക്കണം

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയായ ഡോ. ജോ ജോസഫിനെ വൈദികർക്കൊപ്പം അവതരിപ്പിച്ച നടപടിക്കെതിരെ ഫാദർ വർഗീസ് വള്ളിക്കാട്ടിൽ ഇന്നലെയും രംഗത്തുവന്നിരുന്നു. സിപിഎം ഒരു ബ്രാൻഡിംഗിനാണ് ഇതുവഴി ശ്രമിച്ചതെങ്കിൽ അത് ശരിയായ നടപടിയല്ല. നാളിതുവരെ കേരളത്തിൽ കണ്ടുവന്ന നടപടിയല്ല ഇതെന്നുമാണ് ഫാ. വർഗീസ് വള്ളിക്കാട്ടിൽ പറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: വെര് ഒരു ബ്രാൻഡിംഗിന് ശ്രമിച്ചു എന്ന ആരോപണമുണ്ട്. അത് ശരിയാണോ തെറ്റാണോ എന്ന് അറിയില്ല. അവരുടെ രാഷ്ട്രീയം ചർച്ച ചെയ്യുകയാണ് വേണ്ടത്. അതിനകത്ത് അവരെന്താണ് തെരഞ്ഞെടുപ്പ് സമയത്ത് ഒഴിഞ്ഞ് മാറി പോകാൻ ശ്രമിക്കുന്നത്? ഒരു പ്രത്യേക രീതിയിൽ സ്ഥാനാർത്ഥിയെ ബ്രാൻഡ് ചെയ്യാൻ അവരെന്തിനാണ് ശ്രമിക്കുന്നത്? നാളിതുവരെ കേരളത്തിൽ കണ്ടിട്ടുള്ള തെരഞ്ഞെടുപ്പുകൾ അത്തരം പ്രവണതകളിൽ നിന്ന് വ്യത്യസ്തമാണ്. സിപിഐഎം ആണെങ്കിൽ പോലും. അത്തരം ബ്രാൻഡിംഗിന് പാർട്ടി ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് ശരിയായില്ല എന്ന് തന്നെയാണ് പറയാനുള്ളത്.

തൃക്കാക്കര ഇടത് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സ്ഥാനാർത്ഥിയെ അവതരിപ്പിച്ചത് വൈദികരുടെ സാന്നിധ്യത്തിലായിരുന്നു. ഉമ തോമസ് ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി. മെയ് 31നാണ് തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.